അദ്ദേഹത്തിൻ്റെ സമ്പന്നമായ സാഹിത്യ പാരമ്പര്യവും ജ്ഞാനവും നമ്മളെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി
എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. അക്ഷരലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് എം.ടിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. എം.ടി. സംവിധാനം ചെയ്ത 'നിർമാല്യം' ക്ലാസിക് ചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: എം.ടിയെന്ന എഴുത്തുകാരനോളം തിളക്കമുള്ള പത്രാധിപർ; വിടവാങ്ങിയത് പത്രം അച്ചടിക്കാത്ത ദിനം
സാഹിത്യത്തിലും സിനിമയിലും കാലാതീതമായ സംഭാവനകളിലൂടെ മലയാള സംസ്‌കാരത്തെ രൂപപ്പെടുത്തിയ ഇതിഹാസമാണ് എം.ടിയെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള അനുസ്മരിച്ചു. ഒരു യുഗത്തിൻ്റെ അന്ത്യം. അദ്ദേഹത്തിൻ്റെ പൈതൃകം വരും തലമുറകൾക്കും പ്രചോദനമാകുമെന്നും ലോക്സഭ സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എം.ടിക്ക് അനുശോചനം രേഖപ്പെടുത്തി. സാഹിത്യത്തിലും സിനിമയിലും നികത്താനാകാത്ത ശൂന്യതയാണ് എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ സമ്പന്നമായ സാഹിത്യ പാരമ്പര്യവും ജ്ഞാനവും നമ്മളെ തുടർന്നും പ്രചോദിപ്പിക്കുമെന്നും രാഹുൽ ഗാന്ധി കുറിച്ചു.
ALSO READ: രണ്ടാമൂഴം; വ്യാസൻ്റെ മൗനങ്ങൾക്ക് എം ടി ശബ്ദം നൽകിയപ്പോൾ...
എം.ടിയുടെ വിയോഗത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത്. കലയുടെയും സാഹിത്യത്തിന്റെയും ഉത്തമ സംരക്ഷകനായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എം.ടിയുമായി അടുത്തബന്ധമുണ്ടായിരുന്നതായി കെ.വി. തോമസും അനുസ്മരിച്ചു. എം.ടിയുടെ വേർപ്പാട് സാംസ്കാരിക കേരളത്തിന് തീരനഷ്ടമാണെന്നും കെ.വി. തോമസ് പറഞ്ഞു. എം.ടി. പ്രിയങ്കരനായ വ്യക്തിത്വമെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മലയാളത്തിന്റെ അക്ഷരങ്ങൾ വ്യാപിപ്പിക്കുന്ന എഴുത്തുകളാണ് എം.ടിയുടേത്. അനശ്വരനായ അദ്ദേഹത്തിന് മരണമില്ലെന്നും എഴുത്തുകളിലുടെ ജീവിക്കുന്നുവെന്നും ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.
ALSO READ: അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും ആരാധനയുമാണ്; 'വാസുവേട്ടനെ' അവസാനമായി കണ്ട് കുട്ട്യേടത്തി
എം ടിയുടെ ഓരോ കഥാപാത്രവും നൽകുന്നത് വലിയ സന്ദേശമാണ്. അവ എക്കാലവും ഓർമിക്കപ്പെടുമെന്ന് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു. അദ്ദേഹത്തിൻ്റെ രചനകളും വാക്കുകളും നമ്മളെ ഉണർത്തുമെന്നും, മലയാളികളുടെ അഭിമാനമാണ് എം.ടിയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
മനുഷ്യൻറെ ദുഃഖത്തിനും വേദനയ്ക്കും വലിയ പ്രാധാന്യം നൽകിയ മഹാനായിരുന്നു. പത്രാധിപർ ആയിരുന്നപ്പോഴും എഴുത്തുകാരനായി നിൽക്കുമ്പോഴും അദ്ദേഹം ആ വേദനകൾ തിരിച്ചറിഞ്ഞുവെന്നാണ് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ പ്രതികരണം. എം ടിയുടെ വിയോഗം ലോകസാഹിത്യത്തിന് തന്നെ തീരാ നഷ്ടമാണ്. മനുഷ്യകുലം ഉളളിടത്തോളം അദ്ദേഹം ഓർമിക്കപ്പെടുമെന്ന് സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു.
മലയാളത്തിൻ്റെ സമസ്ത മേഖലയെയും സ്പർശിച്ച വ്യക്തിയാണ് എം.ടി. വാസുദേവൻ നായർ. എം.ടി എന്ന രണ്ട് രണ്ടക്ഷരം കേരളത്തിന് നൽകിയ സംഭാവനയെ ധ്വനിപ്പിക്കുന്നതാണ്. അതിന് പകരം വക്കാൻ മറ്റൊന്നില്ലെന്നായിരുന്നു സംസ്കാരിക മന്ത്രി സജി ചെറിയാൻ്റെ പ്രതികരണം. എം ടിയുടെ ഓർമകൾ നിലനിർത്തേണ്ടത് അനിവാര്യമാണ്. അത് വരും തലമുറക്ക് പകർന്ന് നൽകേണ്ടതുമാണ്. സ്മാരകം നിർമിക്കുന്നത് ഉൾപ്പെടെ ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: മലയാളികളുടെ സുകൃതം... എംടിയും മമ്മൂട്ടിയും ചേര്‍ന്നുണ്ടാക്കിയ രസതന്ത്രം
'മലയാളം ഭാഷയ്ക്കും സാഹിത്യത്തിനും ഒരുപാട് സംഭാവന എം.ടി. നൽകി. മലയാളം ഉള്ളിടത്തോളം കാലം എം.ടി എന്ന രണ്ടക്ഷരം നിലനിൽക്കും', ബിജെപി നേതാവ് എം.ടി. രമേശ് പറഞ്ഞു. എം.ടി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ വ്യക്തിയാണെന്നും,എം.ടിക്ക് സമം എം.ടി മാത്രമായിരിക്കുമെന്നാണ് പി.കെ. കൃഷ്ണദാസിൻ്റെ പ്രതികരണം. 'മലയാളികളുടെ സാംസ്കാരിക ലോകം ദരിദ്രമായി. തലമുറകളെ സാഹിത്യത്തിൻ്റെയും ഭാവനയുടെയും ലോകം കാണിച്ച് കൊടുത്ത വ്യക്തിത്വമാണ് എം.ടി, മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
മലയാള സാഹിത്യത്തിൻറെ കുലപതിയുടെ വിയോഗമാണ് സംഭവിച്ചത്. എം.ടിയുടെ വിയോഗം ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് തീരാനഷ്ടമാണ്. കൂടല്ലൂരുകാരുടെ സ്വകാര്യ അഹങ്കാരമാണ് എം.ടിയെന്ന് വി.ടി. ബൽറാം പറഞ്ഞു. അദ്ദേഹമില്ലാത്ത കാലത്തിലേക്കാണ് കടക്കുന്നതെന്ന് എന്ന വേദനയുണ്ട്. പറയാനുള്ള കാര്യങ്ങളെല്ലാം പറഞ്ഞ അദ്ദേഹം അധികാരത്തിനു മുൻപിൽ ഒരിക്കലും തലകുനിച്ചിട്ടില്ല.
ഏറ്റവും കൃത്യമായി തൻ്റെ സർഗ്ഗ സൃഷ്ടികളെ സാമൂഹ്യ വിമർശനത്തിനും മനുഷ്യമനസ്സിനെ അടയാളപ്പെടുത്തുന്നതിനും ഉപയോഗിച്ച വ്യക്തിത്വമായിരുന്നു എം.ടി. മൂന്നോ നാലോ തലമുറകളെ ഒപ്പം നടത്തിയ എഴുത്തുകാരനാണ്. വ്യക്തിപരമായി വലിയ വാത്സല്യം അദ്ദേഹം പകർന്നിരുന്നുവെന്നും വി.ടി. ബൽറാം കൂട്ടിച്ചേർത്തു.
ALSO READ: പുസ്തകങ്ങളുടെ പൂമുഖത്ത് മലയാളിയെ പിടിച്ചിരുത്തിയ എം.ടി
കേരളത്തിന്റെ ചരിത്രം മനസിലാക്കാൻ എം ടി യുടെ രചനകൾ സഹായിക്കുമെന്നായിരുന്നു എ.കെ ബാലൻ്റെ പ്രതികരണം. എം ടിയുടെ വിയോഗം മലയാള സാഹിത്യത്തിന് തീരാ നഷ്ടമെന്നായിരുന്നു കെ. സുരേന്ദ്രൻ്റെ പ്രതികരണം. അദ്ദേഹം തിരിച്ചുപോകുന്നത് ചരിത്രത്തിൻ്റെ ഭാഗമായെന്നും സുരേന്ദ്രൻ പറഞ്ഞു.
'എം ടി തുടർന്നും വായിക്കപ്പെടും. അദ്ദേഹത്തിൻ്റെ കൃതികൾ സമൂഹത്തെ ചിട്ടപ്പെടുത്താൻ സഹായിച്ചു',കെ കെ ശൈലജ എംഎൽഎ പറഞ്ഞു. എം ടിക്ക് തുല്യം എം ടി മാത്രമെന്ന് എം കെ രാഘവൻ എം പി. അദ്ദേഹത്തിന് സംസ്ഥാന സർക്കാർ നിത്യ സ്മാരകം പണിയണമെന്നും എം. കെ രാഘവൻ നിർദേശിച്ചു. മലയാളിയുടെ ഹൃദയ ഭാഷയായിരുന്നു എം ടി എഴുതിയതെന്ന് കെ. എം. ഷാജി പ്രതികരിച്ചു.