എംടിയും മമ്മൂട്ടിയും ഒന്നിച്ചെത്തിയ അഭിമുഖങ്ങളോ പൊതുവേദികളോ ശ്രദ്ധിച്ചിട്ടുണ്ടോ? എംടിയോട് അത്ര സ്വാതന്ത്ര്യത്തില്‍ ഒരു നടന്‍ സംസാരിക്കുന്നതോ, അത്രയും ആഴത്തില്‍ അദ്ദേഹം മറുപടി പറയുന്നതോ മറ്റാരുമായും കാണാന്‍ കഴിയില്ല
'പലരും ചോദിക്കാറുണ്ട്, മമ്മൂട്ടിയെ ഉദ്ദേശിച്ചിട്ടാണോ എഴുതിയതെന്ന്...
അല്ല, മമ്മൂട്ടിയെ ഉദ്ദേശിച്ച് ഒന്നും എഴുതാറില്ല...
പക്ഷേ, എഴുതിക്കഴിയുമ്പോള്‍ ഇത് മമ്മൂട്ടി ചെയ്താല്‍ കൊള്ളാമെന്ന് തോന്നും...'
മമ്മൂട്ടിയിലൂടെ അനശ്വരമായ തന്റെ കഥാപാത്ര നിര്‍മിതിയെ കുറിച്ച് എംടി പണ്ടൊരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്.
എഴുത്തിലൂടെയും അഭിനയത്തിലൂടെയും ആസ്വാദകരുമായി സംവദിച്ച രണ്ട് കലാകാരന്മാര്‍ മാത്രമായിരുന്നില്ല എംടിയും മമ്മൂട്ടിയും. കഥാകാരനും നടനും തമ്മിലുള്ള സ്വാഭാവിക അടുപ്പത്തിനപ്പുറം പരസ്പരം ആത്മാവിനെ തൊട്ട മനുഷ്യരായി എംടിയേയും മമ്മൂട്ടിയേയും പലപ്പോഴും അനുഭവപ്പെടാറുണ്ട്. എംടിയുടെ സിനിമകളെ കുറിച്ച് പറയുമ്പോള്‍ മമ്മൂട്ടിയും, മമ്മൂട്ടിക്കഥാപാത്രങ്ങളെ ഓര്‍ക്കുമ്പോള്‍ എംടിയും മനസ്സിലേക്ക് തനിയേ കടന്നുവരുന്ന അപൂര്‍വ രസതന്ത്രമാണത്.
ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍, അടിയൊഴുക്കുകള്‍, അനുബന്ധം, ഇടനിലങ്ങള്‍, കൊച്ചുതെമ്മാടി, ഒരു വടക്കന്‍ വീരഗാഥ, മിഥ്യ, സുകൃതം, പഴശ്ശിരാജ... എംടിയുടെ എഴുത്തില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സിനിമകള്‍ എത്ര...
ഈ സിനിമകളിലെ കഥാപാത്രങ്ങളില്‍ മമ്മൂട്ടിയല്ലാതെ, മറ്റൊരു നടനെ സങ്കല്‍പ്പിക്കാനാകില്ല. മലയാള സിനിമയില്‍ മമ്മൂട്ടിയെന്ന നടനെ അടയാളപ്പെടുത്തിയ പല സിനിമകളുടേയും പിന്നില്‍ എംടി വാസുദേവന്‍ നായര്‍ എന്ന കഥാകാരന്റെ കൈയ്യക്ഷരമുണ്ട്.
Also Read: സിനിമാ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ആ ഹൃദയത്തിലൊരിടം കിട്ടിയത്: മമ്മൂട്ടി
എംടിയും മമ്മൂട്ടിയും ഒന്നിച്ചെത്തിയ അഭിമുഖങ്ങളോ പൊതുവേദികളോ ശ്രദ്ധിച്ചിട്ടുണ്ടോ? എംടിയോട് അത്ര സ്വാതന്ത്ര്യത്തില്‍ ഒരു നടന്‍ സംസാരിക്കുന്നതോ, അത്രയും ആഴത്തില്‍ അദ്ദേഹം മറുപടി പറയുന്നതോ മറ്റാരുമായും കാണാന്‍ കഴിയില്ല. എന്തായിരിക്കും സുന്ദരമായ ആ അടുപ്പത്തിന് കാരണം? രണ്ടു പേരേയും ഒരുപോലെ ഇഷ്ടപ്പെടുന്നവര്‍ ഇങ്ങനെ ചിന്തിക്കാതിരിക്കാന്‍ തരമില്ല. അതിനുള്ള ഉത്തരം മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് ജനങ്ങള്‍ ആരാധിക്കുന്ന മമ്മൂട്ടിയുടെ ആരാധനാ പുരുഷനാണ് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരന്‍. 'വിശദീകരിക്കാനാകാത്ത ഒന്ന്' എന്നാണ് എംടിയുമായുള്ള ബന്ധത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്. സിനിമയില്‍ 'മമ്മൂട്ടി' ആകുന്നതിന് മുമ്പ് എംടി വാസുദേവന്‍ നായരെന്ന കഥാകാരനെ ആരാധിച്ച മുഹമ്മദ് കുട്ടിയെന്ന ബാലനെ കുറിച്ച് പല വേദികളില്‍ ആ നടന്‍ പറഞ്ഞിട്ടുണ്ട്.
പ്രിയപ്പെട്ട എഴുത്തുകാരന്റെ വിയോഗ വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹം കുറിച്ചതും ആ ആത്മബന്ധത്തെ കുറിച്ചായിരുന്നു. സിനിമാ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ആ ഹൃദയത്തിലൊരിടം കിട്ടിയതാണെന്ന്... സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ വളര്‍ന്നു പെരുകിയ കഥാകാരനും കലാകാരനും തമ്മിലുള്ള ഹൃദയ ബന്ധം. 'കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി' എന്ന് മലയാളത്തിന്റെ മഹാനടന്‍ പറഞ്ഞുപോകുമ്പോള്‍ നെഞ്ചിടറിയത് മലയാളികളുടേത് കൂടിയാകുന്നു.
Also Read: തോറ്റുപോയവരും മാറ്റി നിര്‍ത്തപ്പെട്ടവരും; ജീവിതമാകുന്ന ദുരിതപ്പുഴയിലെ നീന്തല്‍ക്കാര്‍
മാറി നിന്ന് നോക്കിയാല്‍ രസകരമായ ചില സാമ്യതകള്‍ എംടിയിലും മമ്മൂട്ടിയിലും കാണാനാകും. എല്ലാം തൊട്ടറിഞ്ഞ് പഠിക്കാനുള്ള കുട്ടിയുടെ കൗതുകം മമ്മൂട്ടിയില്‍ കാണാം. സിനിമയ്ക്ക് പുറത്ത്, ഈ ലോകത്ത് സംഭവിക്കുന്ന പല കാര്യങ്ങളും മനസ്സിലാക്കി പഠിച്ചു കൊണ്ടിരിക്കുന്ന, പിന്നിലാകരുതെന്ന് നിര്‍ബന്ധമുള്ള വിദ്യാര്‍ഥിയാണ് ആ നടനെ നവീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്. അതേ കൗതുകമുള്ള വിദ്യാര്‍ഥി എംടിക്കുള്ളിലും ഉണര്‍ന്നിരുന്നതായി കാണാം. മലയാള സാഹിത്യ ലോകത്തെ നാലുകെട്ടിന്റെ ഉമ്മറത്ത് ചാരുകസേരയില്‍ ഇരുന്ന് ലോകത്തെ വീക്ഷിച്ചുകൊണ്ടേയിരുന്ന കുട്ടി... മേമ്പൊടിക്കായി, അഹങ്കാരി, മുന്‍കോപി തുടങ്ങിയ അലങ്കാരങ്ങളും രണ്ടുപേരേയും കൂടുതല്‍ ആകര്‍ഷണീയരാക്കുന്നു.
സ്വയം നവീകരിക്കുന്ന എഴുത്തുകാരനായതു കൊണ്ടാണ് പുതിയ തലമുറയും എംടിയെ സ്‌നേഹത്തോടെ സ്വീകരിക്കുന്നതെന്നാണ് മമ്മൂട്ടി പറഞ്ഞത്. മലയാളികള്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നതും അങ്ങനെ തന്നെയല്ലേ, കാലത്തിനൊപ്പവും ചിലപ്പോള്‍ കാലത്തേക്കാള്‍ മുമ്പേയും ചലിക്കുന്ന നടനെ മമ്മൂട്ടിയില്‍ കണ്ട് അമ്പരന്നിട്ടുണ്ട്. ആര്‍ത്തിയോടെ വീണ്ടും വീണ്ടും സിനിമകള്‍ ചെയ്യുന്ന ചുറുചുറുക്കുള്ള എഴുപത്തിയൊന്നുകാരനെ മലയാളികള്‍ അത്ഭുതത്തോടെയല്ലേ നോക്കാറുള്ളത്...
Also Read: കവിത എഴുതിയിരുന്ന എം.ടിയെ അറിയുമോ? ഒരു എഴുത്തുകാരന്‍റെ ജനനം
സങ്കീര്‍ണമായ മനുഷ്യ ജന്മങ്ങളെ ജനിപ്പിച്ച മഹാനായ കഥാകാരനേയും തരിശ്ചീലയില്‍ പല മനുഷ്യരായി ജീവിച്ച് പ്രേക്ഷകരെ ആവേശം കൊള്ളിച്ചുകൊണ്ടിരിക്കുന്ന മഹാനടനും തമ്മിൽ ആത്മബന്ധം ഉടലെടുത്തത് ഇങ്ങനെയൊക്കെ ആയിരുന്നിരിക്കണം.
എംടിയെ പരിചയപ്പെടുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ കൃതികളിലെ കഥാപാത്രങ്ങളായി മാറിയ നടനാണ് മമ്മൂട്ടി. 'അദ്ദേഹം എഴുതിയ കഥാപാത്രങ്ങളെ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. എന്റെ മഹാസാമ്രാജ്യത്തിലെ മനുഷ്യരായി അവരെ പ്രതിഷ്ഠിച്ച് ഒറ്റയാനായി ഞാന്‍ അഭിനയിച്ചു തീര്‍ത്തിട്ടുണ്ട്'- മമ്മൂട്ടിയുടെ തന്നെ വാക്കുകള്‍. സുഹൃത്തോ, പിതാവോ ജ്യേഷ്ഠനോ... ഏത് തരത്തിലും തനിക്ക് സമീപിക്കാന്‍ കഴിയുന്ന ഗുരുസ്ഥാനീയന് ദക്ഷിണയായി തനിക്ക് ലഭിച്ച എല്ലാ പുരസ്‌കാരങ്ങളും ആ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നുവെന്നാണ് എംടിയ്ക്ക് നവതിപ്രണാമമായി നടത്തിയ പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞത്.
എംടി വാസുദേവന്‍ നായരെന്ന കഥാകാരന്റെ വിയോഗം മലയാളികള്‍ക്ക് തീരാ നഷ്ടം തന്നെയാണ്. പക്ഷെ, ആ കഥാകാരന്‍ തുറന്നിട്ടുപോയ ലോകങ്ങളും തന്നിട്ടുപോയ മനുഷ്യരും മലയാള ഭാഷ ഉള്ളകാലത്തോളം നിലനില്‍ക്കും. അത്രമേല്‍ ആഴത്തില്‍ ആ ഭാവനാസൃഷ്ടികളെല്ലാം നമ്മുടെ മനസ്സില്‍ സിനിമ പോലെ പതിഞ്ഞു പോയിട്ടുണ്ട്, മമ്മൂട്ടിയുടെ സിനിമകള്‍ പോലെ... മലയാളികളുടെ സുകൃതം!