1974ൽ മെത്രാപ്പോലീത്ത ആയതുമുതലുള്ള അരനൂറ്റാണ്ടു മുഴുവൻ യാക്കോബായ വിഭാഗത്തിനായുള്ള സമരമായിരുന്നു ആ ജീവിതം
സഹനത്തിന്‍റെയും സത്യഗ്രഹങ്ങളുടെയും താപസൻ എന്നാണ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അറിയപ്പെട്ടത്. 1974ൽ മെത്രാപ്പോലീത്ത ആയതുമുതലുള്ള അരനൂറ്റാണ്ടു മുഴുവൻ യാക്കോബായ വിഭാഗത്തിനായുള്ള സമരമായിരുന്നു ആ ജീവിതം. അന്ത്യോക്യയിൽ വിശ്വാസമർപ്പിച്ച പാവങ്ങൾക്കായി ബാവ നടത്തിയ പോരാട്ടമാണ് പുത്തൻകുരിശ് ആസ്ഥാനമായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ പിറവിക്കു പിന്നിൽ.
"മുക്കാൽ നൂറ്റാണ്ടായി കുരിശു ജീവിതം നയിക്കുന്ന സഭാ മക്കളേ," 2002ൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷനായി ചുമതലയേറ്റ് കാതോലിക്കയായി വാഴിക്കപ്പെട്ടപ്പോൾ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്. ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളായി പിരിഞ്ഞ് സംഘർഷഭരിതമായ കാലത്തുമുഴുവൻ സഹനത്തിന്‍റെ കുരിശ് ചുമന്നവരിൽ മുൻ നിലയിലുണ്ടായിരുന്നത് അന്നു ചുമതലയേറ്റ ഈ കാതോലിക്കാ ബാവയായിരുന്നു.
ALSO READ: യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അന്തരിച്ചു
പുത്തൻകുരിശ് വടയമ്പാടിയിൽ ദരിദ്രസാഹചര്യങ്ങളിലായിരുന്നു ചെറുവിള്ളിൽ മത്തായിയുടേയും കുഞ്ഞമ്മയുടേയും മകനായി സി എം തോമസ് ജനിച്ചത്. നാലാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം അഞ്ചലോട്ടക്കാരനായി കുടുംബം പോറ്റാനിറങ്ങിയ തോമസ് വളരെവേഗം ദൈവവഴിയിലേക്കെത്തി. പ്രാർത്ഥനാ നിർഭരമായിരുന്ന കുട്ടിക്കാലത്തുനിന്ന് കണ്ടെത്തിയ ദൈവവഴി പക്ഷേ, സംഘർഷഭരിതമാകുന്നതാണ് പിന്നീട് കണ്ടത്.
ഇരുപത്തിയൊൻപതാം വയസ്സിൽ വൈദികപട്ടം നേടി പൗരോഹിത്യം തുടങ്ങുമ്പോൾ മലങ്കര സുറിയാനി സഭ രണ്ടു പക്ഷമായി നിന്നു തർക്കങ്ങളുടെ മൂർധന്യത്തിലെത്തി തുടങ്ങിയിരുന്നു. മെത്രാൻകക്ഷിയെന്നും ബാവകക്ഷിയെന്നും വിളിക്കപ്പെട്ട ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ പരസ്പരം കേസുകളും തർക്കങ്ങളും നടത്തിയ കാലമായിരുന്നു. അരനൂറ്റാണ്ടു മുൻപ് 1974ൽ തോമസ് മാർ ദിവന്ന്യാസിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി അഭിഷേകം. പിന്നെ സത്യഗ്രഹങ്ങളുടേയും സഹനത്തിന്‍റേയും കാലം.
ഓർത്തഡോക്സ് വിഭാഗം കോട്ടയം ആസ്ഥാനമായി പ്രത്യേകം തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയപ്പോൾ അന്ത്യോക്യയാണ് അവസാനവാക്കെന്ന് തീരുമാനിച്ചത് തോമസ് മാർ ദിവന്നാസിയോസിന്‍റെ നേതൃത്വത്തിലാണ്. യാക്കോബായ വിഭാഗത്തിന്‍റെ അന്ത്യോക്യാ ബന്ധം കാത്തുസൂക്ഷിച്ച് നടത്തിയ നിയമ പോരാട്ടങ്ങളാണ് 2002ൽ കാതോലിക്കാ ബാവയായുള്ള അഭിഷേകത്തിലേക്ക് എത്തിച്ചത്. മലങ്കര യാക്കോബായ സഭ അന്ത്യോക്യാ സിംഹാസനത്തെ അംഗീകരിച്ച് നിലവിൽ വരുന്നത് അങ്ങനെയാണ്. പുത്തൻകുരിശ് നൂറ്റാണ്ടുകൾ പഴകിയ വിശ്വാസധാരയുടെ ഇന്ത്യയിലെ ആസ്ഥാനവുമായി.
ബാവ കിഴക്കിന്‍റെ മാഫ്രിയോനോയും ഇന്ത്യയുടെ കാതോലിക്കയുമായി. കോട്ടയത്ത് പരിശുദ്ധ ബാവയെ വാഴിച്ച് ഓർത്തഡോക്സ് സഭ പ്രത്യേകമായും നിലകൊണ്ടു. കാതോലിക്കാ ബാവയായ കാലം മുഴുവൻ കേസുകളുടേതുമായിരുന്നു. ഓരോ ദിവസവും സംഘർഷഭരിതമായിരുന്നു. ശാരീരിക അവശതയുള്ളപ്പോഴും സമരംചെയ്ത വിശ്വാസികൾക്കൊപ്പം രാപകൽ ഇല്ലാതെ കാതോലിക്ക ബാവയും നിലകൊണ്ടു. പള്ളികൾക്കും സെമിനാരികൾക്കും സെമിത്തേരികൾക്കും മുന്നിൽ ഓടിയെത്തി.
സുപ്രീം കോടതിക്കും അഴിച്ചെടുക്കാനാകാത്ത കുരുക്കായി സഭാ തർക്കം തുടർന്നത് രണ്ടര പതിറ്റാണ്ടാണ്. ഇക്കാലത്തൊക്കെ കേരളത്തിലെ യാക്കോബായ വിശ്വാസത്തിന്‍റെ അടിത്തറ നിലനിൽക്കുന്ന കോതമംഗലം ചെറിയപള്ളിയിൽ ഉൾപ്പെടെ ശക്തമായി യാക്കോബായ വിഭാഗം നിലകൊണ്ടത് കാതോലിക്കബാവയുടെ നേതൃ പാടവം കൊണ്ടായിരുന്നു. അതിപുരാതനമായ അനേകം പള്ളികൾ തുടർന്നും യാക്കോബായ സഭയുടെ ശക്തികേന്ദ്രമായി. അപ്പോഴൊന്നും വലിയ രക്തപ്പുഴ ഒഴുകുന്ന നിലയിലേക്ക് വിശ്വാസത്തെ കൊണ്ടുപോകാതെ നോക്കിയത് സമരോത്സുകമായ ആ ഇടപെടലുകളായിരുന്നു. കാർക്കശ്യത്തോടെ നൽകിയ നിർദേങ്ങളായിരുന്നു.
95 വയസുള്ള തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള അഭിപ്രായഭിന്നതകള്‍ക്കിടെ യാക്കോബായ സഭയെ പ്രത്യേക സഭയാക്കുന്നതിനു നേതൃത്വം നല്‍കിയത് തോമസ് പ്രഥമന്‍ ബാവയായിരുന്നു.