സ്വാധീനമില്ലാത്ത വോട്ടുബാങ്കുകളില്‍ വ്യക്തിപ്രഭാവത്തെ മുന്‍നിർത്തുന്ന തന്ത്രം 80 കള്‍ മുതല്‍ സിപിഐഎം പരീക്ഷിച്ചുവരുന്നതാണ്
മലപ്പുറത്തെ സിപിഎമ്മിന്‍റെ 'സ്വതന്ത്ര' പരീക്ഷണങ്ങളില്‍ മറ്റൊരു പാളിച്ചയാവുകയാണ് പി.വി. അന്‍വർ. പാർട്ടിയുമായുള്ള പോര് അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ അന്‍വർ മഞ്ഞളാംകുഴി അലിയുടെ വഴിയേ പോകുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇതുവരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച കെ.ടി. ജലീലടക്കം മലബാറിലെ മറ്റ് സ്വതന്ത്രർ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്നതും നിർണായകമാണ്.
മുസ്ലീം ലീഗിന്‍റെ വോട്ട് ബാങ്ക് പിളർത്തി നേട്ടം കൊയ്യാനായി തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചവരെക്കൊണ്ട് സിപിഎം പൊറുതിമുട്ടുന്ന ചരിത്രം അന്‍വറിലൂടെ ആവർത്തിക്കുകയാണ് . ഇടതടവില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അടങ്ങിയതും, ഫേസ്ബുക്ക് പോസ്റ്റിട്ട് പാർട്ടിയോട് കൂറ് പ്രഖ്യാപിച്ചതുമെല്ലാം ശരവേഗത്തിലാണ് മാറിമറിഞ്ഞത്. വിധേയത്വത്തേക്കാളും വിശ്വാസത്തേക്കാളും അപ്പുറമാണ് ആത്മാഭിമാനമെന്നാണ് അന്‍വറിന്‍റെ തിരുത്ത്. മുഖ്യമന്ത്രിയെ നേരിട്ട് തള്ളിപ്പറയുക കൂടി ചെയ്തതോടെ ഇനി സിപിഎമ്മിലേക്ക് അന്‍വറിന് ഒരു തിരിച്ചുപോക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
Also Read: 'ആളിക്കത്തി അന്‍വർ', കോലം കത്തിച്ച് സിപിഎം പ്രവർത്തകർ; പ്രതിഷേധം ശക്തം
സ്വാധീനമില്ലാത്ത വോട്ടുബാങ്കുകളില്‍ വ്യക്തിപ്രഭാവത്തെ മുന്‍നിർത്തുന്ന തന്ത്രം 80 കള്‍ മുതല്‍ സിപിഎം പരീക്ഷിച്ചുവരുന്നതാണ്. മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്ന ടി.കെ. ഹംസയെ 1982ല്‍ നിലമ്പൂർ കൊണ്ടുവന്നാണ് ഈ പരീക്ഷണത്തിന് വിത്തിട്ടത്. പിന്നീട് മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് കോട്ട വിറപ്പിച്ച് കെ.പി.എ. മജീദിനെയും എം.കെ. മുനീറിനെയും തോല്‍പ്പിച്ചുവിട്ടു. പില്‍ക്കാലത്ത് ചീഫ് വിപ്പും മന്ത്രിയും സംസ്ഥാന സമിതി അംഗവുമായ ടി.കെ. ഹംസ ഒടുവില്‍ പാർട്ടിയുമായി ഇടഞ്ഞാണ് വഖഫ് ബോർഡിൽ നിന്നു പടിയിറങ്ങിയത്. മഞ്ഞളാംകുഴി അലിയാകട്ടെ മങ്കട മണ്ഡലം ഭദ്രമായി മുസ്ലിം ലീഗിന് തിരിച്ചേല്‍പ്പിച്ചതാണ് ചരിത്രം.
Also Read: ഇനി തീപ്പന്തം പോലെ കത്തും, ജന പിന്തുണയുണ്ടെങ്കിൽ പാര്‍ട്ടി രൂപീകരിക്കും : പി.വി. അന്‍വര്‍
ഇപ്പോള്‍ അന്‍വറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിറങ്ങിയ കെ.ടി. ജലീലും കാരാട്ട് റസാഖും മലപ്പുറത്തെ സ്വതന്ത്ര ഫോർമുലയില്‍ സിപിഐഎമ്മിന് ഗുണദോഷങ്ങളുണ്ടാക്കിയിട്ടുള്ളവരാണ്. അന്‍വറിനൊപ്പം ആരോപണങ്ങളില്‍ വീഴുന്ന വിക്കറ്റെണ്ണി തുടങ്ങിയ കെ.ടി. ജലീല്‍ പിന്തുണ തിരിച്ചെടുക്കാതെയാണ് അവസാനമായി പ്രതികരിച്ചത്. എന്നാല്‍ പിണറായി വിജയന്‍ സംശയ ദൃഷ്ടിയില്‍വച്ചിരിക്കുന്ന അന്‍വറിന്‍റെ ആരോപണങ്ങളെ ജലീല്‍ ഇനി ഏറ്റെടുക്കുമോ എന്നത് സംശയമാണ്.
പിന്തുണച്ചെങ്കിലും മുഖ്യമന്ത്രിയെയും പാർട്ടിയെയും വിശ്വാസത്തിലെടുത്ത് പോകുന്നതാണ് ശരിയായ തീരുമാനമെന്നാണ് കൊടുവള്ളി മുൻ എംഎല്‍എ കാരാട്ട് റസാഖിന്‍റെ നിലപാട്. തിരൂരങ്ങങ്ങാടിയിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്തും ഒളിയമ്പുമായി ഉള്‍പ്പോരിന് കൂട്ടുണ്ട്. ‘രാജാവ് നഗ്നനാണ്' എന്ന ഫേസ്ബുക്ക് പോസ്റ്റ് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചെങ്കിലും അതൃപ്തി പരസ്യമായികഴിഞ്ഞിരുന്നു. ചേരിവിട്ടുവന്ന മലപ്പുറത്തെ മറ്റ് രണ്ട് ഇടത് സ്വതന്ത്രർ- പി.ടി.എ.റഹീമും വി.അബ്ദുറഹിമാനും മൗനം ഭേദിച്ചിട്ടുമില്ല.
ജന പിന്തുണയുണ്ടെങ്കില്‍ പുതിയ പാർട്ടി എന്ന സൂചന നല്‍കുന്നുണ്ട് അന്‍വർ. മലപ്പുറത്ത് ഒരു 'സ്വതന്ത്ര' വിപ്ലവമാകുമോ അന്‍വർ എന്ന് തുടർവികാസങ്ങളിലൂടെ മാത്രമേ വ്യക്തമാകൂ.