fbwpx
താരാകാശത്തെ നിഗൂഢതയിൽ നട്ടംതിരിഞ്ഞ് സർക്കാർ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രിമാർക്കും ഭിന്നാഭിപ്രായം
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Aug, 2024 06:42 PM

പരാതിയില്ലാതെ കേസെടുക്കാനാകില്ല എന്ന മുഖ്യമന്ത്രിയുടേതടക്കമുള്ള നിലപാട് തള്ളുന്ന അഭിപ്രായപ്രകടനമാണ് ഇന്ന് മന്ത്രി സഭയിലെ മറ്റ് അംഗങ്ങളില്‍ നിന്നുണ്ടായത്

HEMA COMMITTEE REPORT


താരാകാശത്തെ നിഗൂഢതകളിലേക്ക് വെളിച്ചം വീശിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നു. വ്യക്തികളുടെ സ്വകാര്യതയെ മാനിച്ച് പേരു വിവരങ്ങള്‍ മറച്ചു വെച്ചായിരുന്നു റിപ്പോർട്ട് പുറത്ത് വിട്ടത്. എന്നാല്‍ സിനിമ മേഖലയേക്കാള്‍ രാഷ്ട്രീയ മണ്ഡലത്തിലാണ് കമ്മിറ്റിയുടെ നിരീക്ഷണങ്ങള്‍ ചർച്ചയായിരിക്കുന്നത്. എന്തുകൊണ്ട് റിപ്പോർട്ട് വൈകി? എന്തുകൊണ്ട് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നില്ല? പ്രതിപക്ഷവും യുവജന സംഘടനകളും സർക്കാരിനെ ചോദ്യങ്ങള്‍ കൊണ്ട് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ അതിലും ഏറെ ആഘാതമാകുന്നത് മന്ത്രിസഭയിലെ അഭിപ്രായ ഭിന്നതയാണ്. പരാതിയില്ലാതെ കേസെടുക്കാനാകില്ല എന്ന മുഖ്യമന്ത്രിയുടേതടക്കമുള്ള നിലപാട് തള്ളുന്ന അഭിപ്രായപ്രകടനമാണ് ഇന്ന് മന്ത്രി സഭയിലെ മറ്റ് അംഗങ്ങളില്‍ നിന്നുണ്ടായത്.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: കോടതി എന്ത് നിർദ്ദേശം നൽകിയാലും നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്: സജി ചെറിയാന്‍


ഹേമ കമ്മിറ്റി റിപ്പോർട്ടല്ലാതെ, ആരുടെയെങ്കിലും പരാതി സർക്കാരിന് മുന്നിൽ ഇല്ല, അത് കൊണ്ട് തന്നെ കേസെടുക്കാൻ സാധിക്കില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി ആദ്യദിവസം തന്നെ വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ഇക്കാര്യം സജി ചെറിയാനും വി.എൻ. വാസവനും എ.കെ. ബാലനും ആവർത്തിച്ചു. സ്വമേധയാ കെസടുക്കുന്നതിന് നിയമപ്രശ്നങ്ങളുണ്ടെന്നായിരുന്നു മന്ത്രി വാസവന്‍റെ വാദം. കേസെടുക്കണമെങ്കിൽ കോടതി പറയട്ടെ എന്ന് സജി ചെറിയാനും പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്‍റെ നിലപാടും വ്യത്യസ്തമായിരുന്നില്ല. സർക്കാരിന്‍റെ അതേ നിലപാട് പിന്തുടരാനാണ് കമ്മീഷനും തീരുമാനിച്ചത്. ആരെങ്കിലും പരാതിയുമായി വന്നാലേ കേസ് നിലനിൽക്കൂവെന്നും അതിനുള്ള ആർജവം അവർ കാണിക്കണമെന്നും അധ്യക്ഷ പി. സതീദേവി പറഞ്ഞു.

ALSO READ: ഹേമ കമ്മിറ്റി റപ്പോർട്ട്: കോൺക്ലേവിൽ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റ്: എം.ബി. രാജേഷ്


എന്നാല്‍, ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമായി തന്നെ ഈ പൊതു നിലപാട് തള്ളി രംഗത്തെത്തി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി ഇല്ലാതെയും കേസെടുക്കാൻ നിലവിൽ നിയമമുണ്ടെന്ന് ബാലഗോപാൽ പറഞ്ഞു. മന്ത്രി എം.ബി. രാജേഷിന്‍റെ വാക്കുകളും ഇതോട് ചേർന്ന് നിൽക്കുന്നതായിരുന്നു. റിപ്പോർട്ട് പുറത്ത് വിടുന്നതില്‍ സർക്കാരിന് ഒരു താല്‍പര്യക്കുറവും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.  ഇടത് മുന്നണിക്കുള്ളിലും റിപ്പോർട്ടിനെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്ന് വന്നിട്ടുള്ളത്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണവും തുടർനടപടികളും ആവശ്യപ്പെട്ട് സിപിഐയുടെ യുവജന സംഘടന എഐവൈഎഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: പരാതി ഇല്ലാതെയും കേസ് എടുക്കാൻ നിലവിൽ നിയമമുണ്ട്: കെ.എന്‍. ബാലഗോപാല്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഹൈക്കോടതിയുടെ ചോദ്യങ്ങൾ കൂടെ പുറത്ത് വന്നതോടെ സർക്കാർ നിലപാടും അതിലെ മന്ത്രിമാരുടെ പരോക്ഷ വിയോജിപ്പുകളും കൂടുതൽ പ്രാധാന്യമുള്ളവയായി മാറിയിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം മുദ്രവെച്ച കവറിൽ സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. റിപ്പോർട്ടിന്മേൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. റിപ്പോർട്ട് എന്ത് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതടക്കം നിർണായക ചോദ്യങ്ങൾ ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. സർക്കാരിന്‍റെ നിലപാട് എന്താണ്? ഒരു കുറ്റകൃത്യം നടന്നു എന്ന് ബോധ്യപ്പെട്ടാൽ സർക്കാരിന് നേരിട്ട് കേസ് എടുക്കാൻ വകുപ്പുണ്ടോ എന്നിങ്ങനെയായിരുന്നു സർക്കാരിനോടുള്ള കോടതിയുടെ ചോദ്യങ്ങള്‍. റിപ്പോർട്ട് പൊതു ജനമധ്യത്തിലുണ്ടെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. കോഗ്നിസബിള്‍ ഒഫന്‍സ് ഉണ്ടെങ്കില്‍ അത് പോക്സോ കേസിലാണെങ്കില്‍ നടപടിയെടുക്കാന്‍ സാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ALSO READ: "റിപ്പോർട്ട് എന്ത് ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്?" ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി


അതേസമയം, മാധ്യമങ്ങളോട് പ്രതികരിച്ച മന്ത്രിമാർ എല്ലാം ഹൈക്കോടതിയുടെ നിർദേശങ്ങളെ സ്വാഗതം ചെയ്തു. സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും കാര്യങ്ങളില്‍ വ്യക്തതയുണ്ടെന്നും ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ ഈ വ്യക്തതയ്ക്ക് ഒരു ഏകതാനതയുണ്ടായിരുന്നില്ല. ഹൈക്കോടതി നിരീക്ഷിച്ച പോലെ, സമൂഹത്തെ ബാധിക്കുന്ന വിഷയത്തില്‍, പാർശ്വവൽക്കരിക്കപ്പെട്ടവരാണ് ഇരകൾക്ക് വേണ്ടി സർക്കാര്‍ എന്ത് നടപടി സ്വീകിരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. ഇരയ്ക്കൊപ്പമോ വേട്ടക്കാർക്കൊപ്പമോ സർക്കാരിന്‍റെ വിരുന്നെന്ന് തെളിയിക്കുന്നതായിരിക്കും വരും ദിവസങ്ങളിലെ തീരുമാനങ്ങള്‍.

WORLD
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിരുദ്ധ അക്രമങ്ങൾ കൂടിയെന്ന് റിപ്പോർട്ട്; 2024ൽ റിപ്പോർട്ട് ചെയ്തത് 2,200 സംഭവങ്ങൾ
Also Read
user
Share This

Popular

KERALA
KERALA
എം. ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ്; സാമ്പത്തിക ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വിജിലൻസ്