fbwpx
വിവാദങ്ങൾ കത്തിക്കയറുമ്പോഴും തീയേറ്റർ നിറച്ച് എമ്പുരാൻ; പിന്തുണച്ചും വിമർശിച്ചും പ്രമുഖർ
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Mar, 2025 05:14 PM

സിനിമകൾ സെൻസർ ചെയ്യണമെന്ന് പറയാതെ തന്നെ എതിർപ്പ് ഉയരുമ്പോഴേക്കും എഡിറ്റ്‌ ചെയ്യാമെന്ന സാഹചര്യം ഉരുത്തിരിയുന്നുവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സിനിമയ്ക്ക് ഒപ്പം നിൽക്കുക എന്നതാണ് എല്ലാവരും സ്വീകരിക്കേണ്ട സമീപനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

MOVIE


വിവാദങ്ങൾ ആളിപ്പടരുന്നതിനിടയിലും തീയേറ്റർ നിറച്ച് മലയാള ചിത്രം എമ്പുരാൻ. ചിത്രത്തിനെതിരായ സൈബർ ആക്രമണവും പോർവിളികളും അധിക്ഷേപങ്ങളും തുടരുകയാണ്. വിവാദ ഭാഗങ്ങൾ ഒഴിവാക്കി റീ സെൻസേർഡ് പതിപ്പ് ഉടനെയിറക്കുമെന്ന് വ്യക്തമാക്കിയിട്ടും, നടൻ മോഹൻലാലും സംവിധായകൻ പൃഥിരാജും ഖേദപ്രകടനം നടത്തിയിട്ടും, ചിത്രത്തേയും അണിയറ പ്രവർത്തകരേയും തുറന്നെതിർക്കുകയാണ് സംഘപരിവാർ.


പൃഥിരാജിനും സഹോദരൻ ഇന്ദ്രജിത്തിനുമെതിരെ ആർഎസ്എസ് മുഖവാരിക തന്നെ നിരന്തരം രംഗത്തെത്തിയിരുന്നു. അതിനിടെ സുപ്രിയ മേനോൻ അർബൻ നക്സലാണെന്ന് അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും രംഗത്തെത്തി. പൃഥ്വിരാജിന് ദേശവിരുദ്ധരുടെ ശബ്ദമാണെന്ന് ആർഎസ്എസ് മുഖപത്രം ആരോപിച്ചതിന് പിന്നാലെയാണ് സുപ്രിയക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയത്.


എമ്പുരാൻ സിനിമയ്‌ക്കെതിരായ ആക്രമണത്തിൻ്റെ ബാറ്റൺ സംഘപരിവാർ സാമൂഹിക മാധ്യമ ഹാൻഡിലുകളിൽ നിന്ന് ബിജെപി നേതൃത്വം ഏറ്റെടുക്കുകയാണ്. മല്ലിക സുകുമാരൻ മരുമകളെ നിലയ്ക്ക് നിർത്തണമെന്നാണ് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ്റെ പ്രതികരണം. മേജർ രവിയേയും മോഹൻലാലിനേയുമാണ് സുപ്രിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചതെന്നാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ്റെ വ്യാഖ്യാനം.


Also Read: സുപ്രിയ മേനോൻ അർബൻ നക്സ്ൽ, മരുമകളെ നിലക്ക് നിർത്തണം; മല്ലിക സുകുമാരനെതിരെ ബി. ഗോപാലകൃഷ്ണൻ


ഈ വിധം കടുത്ത വിമർശനത്തിലേക്ക് സംസ്ഥാന ബിജെപി നേതൃത്വം ചുവടുമാറ്റുമ്പോൾ സിനിമയ്ക്ക് അനുകൂലമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. എമ്പുരാനിലെ ദൃശ്യങ്ങൾ വെട്ടിമാറ്റിയതിന് പിന്നിൽ അധികാരസ്ഥാനത്ത് ഇരിക്കുന്നവരുടെ അസഹിഷ്ണുതയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സിനിമകൾ സെൻസർ ചെയ്യണമെന്ന് പറയാതെ തന്നെ എതിർപ്പ് ഉയരുമ്പോഴേക്കും എഡിറ്റ്‌ ചെയ്യാം എന്ന സാഹചര്യം ഉരുത്തിരിയുന്നുവെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. സിനിമയ്ക്ക് ഒപ്പം നിൽക്കുക എന്നതാണ് എല്ലാവരും സ്വീകരിക്കേണ്ട സമീപനമെന്നും മന്ത്രി പറഞ്ഞു.


കടുത്ത ക്ഷോഭത്തിലായിരുന്നു ഓർത്തഡോക്സ് സഭാ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിൻ്റെ ഫേസ്ബുക്ക് പ്രതികരണം. "ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ബാബ്‌രി മസ്ജിദ്‌ തകർത്തു, ഇപ്പോൾ ഒരു സിനിമയെ കൊന്നു. കൊലപാതകങ്ങൾ തുടരുന്നു," അദ്ദേഹം പറഞ്ഞു. വിവാദത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്ന് സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി ന്യൂസ് മലയാളത്തോട് പറഞ്ഞു. സംഘപരിവാർ വിവാദമാക്കിയ രംഗങ്ങൾ വെട്ടിമാറ്റുന്നതിനെ പറ്റിയും മുരളി ഗോപി ഇനിയും പ്രതികരിച്ചിട്ടില്ല.


അതേസമയം, തീയേറ്ററുകളിൽ സിനിമ കാണാനുള്ള തിരക്ക് തുടരുകയാണ്. സീനുകൾ വെട്ടിമാറ്റുന്നതിന് മുമ്പ് പരമാവധി പ്രേക്ഷകർ സിനിമ കാണണമെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണങ്ങൾ. വിവാദം കത്തിക്കാളുമ്പോഴും എല്ലാ റിലീസ് കേന്ദ്രങ്ങളിലും എമ്പുരാൻ ഹൗസ്‌ഫുള്ളായി പ്രദർശനം തുടരുകയാണ്.


IPL 2025
IPL 2025 | LSG vs PBKS | നിസാരം..! ലഖ്നൗ സൂപ്പർ ജയന്‍റ്സിനെ വീഴ്ത്തി പഞ്ചാബ് കിംഗ്സ്; ജയം 8 വിക്കറ്റിന്
Also Read
user
Share This

Popular

KERALA
WORLD
'വയറിന് ചവിട്ടി, കുക്കറിന്റെ മൂടികൊണ്ടടിച്ചു'; കോഴിക്കോട് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദനം