താൻ നിരപരാധിയാണെന്നും ഒരു കലാകാരനായ തന്നെ ഉപദ്രവിക്കാനാണ് പരാതിക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു കാമ്രയുടെ വാദം.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പരിഹസിച്ചെന്ന കേസിൽ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ഏപ്രിൽ 7 വരെയാണ് കോടതി കുനാൽ കമ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഹാസ്യ പരിപാടിക്കിടെ ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ചതിനാണ് കുനാലിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്.
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുന്ദർ മോഹൻ്റേതാണ് ഉത്തരവ്. മുംബൈയിലെ ഖാർ പൊലീസിന് കോടതി ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചു. അടുത്ത വാദം കേൾക്കൽ ഏപ്രിൽ 7ന് നടക്കും. സ്റ്റാൻഡ് അപ് കോമഡി ഷോയിലെ പരാമർശത്തിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്നായിരുന്നു കാമ്ര മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിച്ചത്. താൻ നിരപരാധിയാണെന്നും ഒരു കലാകാരനായ തന്നെ ഉപദ്രവിക്കാനാണ് പരാതിക്കാർ ശ്രമിക്കുന്നതെന്നുമായിരുന്നു കുനാൽ കാമ്രയുടെ വാദം.
2021 ഫെബ്രുവരിയിൽ മുംബൈയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് താമസം മാറിയെന്നും അന്നുമുതൽ തമിഴ്നാട്ടിലെ താമസക്കാരനാണെന്നും കാണിച്ചാണ് കുനാൽ കമ്ര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഷിൻഡെയ്ക്കെതിരായ പരാമർശത്തെ തുടർന്ന് ഭീഷണികൾ ഉയർന്നെന്ന് പറഞ്ഞ കുനാൽ, തന്റെ സുരക്ഷയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ALSO READ: ഗാസിയാബാദിൽ ബോയിലർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കേസിൽ കുനാൽ കമ്രയെ തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു. ഹാജാരാകൻ കുനാൽ കമ്ര ഒരാഴ്ച സമയം ചോദിച്ചിരുന്നെങ്കിലും പൊലീസ് ഈ അപേക്ഷ തള്ളുകയായിരുന്നു. ഏപ്രിൽ 3ന് മുമ്പായി പൊലീസിന് മുന്നിൽ ഹാജരായാൽ, തൻ്റെ ജീവന് തന്നെ ഭീഷണിയായേക്കുമെന്ന് കാണിച്ച് കുനാൽ കമ്ര സമയം നീട്ടി നൽകാൻ അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ പൊലീസ് ഈ അപേക്ഷ നിരസിച്ചു. മാനനഷ്ടം, പൊതു ദ്രോഹം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് കുനാൽ കമ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2022 ൽ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിൻഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തിൽ പരാതിയായി അവതരിപ്പിച്ചായിരുന്നു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കാമ്രയുടെ വിമർശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.
വിമർശനത്തിൽ ഷിൻഡെ പക്ഷ എംഎൽഎ മുർജി പട്ടേൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുവികാരത്തെ വ്രണപ്പെടുത്തുന്ന പരാമർശമെന്നാണ് പരാതിയിൽ പറയുന്നത്. ഹോട്ടൽ സ്റ്റുഡിയോ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായെന്നും, പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്കെതിരെ ആ സ്റ്റുഡിയോയിൽ മോശം പരാമർശം നടത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കിരുന്നു.