പൊതു ദർശനം വേണ്ടെന്നത് അദ്ദേഹത്തിന്റെ നിലപാടിന്റെ ശക്തിയാണെന്നും എഴുത്തുകാരി എടുത്തുപറഞ്ഞു
ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും അമൂല്യ സംഭാവന നൽകിയ ജീനിയസാണ് എം.ടി. വാസുദേവന്‍ നായരെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. കൈവെച്ച എല്ലാ മേഖലകളിലും അതുല്യമായ തിളക്കം സമ്മാനിച്ചു. എം.ടിയുടെ ജീവിതം സമ്പന്നവും സമ്പൂർണവുമായിരുന്നു. അദ്ദേഹത്തിനായി കേരളം കാത് കൂർപ്പിച്ചിരുന്നുവെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
സാംസ്കാരിക ജീവിതം കൊണ്ട് മാത്രമല്ല കേരളീയ ജീവിതങ്ങളില്‍ അദ്ദേഹം നടത്തിയ അതിനിർണായകമായ ഇടപെടലുകളും അതുല്യമാണെന്നും സാറാ ജോസഫ് ചൂണ്ടിക്കാട്ടി. പൊതു ദർശനം വേണ്ടെന്നത് അദ്ദേഹത്തിന്റെ നിലപാടിന്റെ ശക്തിയാണെന്നും എഴുത്തുകാരി എടുത്തുപറഞ്ഞു.
Also Read: പുസ്തകങ്ങളുടെ പൂമുഖത്ത് മലയാളിയെ പിടിച്ചിരുത്തിയ എം.ടി
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍റ അന്ത്യം. ഇന്ന് വൈകിട്ട് നാല് വരെ എം.ടിയുടെ വസതിയായ സിതാരയില്‍ പൊതുദർശനമുണ്ടാകും. അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
Also Read: ഹരിഹരൻ്റെ നിർബന്ധത്തിൽ മനസില്ലാമനസോടെ ഗാനരചയിതാവായ എംടി
മലയാള സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച എം.ടിക്ക് ആദരമർപ്പിക്കാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തിന്‍റെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ഇ.പി. ജയരാജന്‍, പാണക്കാട് സാദിഖലി തങ്ങള്‍, മുഹമ്മദ് റിയാസ്, നടന്മാരായ മോഹന്‍ലാല്‍, വിനീത്, സംവിധായകന്‍ ഹരിഹരന്‍, എം. മുകുന്ദന്‍ എന്നിങ്ങനെ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ എംടിക്ക് അന്തിമോപചാരം അർപ്പിച്ചു.