പെപ്രയുടെ പ്രകടനത്തിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കോച്ചിൻ്റെ മറുപടി
ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കളത്തിൽ ടീ ഷർട്ട് ഊരിയതിന് ചുവപ്പു കാർഡ് വാങ്ങിയ ക്വാമെ പെപ്രയോടുള്ള നീരസം പരസ്യമാക്കി കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കിൾ സ്റ്റാറേ. മുംബൈയോട് 4-2ന് അവരുടെ ഹോം ഗ്രൗണ്ടിൽ തോൽവിയേറ്റു വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെപ്രയുടെ പ്രകടനത്തിൽ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു കോച്ചിൻ്റെ മറുപടി. ടീ ഷർട്ട് ഊരിയുള്ള സെലിബ്രേഷൻ ടീമിന് തിരിച്ചടിയായത് കണ്ടില്ലേയെന്നും അദ്ദേഹം മറുപടി നൽകി. ടീമിൻ്റെ ടാക്റ്റിക്കൽ സമീപനം മികച്ചതായിരുന്നുവെന്നും എന്നാൽ അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങി കൂടുതൽ ഗോളുകൾ വഴങ്ങിയതാണ് തിരിച്ചടിയായതെന്നും മൈക്കിൾ സ്റ്റാറേ മത്സര ശേഷം പറഞ്ഞു.
പെപ്രയുടെ ഹാൻഡ് ബോളിൽ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ വഴങ്ങിയ ശേഷം കളിക്കളത്തിൽ ഗംഭീര തിരിച്ചുവരവാണ് പെപ്ര നടത്തിയത്. ഒരു പെനാൽറ്റിയും മറ്റൊരു ഹെഡ്ഡർ ഗോളും ടീമിന് സമ്മാനിച്ച് 2-2ന് സമനില സമ്മാനിക്കാൻ ഘാന സ്ട്രൈക്കറുടെ പ്രകടനത്തിലൂടെ കഴിഞ്ഞിരുന്നു.
ALSO READ: മുംബൈയോട് 4-2ന് തോറ്റുമടങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ചുവപ്പ് കാർഡ് വാങ്ങി പെപ്ര!
എന്നാൽ ടീ ഷർട്ട് ഊരിയുള്ള ആഹ്ളാദ പ്രകടനം താരത്തിനും ടീമിനും ഒരുപോലെ വിനയായി. റെഡ് കാർഡ് കണ്ട് പെപ്ര പുറത്തായതോടെ കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് കണ്ടത്. ഇതോടെ നവംബർ ഏഴിന് ഹൈദരബാദ് എഫ്‌സിയുമായുള്ള ബ്ലാസ്‌റ്റേഴ്‌സിൻ്റെ അടുത്ത മത്സരത്തിൽ പെപ്രയ്ക്ക് കളിക്കാനാകില്ല. മുംബൈക്കെതിരെ നോഹ സദൗയിയുടെ വിടവും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു. അടുത്ത മത്സരത്തിൽ നോഹ തിരിച്ചെത്തുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ.