വ്യാജ പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്ന് സർക്കാർ
സുജിത് ദാസ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കള്ളപ്പരാതിയാണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. ബലാത്സംഗ പരാതി നല്‍കിയിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാരോപിച്ച് വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം.
പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ല. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണ്. എസ്പി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാനുള്ള തെളിവില്ല. വ്യാജ പരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും. പരാതിക്കാരി നല്‍കിയ മൊഴിയില്‍ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളും തീയതിയുമെല്ലാം പരസ്പരവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കമുള്ളവ പരിശോധിച്ചു. കേസെടുക്കാനുള്ള യാതൊരു തെളിവുമില്ലെന്നും പരാതിക്കാരിയുടെ ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു.
Also Read: നാടകീയം സഭ; നിയമസഭയിൽ പ്രതിപക്ഷ-വാച്ച് ആൻഡ് വാർഡ് കൈയ്യാങ്കളി, ഇന്നത്തേക്ക് പിരിഞ്ഞു
പൊന്നാനി സിഐ ആയിരുന്ന വിനോദ്, ഡിവൈഎസ്പി വി.വി. ബെന്നി, എസ് പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി. മലപ്പുറത്ത് വസ്തു പ്രശ്നം പരിഹരിക്കാനെത്തിയ യുവതി ആദ്യം പൊന്നാനി സിഐ ആയിരുന്ന വിനോദിന് പരാതി നല്‍കിയെന്നും ഇതിനു പിന്നാലെ വിനോദ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. പിന്നീട് മറ്റു പൊലീസുകാരും യുവതിയെ പല സ്ഥലങ്ങളില്‍ നിന്നായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നു.
Also Read: അജിത് കുമാറിനെ മാറ്റിയത് ശിക്ഷണ നടപടി, സിപിഐ സമ്മർദ്ദം പ്രയോഗിക്കുന്നില്ല: വി.എസ്. സുനിൽ കുമാർ
പീഡന പരാതി വ്യാജമാണെന്ന് സുജിത് ദാസും ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും നേരത്തേ ആരോപിച്ചിരുന്നു. വീട്ടമ്മ ഉന്നയിച്ച പീഡന പരാതിയില്‍ കഴമ്പില്ലെന്നത് നേരത്തെ കണ്ടെത്തിയതാണെന്ന് സുജിത് ദാസ് വ്യക്തമാക്കിയിരുന്നു. മുട്ടില്‍ മരംമുറി കേസിലെ ഉദ്യോഗസ്ഥനായ തന്നെ മനഃപൂര്‍വ്വം കുടുക്കാനാണ് ആരോപണം എന്ന് ഡിവൈഎസ്പി ബെന്നി ആരോപിച്ചത്. സിഐ വിനോദും പീഡന പരാതി വ്യാജമാണെന്ന് പ്രതികരിച്ചിരുന്നു.