കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച കോടതി സിബിഐ അന്വേഷണം സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സംസ്ഥാന പോലിസിൻ്റെ അന്വേഷണം കാര്യക്ഷമമാണെന്നും സിബിഐ വേണ്ടെന്നും സർക്കാർ നാളെ കോടതിയെ അറിയിക്കും.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. പോലിസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിൻ്റെ എല്ലാ ആശങ്കയും പരിശോധിക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാടറിയിക്കുക.
നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അത് ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടികാട്ടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാൽ പൊലീസിൽ നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടർ നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു. ലോക്കൽ പൊലീസിലുള്ള പലരേയും ചേർത്താണ് പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കിയിട്ടുള്ളത്.
പ്രോട്ടോകോൾ പ്രകാരം പ്രതിയേക്കാൾ താഴെയുള്ള ഇൻസ്പെക്ടറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിയെ സംരക്ഷിക്കാനാണ് സംഘം തെളിവുകളുണ്ടാക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പ്രതി ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കണ്ണൂർ സർവകലാശാല സെനറ്റംഗം, കരിക്കുലം കമ്മിറ്റിയംഗം, കുടുംബശ്രീ മിഷൻ ഭരണസമിതിയംഗം, ജില്ലാ ആസൂത്രണസമിതി ചെയർപേഴ്സൺ എന്നീ പദവികളും വഹിക്കുന്നു.
സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്‍റെ ഭാഗമാണെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച കോടതി സിബിഐ അന്വേഷണം സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സംസ്ഥാന പോലിസിൻ്റെ അന്വേഷണം കാര്യക്ഷമമാണെന്നും സിബിഐ വേണ്ടെന്നും സർക്കാർ നാളെ കോടതിയെ അറിയിക്കും.
കണ്ണൂർ എഡിഎമ്മായിരുന്ന പത്തനംതിട്ട സ്വദേശി കെ. നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റമായതിനെ തുടർന്ന് തലേന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നാണ് പൊലീസ് കേസ്. പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏകപ്രതി പി.പി. ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്.