അർധ ദൈവങ്ങളുടെയും അതിമാനുഷികരുടെയും ഐതിഹാസിക കഥയെ മനുഷ്യത്വവത്കരിച്ച എംടിയുടെ ക്ലാസിക്കാണ് രണ്ടാമൂഴം
മലയാളത്തിലെ നോവല്‍ സാഹിത്യത്തിലെ ക്ലാസിക്കുകളെടുത്താൽ അതിൽ എംടിയുടെ രണ്ടാമൂഴമുണ്ടാകും. ഐതിഹാസിക കഥാപാത്രമായ ഭീമന്‍റെ വീക്ഷണകോണിലൂടെ അവതരിപ്പിച്ച രണ്ടാമൂഴം,മോഹന്‍ലാലിന്‍റെ നായകത്വത്തില്‍ സിനിമയാകണമെന്ന സ്വപ്നം ബാക്കിയാക്കി എം.ടി മടങ്ങുകയാണ്.
അർധ ദൈവങ്ങളുടെയും അതിമാനുഷികരുടെയും ഐതിഹാസിക കഥയെ മനുഷ്യത്വവത്കരിച്ച എംടിയുടെ ക്ലാസിക്കാണ് രണ്ടാമൂഴം. ഭാരതകഥയുടെ പൊളിച്ചെഴുത്തല്ല,അദ്ദേഹത്തിന്‍റെ തന്നെ വാക്കുകളില്‍ വ്യാസന്‍റെ മൗനത്തിന് എം.ടി നല്‍കിയ ഭാഷ്യമാണ് നോവല്‍. മഹാഭാരത്തെ അമാനുഷികമായി മാത്രം ജനതയോട് അതിലെ കഥാപാത്രങ്ങളെ മനുഷ്യരായിക്കണ്ടുള്ള ആത്മസംഘർഷങ്ങളിലാണ് രണ്ടാമൂഴത്തിൽ വ്യാപരിച്ചത്.
ALSO READ: എം.ടിയെന്ന എഴുത്തുകാരനോളം തിളക്കമുള്ള പത്രാധിപർ; വിടവാങ്ങിയത് പത്രം അച്ചടിക്കാത്ത ദിനം
ജ്ഞാനപീഠ പുരസ്കാരാർഹമായ മറാഠി നോവല്‍ യയാതി അടക്കം ഭാരതകഥയ്ക്ക് അത്തരം ഭാഷ്യങ്ങള്‍ സമ്പന്നമാണ്. എന്നാല്‍ എംടിയുടെ രണ്ടാമൂഴം ഇതിഹാസമല്ല. പുനർവ്യാഖ്യാനങ്ങള്‍ക്ക് പഴുതുള്ള ഭാരതകഥയുടെ സ്വതന്ത്രാവിഷ്കാരമാണ്. അമാനുഷിക ശക്തിയില്ലാത്ത കേവല മനുഷ്യരുടെ കുടുംബകഥയാണത്. ധർമ്മത്തിന്‍റെയും അധർമ്മത്തിന്‍റെയും കറുപ്പ്-വെളുപ്പ് ദ്വന്ദങ്ങളിലൊതുങ്ങാത്ത കഥാപാത്രങ്ങളുടെ പ്രണയത്തിന്‍റെയും രതിയുടെയും വിദ്വേഷത്തിന്‍റെയും ചതിയുടെയുമെല്ലാം രണ്ടാമൂഴക്കാഴ്ചകള്‍.
യുദ്ധത്തിന്‍റെ ഒരുക്കങ്ങളില്‍ ആദ്യത്തേത് ചിതയൊരുക്കലാണെന്ന് രണ്ടാമൂഴം പറയുന്നു. ധർമ്മപരിപാലനത്തിന് ബന്ധുത്വം ബാധ്യതയല്ലെന്ന ഗീതോപദേശം. ഭാരതകഥയെ മനുഷ്യവത്കരിക്കുക മാത്രമല്ല, യുക്തിവത്കരിക്കുക കൂടിയാണ് രണ്ടാമൂഴം ചെയ്തത്.
ALSO READ: മലയാളികളുടെ സുകൃതം... എംടിയും മമ്മൂട്ടിയും ചേര്‍ന്നുണ്ടാക്കിയ രസതന്ത്രം
സ്ത്രീയെ പണയപണ്ഡമാക്കിയവരും പാഥേയമാക്കിയവരും തമ്മിലെ ചേരിയുദ്ധമെന്ന് മഹായുദ്ധത്തെ എംടി തള്ളിക്കളയുന്നു. സ്ത്രീകളുടെ കണ്ണീർ കണ്ടാനന്ദിക്കുന്ന കുരുവംശമെന്ന് ആഞ്ഞടിക്കുന്നു. സർവ്വംസഹികളും പരിത്യാഗികളുമാണ് സ്ത്രീകളെന്ന ധാരണപൊളിച്ച് പ്രായോഗിക വാദികളും രാജതന്ത്രങ്ങളെ സ്വീധീനിക്കുന്നവരുമാണെന്ന് കാണിക്കുന്നു. മനുഷ്യന്‍റെ വെെകാരിക ദുർബലതകള്‍ തുറന്നുകാട്ടുന്നു.
ഭീമപുത്രനെങ്കിലും കാട്ടാളനായ ഘടോല്‍കജന്‍റെ മരണം ക്ഷത്രീയനായ അഭിമന്യുവിന്‍റേതിന് സമാനമല്ലെന്ന് കാണിച്ചുതരുന്നു. വായുപുത്രനല്ല നിഷാദ പുത്രനാണ് ഭീമനെന്ന് വെളിപ്പെടുത്തുന്നു. അങ്ങനെ, യുദ്ധവും സ്ത്രീയും സ്വത്വവും രണ്ടാമൂഴത്തില്‍ പുനർവായനയുടെ സാധ്യതയുണ്ടാക്കുന്നതാണ് എംടിയുടെ ക്ലാസിക്കില്‍ ചിലർക്കെങ്കിലും ദഹനക്കേടുണ്ടാക്കുന്നത്.
ALSO READ: തോറ്റുപോയവരും മാറ്റി നിര്‍ത്തപ്പെട്ടവരും; ജീവിതമാകുന്ന ദുരിതപ്പുഴയിലെ നീന്തല്‍ക്കാര്‍
ദൂരദൃഷ്ടിയില്‍ മറഞ്ഞ കഥാപാത്രങ്ങളില്‍ പലതും വികസിപ്പിച്ചെടുത്ത് ചലചിത്ര രൂപത്തില്‍ രണ്ടാമൂഴം അവതരിപ്പിക്കാന്‍ തിരക്കഥ തയ്യാറാക്കിയ എംടി ഒടുവില്‍ ആ സ്വപ്നം ബാക്കിവയ്ക്കുകയാണ്. മോഹന്‍ലാല്‍ ഭീമനായി, മലയാളത്തിനൊപ്പം നാലു ഭാഷകളില്‍, രണ്ടുഭാഗങ്ങളിലായി ബ്രഹ്മാണ്ഡചിത്രമായിരിക്കും അതെന്നും 2020 ൽ ചിത്രത്തിന്‍റെ ആദ്യഭാഗം റിലീസാകും എന്നുമായിരുന്നു റിപ്പോർട്ടുകള്‍.
എന്നാല്‍ നിയമപോരാട്ടത്തില്‍ അവസാനിച്ച ആ കരാറിനൊപ്പം രണ്ടാമൂഴവും എങ്ങുമെത്താതെ അവസാനിച്ചു. എന്നാല്‍ എംടിയെന്ന സാഹിത്യ കുലപതിയുടെ വാക്കിലെ ദൃശ്യഭാഷയുടെ കരുത്തിൽ, ഇനി വരാനിരിക്കുന്ന തലമുറകളിലും രണ്ടാമൂഴം കാലാതീതമായിത്തന്നെ നിലനിൽക്കും.