സംസ്‌കാരത്തിനു ശേഷം മന്ത്രിമാരും സാംസ്‌കാരിക നേതാക്കളുമെല്ലാം പങ്കെടുത്ത അനുശോചന യോഗവും നടന്നു
മലയാളത്തിന്റെ എം.ടിക്ക് വിട നല്‍കി കേരളം. ഇതിഹാസ കഥാകാരന്റെ ഭൗതിക ശരീരം വൈകിട്ട് 5.30 ഓടെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. കോഴിക്കോട് മാവൂര്‍ റോഡ് സ്മൃതിപഥത്തിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
സംസ്‌കാരത്തിനു ശേഷം മന്ത്രിമാരും സാംസ്‌കാരിക നേതാക്കളുമെല്ലാം പങ്കെടുത്ത അനുശോചന യോഗവും നടന്നു. ആത്മസംഘര്‍ഷങ്ങളും, സങ്കടചുഴികളും, നഷ്ട്ടപ്പെടലിന്റെ വേദനയും, ആഹ്‌ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ കഥാകാരന് ഓരോരുത്തരും ആദരമര്‍പ്പിച്ചു. വായനയുടെ സുകൃതത്തിന് കണ്ണീരോടെ നന്ദി പറഞ്ഞു.
ആലങ്കോട് ലീലാകൃഷ്ണന്‍
ഒരു എഴുത്തുകാരന്‍ ഈ വിധത്തില്‍ സര്‍വമുഖപ്രതിഭയായി നമ്മുടെ കാലത്തുണ്ടായിട്ടില്ലെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ അനുസ്മരിച്ചു. വ്യക്തിപരമായി താന്‍ കൂടുതല്‍ അനാഥനായെന്ന് തോന്നുവെന്ന് അദ്ദേഹം പറഞ്ഞു. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ രക്തംപുരണ്ട മണ്‍തരികള്‍ വായിച്ചത്. അന്ന് തൊട്ട് ആ മഹാവലയത്തില്‍ ആകൃഷ്ടനായി. അദ്ദേഹം എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കി കൂടെ നിന്ന അനുചരനായ ഒരു എളിയ കലാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കൂടുതല്‍ അനാഥനായിരുന്നു തോന്നുന്നു. ആ വെളിച്ചം കെടുമ്പോള്‍ മലയാളം കൂടുതല്‍ ഇരുണ്ടതാകുന്നു.
Also Read: എം.ടിയുടെ ലോകം വളരെ വിശാലമാണ്, എന്‍റേത് ഒരു ചെറിയ ലോകവും; വികാരാധീനനായി ടി. പത്മനാഭന്‍
ബെന്യാമിന്‍
എഴുത്തുകാരുടെ അഹങ്കാരമായിരുന്നു എംടിയെന്ന് ബെന്യാമിന്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ തുറന്നു പറയേണ്ടതാണെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. ഏറ്റവും മികച്ച കഥയിലും സംവിധാനത്തിലും സിനിമയിലും ഉള്‍പ്പെടെ എല്ലാത്തിലും എം.ടിയുടെ മികച്ച കൈയ്യൊപ്പുണ്ട്. താന്‍ എത്തിപ്പെട്ട മേഖലയിലെല്ലാം ഔന്നത്യത്തില്‍ എത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
പി. മോഹനന്‍
നാടിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളെ സംരക്ഷിച്ച് രംഗത്ത് വരുന്ന ഊര്‍ജ്ജശ്രോതസ്സ് കൂടെയിരുന്നു എംടിയെന്ന് പി. മോഹനന്‍ അനുസ്മരിച്ചു.
ഷാഫി പറമ്പില്‍
എഴുത്തുകാരന്റെ, കഥാവിന്യസത്തിന്റെ ആധികാരികതയ്ക്ക് രണ്ടക്ഷരം ഇട്ട് വിളിക്കാന്‍ പറ്റിയ പേരാണ് എംടി. ചരിത്രത്തോട് കലഹിക്കാന്‍ ഉള്ള ധൈര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ സ്വാധീനം തലമുറകളിലൂടെ സഞ്ചരിക്കും.
എം.എന്‍. കാരശ്ശേരി
സാഹിത്യകാരന്റെ അന്തസ്സ് ഉയര്‍ത്തി പിടിച്ച വ്യക്തിത്വമായിരുന്നു എംടി വാസുദേവന്‍ നായരുടേതെന്ന് എം.എന്‍ കാരശ്ശേരി അനുസ്മരിച്ചു.
എം. കെ. രാഘവന്‍
ഒരുപാട് അനശ്വര കൃതികള്‍ക്ക് ജന്മം നല്‍കിയ എംടി മലയാളത്തിന്റെ സുകൃതമാണ്, പുണ്യമാണ്, സത്യമാണ്. മഹാപ്രതിഭയുടെ ദീപ്തമായ സ്മരണയ്ക്ക് മുന്നില്‍ ശിരസ് നമിക്കുന്നു.
Also Read: എം.ടി. വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ്, ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല: ശ്രീകുമാരൻ തമ്പി
കടന്നപ്പള്ളി രാമചന്ദ്രന്‍
കാലത്തിന്റെ കണ്ണാടിയായിരുന്നു എം.ടിയെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ അനുസ്മരിച്ചു. സാഹിത്യ സംസ്‌കാരിക രംഗത്ത് സ്വന്തം സിംഹാസനം നേടിയെടുത്ത വ്യക്തിത്വം. മഹാപ്രതിഭയുടെ ദീപ്തമായ സ്മരണയ്ക്ക് മുന്നില്‍ ശിരസ് നമിക്കുന്നു...
എം.ബി. രാജേഷ്
മലയാളത്തിന്റെ അക്ഷര സൗഭാഗ്യമാണ് എംടിയെന്ന് മന്ത്രി എം.ബി. രാജേഷ് അനുസ്മരിച്ചു. എംടിയുടെ ശൂന്യത നമ്മളെ അനാഥരാക്കുന്നുണ്ട്. ജന്മനാടിന്റെ ആദരം കൂടെ അറിയിക്കുന്നു.
Also Read: അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും ആരാധനയുമാണ്; 'വാസുവേട്ടനെ' അവസാനമായി കണ്ട് കുട്ട്യേടത്തി
എ. കെ ശശീന്ദ്രന്‍
എഴുത്തിലെ ശാന്തതയും എഴുത്തിലെ ആര്‍ദ്രതയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മനുഷ്യന്റെ വിഷമങ്ങള്‍ ദുരിതങ്ങള്‍ എം.ടിയെ വേദനിപ്പിച്ചു. മനുഷ്യ വേദനകളെ കഥകളിലൂടെ സംവദിച്ചു. വിശാലമായിരുന്നു അദ്ദേഹത്തിന്റെ ലോകം. അസാധാരണ വൈഭവമുള്ള വ്യക്തിത്വം. സ്വന്തം ജീവിതത്തിലൂടെ മാനവികതയ്ക്ക് വലിയ സന്ദേശം നല്‍കി. ആ മഹാ വിസ്മയത്തോട് വിട പറയുന്നു.
പി.എ. മുഹമ്മദ് റിയാസ്
വാക്ക് നഷ്ടപ്പെട്ട ആകാശത്തിന് കീഴെയാണ് നാം ഒത്തുകൂടിയിരിക്കുന്നതെന്ന് അനുസ്മരണ യോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എംടി സിനിമകള്‍ എഴുതിയപ്പോള്‍ മൗനത്തിന്റെ ഭംഗിയും നമ്മള്‍ അറിഞ്ഞു. എംടി എന്ന രണ്ടക്ഷരം ഭാഷ സ്‌നേഹത്തിന്റെ ആഴമുള്ള പര്യായമായി മലയാളി ഉള്ളിടത്തോളം നമുക്കിടയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.