പരിക്കേറ്റവരുടെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
പ്രയാഗ് രാജിൽ കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് അപകടം. 30 പേർക്ക് പരിക്കേറ്റു എന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് പുലർച്ചെ അമൃത് സ്നാനത്തിനിടെയാണ് അപകടമുണ്ടായത്. ബാരിക്കേഡ് തകർന്നാണ് അപകടത്തിനിടയാക്കിയത്. ഇതോടെ ചടങ്ങുകൾ നിർത്തിവെച്ചിരുന്നു.
എന്നാൽ മേള പ്രദേശത്തെ മറ്റ് സംഗമത്തിലും ഘാട്ടുകളിലും ചടങ്ങുകൾ തുടർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മേളയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ അറിയിച്ചു. പരിക്കേറ്റവരുടെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിക്കിലും തിരക്കിലും പെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്. അതേസമയം, അപകടത്തിൽ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചില്ല. അപകടത്തിൽ അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ യുപി സർക്കാരിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്തി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. അപകട സാഹചര്യം സർക്കാർ വിലയിരുത്തുന്നുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സ്നാനത്തിനായി സമീപമുള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കണമെന്നും തീർത്ഥാടകർക്ക് മുഖ്യമന്തി നിർദേശം നൽകി.