അതേസമയം, ഡൽഹിയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തി
മണിപ്പൂരില്‍ ബിജെപി സർക്കാരിന് നൽകിയ പിന്തുണ പിന്‍വലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എന്‍പിപി). സംസ്ഥാനത്തെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് എന്‍പിപിയുടെ നടപടി. പിന്തുണ പിന്‍വലിക്കുന്നത് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങും സര്‍ക്കാരും പരാജയപ്പെട്ടതായി എന്‍പിപി കത്തില്‍ ആരോപിച്ചു.
സംസ്ഥാനത്തെ 60 അംഗ നിയമസഭയില്‍ ഏഴ് സീറ്റുകളാണ് കോണ്‍റാഡ് സാങ്മ നയിക്കുന്ന എന്‍പിപിക്കുള്ളത്. 37 എംഎല്‍എമാരുള്ള ബിജെപി സര്‍ക്കാരിന് എന്‍പിപി പിന്തുണ പിന്‍വലിച്ചത് ഭീഷണിയല്ല. കാരണം കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. അഞ്ച് എംഎല്‍എമാരുള്ള എന്‍പിഎഫ്, ഒരു ജെഡിയു എംഎല്‍എ, മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരും ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്.
ALSO READ: മണിപ്പൂരിൽ അഫ്‌സ്‌പ പിൻവലിക്കണം; കേന്ദ്രത്തോട് ആവശ്യമറിയിക്കാൻ സംസ്ഥാനം
അതേസമയം, ഡൽഹിയിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തി. മണിപ്പൂരിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാനായാണ് കൂടിക്കാഴ്ച. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ചയ്ക്കായി നാളെ വീണ്ടും യോഗം വിളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ റദ്ദാക്കിയാണ് മണിപ്പൂർ വിഷയം ചർച്ച ചെയ്യാനായി ആഭ്യന്തര മന്ത്രി ഡൽഹിയിലെത്തിയത്.
കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോയ 6 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായത്. തലസ്ഥാന നഗരമായ ഇംഫാലിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധക്കാർ ടയറുകൾ കത്തിക്കുകയും റോഡുകൾ തടയുകയും ചെയ്തു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടുകളും പ്രതിഷേധക്കാർ ആക്രമിച്ചു. ഇതോടെയാണ് മണിപ്പൂർ വിഷയം അടിയന്തരമായി പരിഗണിക്കാൻ കേന്ദ്രം തയ്യാറായത്.
ALSO READ: മണിപ്പൂരിൽ കാണാതായ മൂന്ന് മെയ്തികളുടെ മൃതദേഹം കണ്ടെത്തി; ഇംഫാലിൽ പ്രതിഷേധം രൂക്ഷം
അക്രമസംഭവങ്ങൾ കൂടിയതോടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. രണ്ട് ദിവസത്തേക്കാണ് സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഇൻ്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ വിച്ഛേദിച്ചത്. ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് എന്നിവിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.