സ്വന്തം മകളെ വിവാഹം കഴിപ്പിച്ച ആത്മീയ നേതാവ് സദ്ഗുരു എന്തുകൊണ്ട് ബാക്കിയുള്ള യുവതികളെ സന്യാസിനിമാരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന ചോദ്യവുമായി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ്.എം സുബ്രഹ്‌മണ്യന്‍, വി. ശിവജ്ഞാനം എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ചോദ്യം.
ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനായ സദ്ഗുരുവിനെതിരെ മുന്‍ പ്രൊഫസര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. തന്റെ വിദ്യാസമ്പന്നരായ രണ്ട് പെണ്‍കുട്ടികളെ സദ്ഗുരു 'ബ്രെയിന്‍വാഷ്' ചെയ്ത് ഇഷ യോഗ സെന്ററിനെ സ്ഥിരം അന്തേവാസികളാക്കി മാറ്റിയെന്നാണ് പ്രൊഫസറുടെ പരാതി. കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാലയിലെ മുന്‍ അധ്യാപകനായ എസ്. കാമരാജാണ് സദ്ഗുരുവിനെതിരെ കോടതിയെ സമീപിച്ചത്. യോഗ സെന്ററില്‍ കഴിയുന്ന തന്റെ പെണ്‍മക്കളെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നാണ് ആവശ്യം.
ഇദ്ദേഹത്തിന്റെ 42 ഉം 39 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരായി. തങ്ങളെ ആരും തടവിലാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ അന്തേവാസികളായി കഴിയുന്നതെന്നും യുവതികള്‍ കോടതിയെ അറിയിച്ചു.
ALSO READ: സ്വർണക്കടത്ത് കേസിൽ ഇഡിക്ക് വാദത്തിന് താൽപര്യമില്ലേ? വിമർശിച്ച് സുപ്രീം കോടതി
പത്ത് വര്‍ഷത്തോളമായി നിലനില്‍ക്കുന്നതാണ് പ്രസ്തുത കേസ് എന്നതാണ് ശ്രദ്ധേയം. പെണ്‍മക്കള്‍ തങ്ങളെ ഉപേക്ഷിച്ചു പോയതിനു പിന്നാലെ, ജീവതം നരകതുല്യമായി മാറിയെന്നാണ് മാതാപിതാക്കളുടെ പരാതി. കേസ് കൂടുതല്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട കോടതി ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും പട്ടിക തയ്യാറാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.
സ്വന്തം മകളെ വിവാഹം കഴിപ്പിച്ച വ്യക്തി എന്തിനാണ് മറ്റുള്ളവരുടെ പെണ്‍മക്കളെ സന്യാസ ജീവിതത്തിന് പ്രേരിപ്പിക്കുന്നത് എന്നറിയണമെന്നായിരുന്നു ജസ്റ്റിസ് ശിവജ്ഞാനത്തിന്റെ ചോദ്യം. സ്ത്രീകള്‍ സ്വമേധയാ തയ്യാറാകുന്നതാണെന്നായിരുന്നു ഇഷ ഫൗണ്ടേഷന്റെ മറുപടി.
സ്വന്തം വഴി തിരഞ്ഞെടുക്കാന്‍ മുതിര്‍ന്ന വ്യക്തികള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. വിവാഹിതരാകാനോ, സന്യസിക്കാനോ ആരേയും നിര്‍ബന്ധിക്കാറില്ല. ബ്രഹ്‌മചാരികളോ സന്യാസികളോ ആയവര്‍ക്കൊപ്പം സന്യാസികളല്ലാത്ത നിരവധി അന്തേവാസികളും ഇഷ യോഗ സെന്ററില്‍ കഴിയുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു.