ചരിത്രത്തിന്റെ ഭാഗമായ ചിത്രത്തിന് ഇപ്പോൾ പുതിയ അവകാശി ഉണ്ടായിരിക്കുന്നു. ഫോട്ടോ എടുത്തത് നിക്ക് ഊട്ട് അല്ലെന്നാണ് അവരുടെ വാദം.
നാം പാം ഗേള് ചിത്രം
നാപാം ബോംബാക്രമണത്തിൽ പൊള്ളലേറ്റ ഒരു കൊച്ചു പെൺകുട്ടി. തീപിടിച്ച വസ്ത്രങ്ങൾ ഊരിയെറിഞ്ഞ്, പൊള്ളിയടർന്ന ദേഹവുമായി, സഹായത്തിനായി കൈകളുയർത്തി അലറിക്കരഞ്ഞുകൊണ്ട്, തെരുവിലൂടെ ഓടുന്ന ചിത്രം. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത പറഞ്ഞ ചിത്രം. ഒൻപതുകാരിയായ ഫാന് തി കിം ഫുക് ആയിരുന്നു അന്ന് ട്രാങ് ബാങ് തെരുവിലൂടെ ഓടിയത്. ദി ടെറർ ഓഫ് വാർ എന്ന് പേരിട്ട ചിത്രം നാപാം ഗേൾ എന്ന പേരിൽ ഏറെ പ്രശസ്തമായി. അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറായിരുന്ന നിക്ക് ഉട്ടിന് 1972ൽ പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്ത ചിത്രം. ചരിത്രത്തിന്റെ ഭാഗമായ ചിത്രത്തിന് ഇപ്പോൾ പുതിയ അവകാശി ഉണ്ടായിരിക്കുന്നു. ഫോട്ടോ എടുത്തത് നിക്ക് ഊട്ട് അല്ലെന്നാണ് അവരുടെ വാദം. വിവാദം കൊഴുക്കുകയാണ്.
യു.എസിലെ യൂട്ടായിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘ദി സ്ട്രിങ്ങർ’ എന്ന ഡോക്യൂമെന്ററിയാണ് നാ പാം ഗേളിന് പുതിയ അവകാശിയെ പ്രഖ്യാപിച്ചത്. ചിത്രം എടുത്തത് നിക്ക് ഉട്ട് അല്ലെന്നും, ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആയിരുന്ന ന്യൂയെൻ ടാൻ നെ ആണെന്നുമാണ് ദി സ്ട്രിങ്ങറിന്റെ അവകാശവാദം. ഡോക്യുമെന്ററി പ്രദർശത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ, ടാൻ നെയും ഇക്കാര്യം വ്യക്തമാക്കി. 1972 ജൂൺ എട്ടിനാണ് ആ ഫോട്ടോയെടുത്തത്. എൻബിസി വാർത്താസംഘത്തിനൊപ്പം ഡ്രൈവറായാണ് അന്നേദിവസം ട്രാങ് ബാങ്ങിലെത്തിയത്. അവിടെവച്ചാണ് ബോംബാക്രമണത്തിൽ പേടിച്ചരണ്ട്, നിലവിളിച്ച് നിരത്തിലൂടെ നഗ്നയായി ഓടിവരുന്ന പെൺകുട്ടിയുടെ ചിത്രമെടുത്തത്. സ്ട്രിങ്ങറെന്ന നിലയിൽ 20 ഡോളറിന് ചിത്രം എ.പിക്ക് വിറ്റു. ചിത്രത്തിന്റെ ഒരു പ്രിന്റ് അവർ നൽകിയിരുന്നു. എന്നാൽ ഭാര്യ അത് നശിപ്പിച്ചെന്നും നെ പറയുന്നു.
വിയറ്റ്നാമീസ് അമേരിക്കൻ ചലച്ചിത്രകാരൻ ബാവോ എൻഗുയെനാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. ആംഗ്ലോ അമേരിക്കൻ ഫോട്ടോഗ്രാഫറും, സെവൺ ഫോട്ടോ ഏജൻസി സ്ഥാപകനുമായ ഗാരി നൈറ്റ് ഉൾപ്പെടെ, ഒരുപറ്റം സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരുടെ രണ്ട് വർഷത്തെ സത്യാന്വേഷണം എന്ന നിലയിലാണ് ഡോക്യുമെന്ററി പുറത്തുവന്നിരിക്കുന്നത്. അമേരിക്കൻ സൈന്യം യുദ്ധം നടത്തിയ ഒരു രാജ്യത്ത് പ്രവർത്തിച്ചിരുന്ന യുഎസ് വാർത്താ സ്ഥാപനത്തിൻ്റെ കൊളോണിയൽ മാനസികാവസ്ഥയാണ് ഡോക്യുമെൻററി പറയുന്നതെന്നാണ് സംവിധായകൻ എൻഗുയെന്റെ ഭാഷ്യം. വിയറ്റ്നാം യുദ്ധകാലത്ത് എ.പിയുടെ ഫോട്ടോ എഡിറ്ററായിരുന്ന കാൾ റോബിൻസനാണ് ഡോക്യുമെന്ററിയുടെ പ്രധാന സ്രോതസ്സുകളിലൊന്ന്. സ്ട്രിങ്ങറിൽനിന്ന് വാങ്ങിയ ഫോട്ടോ എപിയുടേതാക്കി മാറ്റാൻ സെയ്ഗോൺ ബ്യൂറോയിലെ ഫോട്ടോഗ്രഫി മേധാവിയായിരുന്ന ഹോഴ്സ്റ്റ് ഫാസ് നിർദേശിച്ചിരുന്നു. അങ്ങനെയാണ് നിക്ക് ഉട്ടിന്റെ പേരിൽ ചിത്രം പ്രസിദ്ധീകരിച്ചതെന്നാണ് റോബിൻസൻ പറയുന്നത്. അര നൂറ്റാണ്ടായി ഞാനീ ഭാരം ചുമക്കുന്നു. എവിടെയും ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. ആ ചിത്രം കണ്ടപ്പോൾ, അത് ഉപയോഗിക്കാനാകില്ലല്ലോ എന്നാണ് ആദ്യം തോന്നിയത്. കാരണം, അതിലെ പെൺകുട്ടിക്ക് വസ്ത്രമില്ലായിരുന്നു. ചിത്രം ഫ്രണ്ട് ആംഗിളിൽനിന്ന് ഉള്ളതായിരുന്നു. അതേസമയം, നിക്ക് ഉട്ടിന്റേത് സൈഡ് ആംഗിളിൽ നിന്നുള്ള പടമായിരുന്നു. എന്നാൽ സ്ട്രിങ്ങറുടെ പടം ഉപയോഗിക്കാൻ ഫാസ് പറഞ്ഞു. അദ്ദേഹമായിരുന്നു എന്റെ ബോസ്. തീരുമാനവും അദ്ദേഹത്തിന്റേതായിരുന്നു. ഞാൻ ചിത്രത്തിന് അടിക്കുറിപ്പ് എഴുതി. എന്നിട്ട് അതിൽ സ്ട്രിങ്ങർ എന്നതിന്റെ സൂചകമായി എസ്.ടി.ആർ എന്നും ചേർത്തു. അപ്പോൾ ഫാസ് പറഞ്ഞു. ഫോട്ടോയുടെ ക്രെഡിറ്റ് നിക്ക് ഉട്ട് എന്നാക്കുക. എസ്.ടി.ആർ മാറ്റി സ്റ്റാഫ് എന്നതിന്റെ സൂചകമായ എസ്.ടി.എഫ് എന്നാക്കുക. ഞാനങ്ങനെ ചെയ്തു. ആ സ്ട്രിങ്ങർ ഞങ്ങളുടെ വാർത്താ സംഘത്തിന്റെ ഭാഗമായിരുന്നില്ല. അതിനാൽ, പേര് അത്ര പരിചിതമല്ല. അത് ഓർക്കുന്നില്ലെന്നുമാണ് റോബിൻസൻ ഗാരി നൈറ്റിനോട് വെളിപ്പെടുത്തിയത്. എ.പിയുടെ പ്രോട്ടോക്കോൾ അനുസരിച്ച്, സ്ട്രിങ്ങർമാർക്ക് പണം നൽകി ഫോട്ടോ വാങ്ങാം. അവരുടെ പേരുകൾ ചേർക്കാം, ചേർക്കാതിരിക്കാം. ഫ്രഞ്ച് ഫോറൻസിക് ടീം നടത്തിയ അന്വേഷണവും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രം നിക്ക് ഊട്ട് എടുത്തതാകാൻ സാധ്യത കുറവാണെന്നാണ് ഫ്രഞ്ച് ഫോറൻസിക് ടീമിന്റെ കണ്ടെത്തൽ.
അതേസമയം, ചിത്രം എടുത്തത് നിക്ക് ഉട്ട് തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു എ.പി. ഡോക്യുമെന്ററിയെ കുറിച്ചുള്ള വാർത്തകൾ വന്നപ്പോൾ തന്നെ, എ.പി സ്വതന്ത്ര അന്വേഷണം നടത്തിയിരുന്നു. ജനുവരി 15ന് 22 പേജുള്ള അന്വേഷണ റിപ്പോർട്ട് എ.പി പുറത്തുവിട്ടു. 1972 ജൂൺ എട്ടിന് ചിത്രം എടുത്തത് സെയ്ഗോൺ ബ്യൂറോയിലെ സ്റ്റാഫായിരുന്ന നിക്ക് ഊട്ടാണ്. ഇരുപതാം നൂറ്റാണ്ടിൽ ഏറെ ആഘോഷിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ ചിത്രങ്ങളിലൊന്നാണത്. അര നൂറ്റാണ്ടിനിടെ ഫോട്ടോയിൽ നിക്ക് ഉട്ടിന്റെ കർത്തൃത്വം ചോദ്യം ചെയ്തുകൊണ്ട് ആരും രംഗത്തെത്തിയിട്ടില്ല. അന്ന് അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ, വിയറ്റ്നാമിലെ അന്നത്തെ സാഹചര്യങ്ങളെക്കുറിച്ച് നിരവധി എഴുതുകയും ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും ഇത്രയും പ്രശസ്തമായ ഫോട്ടോയുടെ ആധികാരികതയെക്കുറിച്ച് ആരും തർക്കം ഉന്നയിച്ചിട്ടില്ല. ചരിത്രരേഖയെ വെല്ലുവിളിക്കുന്ന ഒരു ഡോക്യുമെന്ററി അണിയറയിൽ ഒരുങ്ങുന്നതായി അറിഞ്ഞതിനെത്തുടർന്നാണ് എ.പി ഇക്കാര്യത്തിൽ ആറ് മാസത്തെ ഗവേഷണം നടത്തിയത്.
ALSO READ: ട്രംപ് പറയുന്നത് ഹിറ്റ്ലറുടെ ഭാഷ; ജനാധിപത്യത്തിന് അസ്വീകാര്യം
കിം ഫുക്ക് ഉൾപ്പെടെ ഓടിവരുന്ന അഞ്ച് കുട്ടികളും, സൈനികരുമാണ് ചിത്രത്തിലുള്ളത്. അതിൽ കിം ഫുക്കിനെ സെൻട്രലാക്കി ഫോട്ടോ ക്രോപ്പ് ചെയ്യുകയായിരുന്നു എന്ന് തെളിവുസഹിതം എ.പി വ്യക്തമാക്കുന്നു. അന്നേദിവസം ട്രാങ് ബാങ് തെരുവിലും, എ.പിയുടെ സെയ്ഗോൺ ബ്യൂറോയിലും ഉണ്ടായിരുന്ന ഏഴ് ദൃക്സാക്ഷികളുടെ മൊഴി ഉൾപ്പെടെ റിപ്പോർട്ടിലുണ്ട്. നിക്ക് ഉട്ട് എടുത്ത പടം ആദ്യം ഡെവലപ് ചെയ്തതും പ്രിന്റാക്കിയതും സെയ്ഗോൺ ബ്യൂറോയിലായിരുന്നു. തങ്ങളുടെ പക്കലുണ്ടായിരുന്ന ചിത്രത്തിന്റെ നെഗറ്റീവും, അന്നേ ദിവസം അവിടെയുണ്ടായിരുന്ന മറ്റു ഫോട്ടോഗ്രാഫർമാരിൽനിന്നുംവാർത്താ സംഘത്തിൽനിന്നും ലഭ്യമായ ചിത്രങ്ങളും എ.പി സൂക്ഷ്മമായി പരിശോധിച്ചു. സംഭവങ്ങളുടെ വിഷ്വൽ ടൈംലൈൻ അതിൽനിന്ന് ലഭിച്ചു. ട്രാങ് ബാങ്ങിലെ പുക, കാറ്റിന്റെ പാറ്റേൺ, വെളിച്ചം, ഡാർക്ക് റൂമിൽ ഫിലിം പ്രോസസ് ചെയ്തത് ഉൾപ്പെടെ കാര്യങ്ങളും അവലോകനം ചെയ്തു. ആറ് മാസം നീണ്ട അന്വേഷത്തിൽ, ചിത്രത്തിന്റെ ക്രെഡിറ്റ് നിക്ക് ഉട്ടിനല്ലാതെ മറ്റാർക്കെങ്കിലും നൽകുന്നതിന് എന്തെങ്കിലും കാരണം കണ്ടെത്താനായില്ല. ചിത്രം സംബന്ധിച്ച് എതെങ്കിലും പുതിയ വിവരമോ, തെളിവോ ഉണ്ടെങ്കിൽ അത് അന്വേഷിക്കാനും തിരുത്താനും തയ്യാറാണ്. ഇക്കാര്യം അറിയിക്കാൻ ഡോക്യുമെന്ററി നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.പി വ്യക്തമാക്കുന്നു.
ഫോട്ടോ സംബന്ധിച്ച പുതിയ അവകാശവാദം തെറ്റാണെന്നും ഡോക്യുമെന്ററിയോട് യോജിക്കുന്നില്ലെന്നുമാണ് കാനഡയിലുള്ള കിം ഫുക്കിന്റെ പ്രതികരണം. ഫോട്ടോ എടുത്തശേഷം നിക്ക് ഉട്ട് ഓടിപ്പോകുകയായിരുന്നില്ല. തന്നെ ആശുപത്രിയിലെത്തിച്ച്, ചികിത്സ ലഭ്യമാക്കിയത് നിക്ക് ഉട്ടായിരുന്നുവെന്ന കാര്യവും കിം ഫുക്ക് ആവർത്തിക്കുന്നു. നിക്ക് ഉട്ടിന്റെ സമകാലികരും, വിയ്റ്റനാം യുദ്ധത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റു ജേണലിസ്റ്റുകളും, പുതിയ വാദത്തെ എതിർക്കുന്നുണ്ട്. നാ പാം ഗേൾ നിക്ക് ഉട്ടിന്റെ ചിത്രം തന്നെയാണെന്നാണ് അവർ നിസ്സംശയം സാക്ഷ്യപ്പെടുത്തുന്നത്.
ടാൻ നെയുടെ അവകാശവാദവും എ.പിയുടെ ഫോട്ടോ എഡിറ്ററായിരുന്ന റോബിൻസന്റെ വെളിപ്പെടുത്തലുമാണ് ഡോക്യുമെന്ററിയുടെ കാതൽ. അര നൂറ്റാണ്ടിനിപ്പുറമാണ് ഈ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. എന്തുകൊണ്ട് ഇതൊന്നും നേരത്തെ പറഞ്ഞില്ല എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ട്. ഇത്രയും പ്രശസ്തമായ ചിത്രത്തിന്റെ കോപ്പി പോലും ടാൻ നെയുടെ പക്കലില്ല എന്ന് പറയുന്നതിനെയും പലരും ചോദ്യം ചെയ്യുന്നുണ്ട്. എ.പിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആളാണ് റോബിൻസൻ. ഇക്കാര്യം ഡോക്യുമെന്ററി പറയുന്നില്ല. അത്, റോബിൻസന്റെ വെളിപ്പെടുത്തലിന്റെ വിശ്വാസ്യതയെ സംശയത്തിലാക്കുന്നുണ്ട്. നിക്ക് ഊട്ടും, കിം ഫുക്കും വിസമ്മതിച്ചതിനാൽ ഇരുവരുടെയും വിശദീകരണം ഡോക്യുമെന്ററിയിൽ ചേർക്കാനുമായിട്ടില്ല. ഏഷ്യൻ വംശജനായ നിക്ക് ഊട്ടിന്റെ പേരും പെരുമയുമൊക്കെ തകർക്കാനുള്ള വെള്ളക്കാരായ ഒരുപറ്റം ചലച്ചിത്രപ്രവർത്തകരുടെ ശ്രമം എന്ന കടുത്ത വിമർശനവും ദി സ്ട്രിങ്ങർ കേൾക്കുന്നുണ്ട്. അതേസമയം, എ.പിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഡോക്യുമെന്ററിയെന്ന മറുവാദവും ശക്തമാണ്. ചരിത്രനിർമിതിയിൽ തെറ്റ് കടന്നുകൂടാൻ ഇടയാക്കിയിട്ടുണ്ടെങ്കിൽ എ.പി തിരുത്തണമെന്നാണ് ഈ കൂട്ടരുടെ വാദം.
ALSO READ: ജോണ് എഫ് കെന്നഡി വധം: അവസാനിക്കാത്ത ദുരൂഹത, ഗൂഢാലോചനാ സിദ്ധാന്തങ്ങള്
ചിത്രത്തിന്റെ ആധികാരികത സംബന്ധിച്ച സംശയങ്ങൾക്കും വിമർശനങ്ങൾക്കും നിക്ക് ഉട്ട് തന്നെ ഒരിക്കൽ മറുപടി നൽകിയിരുന്നു. 1972 ജൂൺ 12ന് പത്രങ്ങൾ പ്രസിദ്ധീകരിച്ച നാ പാം ഗേൾ ചിത്രം കണ്ടതിനു പിന്നാലെ, യുഎസ് പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ സംശയം പ്രകടിപ്പിച്ചിരുന്നു. ചിത്രം കൃത്രിമമായി സൃഷ്ടിച്ചതാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. 2002ൽ ഇതുസംബന്ധിച്ച ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു. അതിന് നിക്ക് ഉട്ടിന്റെ മറുപടി ഇങ്ങനെയായിരുന്നു: "ഇരുപതാം നൂറ്റാണ്ടിലെ, ഏറ്റവും സ്മരണീയ ചിത്രമായി മാറിയിട്ടും, പ്രസിഡന്റ് നിക്സന് എന്റെ ചിത്രത്തിൽ സംശയം തോന്നി. ആ ചിത്രം യത്ഥാർത്ഥമാണോ എന്ന സംശയം പലർക്കും ഉണ്ടാകാം. എന്നാൽ ഞാൻ പകർത്തിയ വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത കൃത്രിമമല്ല. ചിത്രത്തിന്റെ ആധികാരികതയും സാക്ഷിയുമായി ആ പെൺകുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മുപ്പത് വർഷം മുൻപുള്ള ആ നിമിഷങ്ങൾ എനിക്കും കിം ഫുക്കിനും മറക്കാനാവില്ല. ആത്യന്തികമായി അത് ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം മാറ്റി.
ചരിത്രത്തോടൊപ്പം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ഫോട്ടോ. അതിനിപ്പോൾ പുതിയൊരു അവകാശി. ടാൻ നെയുടെ വാദങ്ങൾ ശരിയാണെന്ന് വന്നാൽ, നാ പാം ഗേൾ ചിത്രത്തിന്റെ പേരിൽ നിക്ക് ഉട്ട് ഇത്രകാലം നേടിയ പേരും പ്രശസ്തിയും അംഗീകാരവുമെല്ലാം മറ്റൊരാളുടേതായി മാറും. യുഎസ് വാർത്താ ഏജൻസി ലോകത്തോടും ചരിത്രത്തോടും ചെയ്ത ഏറ്റവും വലിയ വഞ്ചനയുമാകുമത്. ചരിത്രം തിരുത്തപ്പെടും. മറിച്ച്, ഡോക്യുമെന്ററിയിലെ വാദങ്ങൾ തെറ്റാണെങ്കിൽ, അത് നിക്ക് ഉട്ടിനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും.