സമ്മേളനം നടത്തുന്നതിൽ നേതാക്കൾക്ക് വീഴ്ച പറ്റിയെന്നും, എന്നിട്ടും ഗൗരവ സ്വഭാവത്തോടെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
കരുനാഗപ്പള്ളിയിലെ പ്രശ്നം പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംസ്ഥാന ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ലെന്നും, വിഷയം പരിഹരിക്കുന്നതിൽ ഏരിയ കമ്മിറ്റി പരാജയപ്പെട്ടുവെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
സമ്മേളനം നടത്തുന്നതിൽ നേതാക്കൾക്ക് വീഴ്ച പറ്റിയെന്നും, എന്നിട്ടും ഗൗരവ സ്വഭാവത്തോടെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ ഏരിയാ സമ്മേളനത്തിലും കരുനാഗപ്പള്ളിയിൽ വിഭാഗീയത ഉണ്ടായിരുന്നു. അതിനെ തുടർന്ന് നടത്തിയ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക നാലു പേർ തോറ്റിരുന്നു. അന്നുതന്നെ വിഭാഗീയ പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദേശവും നൽകിയിരുന്നു.
ALSO READ: പിണറായി കോൺഗ്രസ് ഓഫീസ് ആക്രമണം: ഒരു പ്രതി കൂടി അറസ്റ്റില്‍
അതേസമയം സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലും ഏരിയാ കമ്മിറ്റിക്ക് നേരെ രൂക്ഷ വിമർശനമുയർന്നു. പ്രവർത്തന റിപ്പോർട്ടിലാണ് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നത്. സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ആണ് റിപ്പോർട്ട് അവതരിപ്പിച്ചത്. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ മറ്റ് പലയിടങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉടലെടുത്തു. കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.