എംടിയുടെ തിരക്കഥയില്‍ 1971 ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത കുട്ട്യേടത്തി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിലാസിനി ആയിരുന്നു
സിനിമയില്‍ വലിയോരു പൂജ്യമായിരുന്ന തന്നെ ലോകമറിയുന്ന 'കുട്ട്യേടത്തി വിലാസിനി' ആക്കിയത് എം.ടി. വാസുദേവന്‍ നായരാണെന്ന് കുട്ട്യേടത്തി വിലാസിനി. മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയതായിരുന്നു വിലാസിനി. തന്നെ കുട്ട്യേട്ടത്തി വിലാസിനി ആക്കിയ വാസുവേട്ടനെപ്പറ്റി സംസാരിച്ചതും അവർ വികാരാധീനയായി.
"നാടകത്തില്‍ ഞാന്‍ വലിയ നടിയായിരുന്നു. പക്ഷേ സിനിമയില്‍ ഞാന്‍ വലിയയൊരു പൂജ്യമായിരുന്നു. കുട്ട്യേട്ടത്തി അഭിനയിച്ച ശേഷമാണ് ഞാന്‍ കുട്ട്യേടത്തി വിലാസിനി ആയത്. എന്‍റെ പേര് കോഴിക്കോട് വിലാസിനി എന്നായിരുന്നു. ആങ്ങനെയാണ് പത്രത്തിലും നോട്ടീസിലും ഒക്കെ കൊടുത്തിരുന്നത്. ഈ സിനിമ ചെയ്തതിനു ശേഷം ഞാന്‍ കുട്ട്യേടത്തി വിലാസിനി ആയി. കേരളം മൊത്തം അറിയപ്പെട്ടു. ഇവിടെ മാത്രമല്ല, പുറത്തും അറിയും. വാസുവേട്ടനെ എനിക്ക് മറക്കാന്‍ കഴിയില്ല. കോഴിക്കോട്ടുള്ള കലാകാരർക്ക് വാസുവേട്ടന്‍ ചാന്‍സ് കൊടുത്തിട്ടുണ്ട്. ബാലന്‍ കെ. നായർ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടിയേട്ടന്‍... അങ്ങനെ ഒരുപാട് പേര്. അധികം സംസാരിക്കില്ലെങ്കിലും എല്ലാവരോടും നന്നായിട്ടാണ് പെരുമാറിയിരുന്നത്. നല്ലൊരു മനുഷ്യനായിരുന്നു. വാസുവേട്ടന്‍ മരിക്കരുതെന്ന് ഞാന്‍ നേർച്ചകള്‍ നേർന്നിരുന്നു. അദ്ദേഹത്തോട് എനിക്ക് ബഹുമാനവും സ്നേഹവും ആരാധനയുമാണ്. വാസുവേട്ടന്‍റെ ശരിക്കുമുള്ള കഥയാണ് കുട്ട്യേടത്തി. വാസുവേട്ടന്‍റെ വേഷമാണ് ശാന്താദേവിയുടെ മോന്‍ കഥാപാത്രം. അത് വാസുവേട്ടനാണ്", വിലാസിനി പറഞ്ഞു.
Also Read: രണ്ടാമൂഴം; വ്യാസൻ്റെ മൗനങ്ങൾക്ക് എം ടി ശബ്ദം നൽകിയപ്പോൾ...
എം.ടിയുടെ തിരക്കഥയില്‍ 1971 ല്‍ പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത കുട്ട്യേടത്തി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിലാസിനി ആയിരുന്നു. എം.ടിയുടെ കുട്ട്യേട്ടത്തി എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു തിരക്കഥ.
Also Read: ഹരിഹരൻ്റെ നിർബന്ധത്തിൽ മനസില്ലാമനസോടെ ഗാനരചയിതാവായ എംടി