2012 നാട്ടാന പരിപാലന ചട്ടങ്ങളും 2015 ലെ സുപ്രീം കോടതി ഉത്തരവും നിലനിൽക്കെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് ഹൈക്കോടതി പുറത്തിറക്കിയ മാർഗരേഖക്ക് എതിരെ പ്രതിഷേധം ശക്തം. കോടതി നിർദേശങ്ങൾ അപ്രായോഗികമാണെന്നും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഉത്തരവ് തിരിച്ചടിയാണെന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്. തൃശൂർ പൂരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളും കോടതി ഉത്തരവിന് പിന്നിലുണ്ടെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.
കൂട്ടക്കുരുതി നടന്ന യുദ്ധ ക്യാമ്പുകളുടെ സമാനമാണ് കേരളത്തിലെ നാട്ടാനകളുടെ അവസ്ഥയെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 2012 നാട്ടാന പരിപാലന ചട്ടങ്ങളും 2015 ലെ സുപ്രീം കോടതി ഉത്തരവും നിലനിൽക്കെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി പുതിയ ഉത്തരവ് പുറത്തിറക്കിയത്. ആനകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ഉത്തരവ് പുറത്തിറങ്ങിയതോടെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. പൂര പ്രേമികളുടെ നേതൃത്വത്തിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് മുന്നിലാണ് ആദ്യ പ്രതിഷേധം നടന്നത്.
Also Read; ആന എഴുന്നള്ളിപ്പിന് കർശന നിർദേശങ്ങള്‍; മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി
എഴുന്നള്ളിപ്പിന് എത്തുമ്പോൾ ആനയും ജനങ്ങളും തമ്മിൽ ആറ് മീറ്റർ ദൂരം പാലിക്കണം. ഒന്നിലേറെ ആനകൾ ഉണ്ടെങ്കിൽ പരസ്പരം മൂന്ന് മീറ്റർ അകലം വേണം . ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആനകൾക്ക് ചുരുങ്ങിയത് എട്ട് മണിക്കൂർ വിശ്രമം. ആനകളുമായുള്ള യാത്രകൾക്ക് രാത്രികാലങ്ങളിൽ കർശന നിയന്ത്രണം നടപ്പിലാക്കണം തുടങ്ങി ഒട്ടേറെ നിർദേശങ്ങളാണ് ഹൈക്കോടതി മുന്നോട്ട് വയ്ക്കുന്നത്.
ഹൈക്കോടതി ഉത്തരവ് അപ്രായോഗികമാണെന്നും കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ഇത് നടപ്പിലാക്കാൻ ആവില്ലെന്നുമാണ് പ്രതിഷേധക്കാർ ഒരു പോലെ ആവർത്തിക്കുന്നത്. തൃശൂർ പൂരത്തിന് മാത്രമല്ല സംസ്ഥാനത്തെ മുഴുവൻ ആരാധനാലയങ്ങളിലെയും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും കോടതി ഉത്തരവ് തിരിച്ചടിയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.