പുരോഗമന ആശയങ്ങൾ കാലത്തിന് മുൻപേ സമ്മാനിച്ച എഴുത്തുകാർ വേറെ ഇല്ല...
എം.ടി. വാസുദേവന്‍ നായർ ഇല്ലാതാകുന്ന സാഹിത്യത്തെയോ സാമൂഹിക സാഹചര്യത്തെയോ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ലെന്ന് എഴുത്തുകാരി കെ.ആർ. മീര. ഭാഷയുടെ കാര്യത്തിൽ ഒത്തിരി സ്വാധീനിച്ച വ്യക്തി. 'എംടി' എന്ന രണ്ടക്ഷരം മാത്രം മതിയായിരുന്നു ഒരു പുസ്തകം വായിക്കാനും സിനിമ കാണാനും എന്ന് മീര അനുസ്മരിച്ചു.
അദ്ദേഹത്തിൻ്റെ എഴുത്തുകളിൽ എന്നും പുതുമ ഉണ്ടായിരുന്നു. ഓരോ വായനയിലും പുതിയ കാര്യങ്ങൾ ഉൾകൊള്ളാൻ ഉണ്ടായിരുന്നു. പുരോഗമന ആശയങ്ങൾ കാലത്തിന് മുൻപേ സമ്മാനിച്ച എഴുത്തുകാർ വേറെ ഇല്ല. അദ്ദേഹത്തിൻ്റെ സ്ത്രീ കഥാപാത്രങ്ങൾ ലോകത്തിനൊപ്പം നീങ്ങിയവരായിരുന്നുവെന്നും കെ.ആർ. മീര പറഞ്ഞു. പുതിയ എഴുത്തുകാരുടെ സൃഷ്ടികൾ വളരെ ശ്രദ്ധാപൂർവ്വം അദ്ദേഹം വായിക്കുമായിരുന്നു. എം.ടി ഒരു പാഠപുസ്തകം പോലെ മലയാളത്തിനു മുൻപിൽ എന്നും ഉണ്ടാകും. അദ്ദേഹത്തിൻ്റെ എഴുത്തുകൾ ഭാഷയുടെ സമഗ്രമായ വളർച്ചയെ മുന്നിൽ കണ്ടിരുന്നുവെന്നും കെ.ആർ. മീര കൂട്ടിച്ചേർത്തു.
Also Read: മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വം; എംടിക്ക് ആദരാഞ്ജലികളുമായി കമൽ ഹാസൻ
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍റ അന്ത്യം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു. ഇന്ന് വൈകിട്ട് നാല് വരെ എംടിയുടെ വസതിയായ സിതാരയില്‍ പൊതുദർശനമുണ്ടാകും. അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
Also Read: എംടി പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ശബ്ദം നൽകി, വിയോഗത്തിൽ ദുഃഖം: പ്രധാനമന്ത്രി
മലയാള സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച എം.ടിക്ക് ആദരമർപ്പിക്കാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തിന്‍റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ഇ.പി. ജയരാജന്‍, പാണക്കാട് സാദിഖലി തങ്ങള്‍, മുഹമ്മദ് റിയാസ്, നടന്‍ മോഹന്‍ലാല്‍, സംവിധായകന്‍ ഹരിഹരന്‍ എന്നിങ്ങനെ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ എം.ടിക്ക് അന്തിമോപചാരം അർപ്പിച്ചു. എം.ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Also Read: രണ്ടാമൂഴം; വ്യാസൻ്റെ മൗനങ്ങൾക്ക് എം ടി ശബ്ദം നൽകിയപ്പോൾ...