കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് SFI- KSU സംഘടനകളുടെ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇടുക്കി കട്ടപ്പന ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. 9 പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് കെ എസ് യു ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് SFI- KSU സംഘടനകളുടെ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിൽ പരിക്കേറ്റ വനിത ഉൾപ്പെടെ ആറു കെ എസ് യു പ്രവർത്തകരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ് യു പ്രവർത്തകരുടെ തലയ്ക്കും മറ്റ് ശരീരഭാഗങ്ങളിലും മർദനമേറ്റു. നഞ്ചക്കും മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യു മുന്നേറ്റം ഉണ്ടാക്കിയതിൽ പ്രകോപിതരായാണ് എസ് എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നതിന് കെഎസ് യു ജില്ല കമ്മിറ്റി പറയുന്നു.
Also Read; ഒന്നുകിൽ കോൺഗ്രസിനെ പിന്തുണയ്ക്കണം, അല്ലെങ്കിൽ മൂന്ന് മുന്നണികളോടും മത്സരിച്ച് കരുത്തുകാട്ടണം; വെട്ടിലായി പി.വി. അൻവർ
സംഘർഷത്തിൽ പരിക്കേറ്റ നാല് എസ് എഫ് ഐ പ്രവർത്തകരെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ പ്രകോപിതരായ കെ എസ് യു പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ പ്രവർത്തകർ പറയുന്നു. കട്ടപ്പന പൊലീസ് പരിക്കേറ്റവരുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷത്തെ തുടർന്ന് കട്ടപ്പന ഗവൺമെന്റ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പിടിഎ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.