നിലവിൽ പിസിബിക്ക് ലഭിക്കുന്ന ഐസിസി ഫണ്ടിംഗ് ഗണ്യമായി വെട്ടിക്കുറയ്ക്കാൻ ഇത് കാരണമാകും
2025ലെ ഐസിസി ചാംപ്യൻസ് ട്രോഫി അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യൻ സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് 2025ലെ ചാംപ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ ഐസിസിയെ അറിയിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ ഒരു ന്യൂട്രൽ വേദിയിൽ നടത്തുന്ന ഹൈബ്രിഡ് മോഡലിന് തയ്യാറല്ലെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട്. ഐസിസിയുടെയും ബിസിസിഐയുടെയും നിലപാട് രേഖാമൂലം നൽകണമെന്ന് ആവശ്യപ്പെട്ട് പിസിബി ഐസിസിക്ക് കത്തയച്ചിട്ടുണ്ട്.
2012-13ലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ദ്വിരാഷ്ട്ര പരമ്പര കളിച്ചത്. അതിനുശേഷം ഐസിസി, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഇവൻ്റുകളിൽ മാത്രമാണ് ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയത്. പാകിസ്ഥാൻ ആതിഥേയരായ 2023 ഏഷ്യാ കപ്പിൽ ഹൈബ്രിഡ് മോഡലിൽ, ഇന്ത്യ ശ്രീലങ്കയിൽ മാത്രമാണ് മത്സരങ്ങൾ കളിച്ചത്. ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ നിന്ന് പിന്മാറാനാണ് പാക് ബോർഡിൻ്റെ തീരുമാനമെങ്കിൽ ദക്ഷിണാഫ്രിക്കയാണ് പിന്നീടുള്ള പ്രഥമ പരിഗണനയെന്നാണ് സൂചന.
എന്നാൽ നടത്തിപ്പിൽ പിന്മാറുന്നത് പാക് ക്രിക്കറ്റ് ബോർഡിന് വലിയ നഷ്ടം വരുത്തിവെക്കും. നിലവിൽ പിസിബിക്ക് ലഭിക്കുന്ന ഐസിസി ഫണ്ടിംഗ് ഗണ്യമായി വെട്ടിക്കുറയ്ക്കാൻ ഇത് കാരണമാകും. ഹോസ്റ്റ് ഫീസായി പിസിബിക്ക് ഐസിസിയിൽ നിന്ന് കിട്ടേണ്ടിയിരുന്ന ഏകദേശം 65 മില്യൺ ഡോളർ നഷ്ടമാകുമെന്നാണ് അർത്ഥമാക്കുന്നത്. ചാംപ്യൻസ് ട്രോഫിക്കായി കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നീ മൂന്ന് വേദികൾ അടുത്തിടെ പിസിബി നവീകരിച്ചിരുന്നു.
ALSO READ: ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
ഇംഗ്ലണ്ടും ന്യൂസിലൻഡും അടുത്തിടെ പാകിസ്ഥാൻ ആതിഥേയത്വം വഹിച്ച പരമ്പരകളിൽ പങ്കെടുത്ത് മടങ്ങിയിരുന്നു. തുടർന്ന് രാജ്യത്ത് ഒരു സുരക്ഷ പ്രശ്നവുമില്ലെന്നും ചാംപ്യൻസ് ട്രോഫിക്ക് സുരക്ഷിതത്വം ലഭിക്കുമെന്നും വാഗ്ദാനം പിസിബി ഐസിസിയെ അറിയിച്ചു. എന്നാൽ ബിസിസിഐയുടെ നിഷേധാത്മക നിലപാട് അവർക്ക് തിരിച്ചടിയാകുകയാണ്.