അന്‍വറിന്‍റെ പ്രചരണങ്ങളെ പ്രതിരോധിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ആഹ്വാനത്തിനു പിന്നാലെയായിരുന്നു പ്രതിഷേധങ്ങള്‍
എൽഡിഎഫിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പി.വി. അൻവറിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം. കോഴിക്കോടും നിലമ്പൂരിലും പ്രവർത്തകർ അൻവറിന്‍റെ കോലം കത്തിച്ചു. അന്‍വറിന്‍റെ പ്രചരണങ്ങളെ പ്രതിരോധിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ആഹ്വാനത്തിനു പിന്നാലെയായിരുന്നു പ്രതിഷേധങ്ങള്‍.
നിലമ്പൂരില്‍ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. 'ചെങ്കൊടി തൊട്ട് കളിക്കണ്ട' എന്ന ബാനറും അന്‍വറിന്‍റെ കോലവുമായിട്ടായിരുന്നു പ്രകടനം. പ്രകടനത്തില്‍ അന്‍വറിനെതിരെ സിപിഎം പ്രവർത്തകർ 'വർഗവഞ്ചകന്‍' എന്ന് മുദ്രാവാക്യവും മുഴക്കി. തുടർന്ന് പ്രവർത്തകർ അന്‍വറിന്‍റെ കോലം കത്തിച്ചു. നിലമ്പൂർ എടക്കര ഏരിയ കമ്മിറ്റിയുടെ പ്രതിഷേധത്തിന്‍റെ ബാനർ 'വർഗവഞ്ചകരുടെയും ഒറ്റുകാരുടെയും സ്ഥാനം ചവറ്റുകുട്ടയിലായിരുക്കും' എന്നായിരുന്നു. എടക്കരയിൽ പി.വി. അൻവറിനെതിരെ ഡിവൈഎഫ്ഐ ഫ്ലക്സ് ബോർഡും വെച്ചു. അൻവർ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന, ഒറ്റിക്കൊടുക്കുന്ന, വർഗ്ഗ വഞ്ചകൻ എന്നായിരുന്നു ഫ്ലക്സ്. അൻവർ വലതു പക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നുവെന്നും ഡിവൈഎഫ്ഐ എടക്കര ബ്ലോക്ക് കമ്മറ്റിയുടെ ഫ്ലക്സ് ബോർഡില്‍ പറയുന്നു. അന്‍വറിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തില്‍ പി. മോഹനൻ മാസ്റ്റർ, എ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.
Also Read: ഇനി തീപ്പന്തം പോലെ കത്തും, ജന പിന്തുണയുണ്ടെങ്കിൽ പാര്‍ട്ടി രൂപീകരിക്കും : പി.വി. അന്‍വര്‍
സിപിഎമ്മിനോടുള്ള യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ കരിപ്പൂർ വിമാനത്താവളത്തിലെ ഗോൾഡ് അപ്രൈസർ ഉണ്ണിയുടെ വീട് അൻവർ സന്ദർശിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ പിടിക്കുന്ന സ്വർണം അളക്കുന്നത് ഉണ്ണിയാണ്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവാണ് കൊട്ടാരം പോലുള്ള ഉണ്ണിയുടെ വീടെന്നാണ് അൻവറിന്‍റെ ആരോപണം. കരിപ്പൂർ വിമാനത്താവളത്തില്‍ പിടിക്കുന്ന സ്വർണം രേഖപ്പെടുത്തുന്നതില്‍ അന്‍വർ ക്രമക്കേട് ആരോപിച്ചിരുന്നു.
Also Read: 'കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവ്'; അന്‍വറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവായി അന്‍വർ മാറിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിമർശനം. എല്‍ഡിഎഫുമായുള്ള അന്‍വറിന്‍റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് ബന്ധം അവസാനിച്ചു എന്ന് സെക്രട്ടറി പറഞ്ഞാൽ, അത് അങ്ങനെ തന്നെ, എന്നാണ് അന്‍വറിന്‍റെ പ്രതികരണം.ജന പിന്തുണയുണ്ടെങ്കിൽ പുതിയ ജനാധിപത്യ സോഷ്യലിസ്റ്റ് സമ്പൂർണ മതേതര സംഘടന രൂപീകരിക്കുമെന്ന് അന്‍വർ പറഞ്ഞു