ഈ വിഷയത്തില്‍ നിയമപരമായും വസ്തുതാപരവുമായിട്ടുള്ള കാര്യങ്ങളില്‍ സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്.
മുനമ്പം ഭൂമി തര്‍ക്കത്തില്‍ പെട്ടെന്ന് പരിഹാരം ഉണ്ടാകണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുനമ്പം വിഷയത്തില്‍ ലത്തീന്‍ മെത്രാന്‍ സമിതിയുമായി ലീഗ് നേതൃത്വം നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. മുനമ്പം വിഷയത്തില്‍ എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരത്തിന് ചെയ്യേണ്ട കാര്യങ്ങള്‍ സഭാ നേതാക്കളുമായി ചേര്‍ന്ന് സംസാരിക്കുക എന്ന നിലക്കാണ് കൂടിക്കാഴ്ച നടത്തിയതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
'മുനമ്പം പ്രശ്‌നത്തില്‍ കാലതാമസം കൂടുംതോറും അതിന്റെ സങ്കീര്‍ണത വര്‍ധിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരത്തിന് ചെയ്യേണ്ട കാര്യങ്ങള്‍ സഭാ നേതാക്കളുമായി ചേര്‍ന്ന് സംസാരിക്കുക എന്ന നിലക്കാണ് കൂടിക്കാഴ്ച നടത്തിയത്. വളരെ നല്ല നിര്‍ദേശങ്ങളാണ് അങ്ങോട്ടും ഇങ്ങോളും ഞങ്ങള്‍ പങ്കുവെച്ചത്. ഈ വിഷയത്തില്‍ നിയമപരമായും വസ്തുതാപരവുമായിട്ടുള്ള കാര്യങ്ങളില്‍ സര്‍ക്കാരാണ് മുന്‍കൈ എടുക്കേണ്ടത്. കാലതാമസം കൂടാതെ സര്‍ക്കാര്‍ ഇതില്‍ ഇടപെട്ട് എല്ലാ കക്ഷികളെയും കൂട്ടി വിളിച്ച് സമ്പൂര്‍ണമായ ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കണം എന്നാണ് സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ എടുത്ത യോജിച്ച തീരുമാനം,' സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ALSO READ: 'മുഴുവൻ വഖഫ് ഭൂമികളും തിരിച്ചുപിടിക്കണം' ; മുനമ്പം വിഷയത്തിൽ നിലപാട് കടുപ്പിച്ച് കാന്തപുരം വിഭാഗവും
ലീഗ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ടെന്നും മുനമ്പം ജനങ്ങള്‍ക്കുള്ള പിന്തുണ കൂടിക്കാഴ്ചയില്‍ ലീഗ് അറിയിച്ചതായും കോഴിക്കോട് അതിരൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലും പ്രതികരിച്ചു.
'ഇതൊരു മാനുഷിക പ്രശ്‌നമാണ്. ഇതൊരു മതത്തിന്റെയോ വര്‍ഗത്തിന്റെയോ പ്രശ്‌നമല്ല. 600ലധികം കുടുംബങ്ങള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം പരിഹരിക്കപ്പെടണം. അത് പരിഹരിക്കപ്പെടുന്നതിന് ഇവരെല്ലാവരും നമ്മുടെ കൂടെ നില്‍ക്കുന്നതില്‍ അഭിമാനമുണ്ട്. സന്തോഷമുണ്ട്,' ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തീരുമാനം ഉണ്ടാകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം മുനമ്പം വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തില്‍ യോജിപ്പാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വിഷയം പെട്ടന്ന് പരിഹരിക്കാന്‍ കഴിയും. ഫാറൂഖ് കോളേജ് കമ്മിറ്റിയും വിഷയം രമ്യമായി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പം വിഷയത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ നഷ്ടപ്പെട്ട വഖഫ് ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. വഖഫുകള്‍ സമുദായത്തിന്റെ പൊതു സ്വത്താണ്. വഖഫ് ബോര്‍ഡിന്റെ രേഖകളില്‍ വഖഫായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഒരു ഭൂമിയുടെ പേരിലും ബോര്‍ഡ് നോട്ടീസ് അയക്കില്ല. വഖഫ് ഭൂമിയുടെ ആധാരം കൊണ്ട് രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നാല്‍ ഒരു രജിസ്ട്രാറും വില്‍പ്പനാധാരം ചെയ്തു കൊടുക്കില്ല. ഇങ്ങനെയുള്ളപ്പോള്‍ മുനമ്പത്തെയും തലപ്പുഴയിലെയും ചാവക്കാട്ടെയും ഇരകള്‍ക്ക് പിന്നെങ്ങനെ വഖഫ് ഭൂമി രജിസ്റ്റര്‍ ചെയ്തു കിട്ടി എന്ന ചോദ്യവും ലേഖനത്തിലൂടെ സമസ്ത കാന്തപുരം വിഭാഗം ഉന്നയിക്കുന്നു.
ഇ.കെ സമസ്തയും വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാന്തപുരം വിഭാഗവും പ്രതികരണവുമായി രംഗത്തെത്തിയത്. ചില രാഷ്ട്രീയ നേതാക്കന്മാര്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്തത് വഖഫ് ഭൂമി അല്ലെന്ന് പറയുന്നതെന്നാണ് ഇ. കെ സമസ്ത വിഭാഗം ചോദിച്ചത്.