ആർജി കർ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടർ ഓഗസ്റ്റ് 9നാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊല്ലപ്പെട്ടത്
സി.വി. ആനന്ദ ബോസ്
കൊല്‍ക്കത്ത ആർജി കർ മെഡിക്കല്‍ കോളേജിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതിയുടെ ആരോപണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർ സി.വി. ആനന്ദ ബോസ്. മുൻ പൊലീസ് കമ്മീഷണർ വിനീത് ഗോയൽ ഗൂഢാലോചന നടത്തി കേസിൽ കുടുക്കിയതാണെന്നായിരുന്നു മുഖ്യപ്രതി സഞ്ജയ് റോയിയുടെ ആരോപണം. സഞ്ജയ് റോയിയുടെ വാദങ്ങള്‍ പരിശോധിച്ച് വസ്തുതാപരമായ വിവരങ്ങളും ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ നിലപാടും എത്രയും വേഗം അറിയിക്കണമെന്ന് ഗവർണർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി എക്സ് പോസ്റ്റിലൂടെ രാജ്ഭവൻ മീഡിയ സെൽ അറിയിച്ചു.
മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്ന് കഴിഞ്ഞദിവസം കേസിൽ വാദം നടക്കുന്നതിനിടെ സീൽദാ കോടതിയിൽ നിന്ന് കൊണ്ടുപോകുമ്പോൾ പ്രതി ആരോപിച്ചിരുന്നു. മറ്റു ഉന്നത ഉദ്യോഗസ്ഥർക്കും അതിൽ പങ്കുണ്ടെന്നും അവരിൽ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും പ്രതി പറഞ്ഞു. കേസന്വേഷണം സംബന്ധിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വിനീത് ഗോയലിനെ നേരത്തെ പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കുകയും പകരം മനോജ് കുമാർ വർമയെ നിയമിക്കുകയും ചെയ്തിരുന്നു.
Also Read: സുരക്ഷിതമായ തൊഴിലിടങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് അന്യമാകുമ്പോൾ...
ആർജി കർ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടർ ഓഗസ്റ്റ് 9നാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊല്ലപ്പെട്ടത്. രാത്രി ഡ്യൂട്ടിക്കെത്തിയ ഡോക്ടറെ പിറ്റേന്ന് കാലത്ത് സെമിനാർ ഹാളില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം കേസില്‍ വിമുഖത കാണിച്ച പൊലീസ് ഡോക്ടർമാരുടെ പ്രതിഷേധങ്ങളെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. വൈകാതെ തന്നെ സിവില്‍ വോളന്‍റിയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, ഡോക്ടറുടെ കൊലപാതകത്തിനു പിന്നില്‍ സെക്സ് റാക്കറ്റിന്‍റെ പങ്കുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പൊലീസിനെ ഉപയോഗിച്ച് മമത സർക്കാർ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതിഷേധക്കാരും കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും ആക്ഷേപമുന്നയിച്ച സാഹചര്യത്തില്‍ ഹൈക്കോടതി കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു.