കൃഷ്ണദാസ് പ്രഭുവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാണ്
ഇസ്കോൺ മതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സർക്കാർ. ഹിന്ദുമത സംഘടനയായ ഇസ്‌കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഇസ്കോൺ അഥവ ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ് സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ചിന്മയ് കൃഷ്ണദാസിൻ്റെ അറസ്റ്റിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും കൃഷ്ണദാസിന്‍റെ അനുനായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറായ സൈഫുൽ ഇസ്ലാം മരിച്ചതും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ ഹർജി പരിഗണിക്കവെ ഇസ്‌കോൺ എന്താണെന്നും എങ്ങനെയാണ് ബംഗ്ലാദേശിൽ സ്ഥാപിക്കപ്പെട്ടതെന്നും അറ്റോർണി ജനറലിനോട് കോടതി ആരാഞ്ഞു.
'ഇസ്‌കോണ്‍' ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ഒരു മതമൗലികവാദ സംഘടനയാണെന്നും അറ്റോര്‍ണി ജനറല്‍ മുഹമ്മദ് അസദുസ്സമാന്‍ ഹൈക്കോടതിയെ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വാദത്തിന് പിന്നാലെ 'ഇസ്‌കോണി'നെ സംബന്ധിച്ചുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും കോടതി നിർദേശം നൽകി.
Also Read: ഇസ്രയേൽ- ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ: ലെബനനിൽ ആഘോഷങ്ങൾക്ക് തുടക്കമായി
ഇസ്‌കോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയെ ബംഗ്ലാദേശ് നാഷണൽ ഹിന്ദു ഗ്രാൻഡ് അലയൻസ് ജനറൽ സെക്രട്ടറി മൃത്യുഞ്ജയ് കുമാർ റോയ് ശക്തമായി അപലപിച്ചു. സമാധാന സ്വഭാവമുള്ള ഹിന്ദു സംഘടനയാണ് ഇസ്കോണ്‍ എന്നും ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും റോയ് പറഞ്ഞു.
ബംഗ്ലാദേശ് സർക്കാരിനെതിരെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചായിരുന്നു ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് എന്ന കൃഷ്ണദാസ് പ്രഭുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കൃഷ്ണ ദാസിനെ ചൊവ്വാഴ്ച ചിറ്റഗോംഗ് കോടതിയിൽ ഹാജരാക്കി. എന്നാല്‍ കോടതി ഇയാളുടെ ജാമ്യാപേക്ഷ തള്ളി കസ്റ്റഡിയിൽ വിടുകയായിരുന്നു. ബംഗ്ലാദേശിൻ്റെ ദേശീയ പതാക പ്രദർശിപ്പിച്ചിരുന്ന സ്റ്റാൻഡിൽ മറ്റൊരു പതാക ഉയർത്തിയതിൻ്റെ പേരിൽ ദാസിനെതിരെ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിട്ടുണ്ട്. കൃഷ്ണദാസ് പ്രഭുവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമാണ്.