പൊന്നാനി സിഐ ആയിരുന്ന വിനോദ്, ഡിവൈഎസ്പി വി.വി. ബെന്നി, എസ് പി സുജിത് ദാസ് എന്നവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി.
പൊന്നാനി സ്വദേശിയായ വീട്ടമ്മ ഉന്നയിച്ച പീഡന പരാതിയില്‍ കഴമ്പില്ലെന്നത് നേരത്തെ കണ്ടെത്തിയതാണെന്ന് സുജിത് ദാസ്. ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം വസ്തുതാ വിരുദ്ധമാണെന്നും സിബിഐ അന്വേഷണം വേണമെന്നും സുജിത് ദാസ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
പൊന്നാനി സിഐ ആയിരുന്ന വിനോദ്, ഡിവൈഎസ്പി വി.വി. ബെന്നി, എസ് പി സുജിത് ദാസ് എന്നിവര്‍ക്കെതിരെയായിരുന്നു വീട്ടമ്മയുടെ ലൈംഗിക പീഡന പരാതി.
മലപ്പുറത്ത് വസ്തു പ്രശ്‌നം പരിഹരിക്കാനെത്തിയ യുവതി ആദ്യം പൊന്നാനി സിഐ ആയിരുന്ന വിനോദിന് പരാതി നല്‍കിയെന്നും ഇതിന് പിന്നാലെ വിനോദ് യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. എന്നാല്‍ പിന്നീട് മറ്റു പൊലീസുകാരും യുവതിയെ പല സ്ഥലങ്ങളില്‍ നിന്നായി പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു.
ഇതിന് പിന്നാലെയാണ് സുജിത് ദാസും ഡിവൈഎസ്പി ബെന്നിയും സിഐ വിനോദും പീഡന പരാതി വ്യാജമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്.
ALSO READ: ബലാത്സംഗാരോപണം നിഷേധിച്ച് സിഐ വിനോദ്; തെറ്റായ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും
മുട്ടില്‍ മരംമുറി കേസിലെ ഉദ്യോഗസ്ഥനായ തന്നെ മനഃപൂര്‍വ്വം കുടുക്കാനാണ് ഇത്തരം ഒരു ആരോപണം എന്നാണ് ഡിവൈഎസ്പി ബെന്നി ആരോപിച്ചത്. സിഐ വിനോദും പീഡന പരാതി വ്യാജമാണെന്ന് പ്രതികരിച്ചു.
അതേസമയം, 2022ല്‍ യുവതി നല്‍കിയ പരാതിയുടെ പകര്‍പ്പില്‍ സിഐ വിനോദിന്റെ പേര് മാത്രമാണുള്ളത്. പരാതിയുടെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു. ഇതില്‍ സുജിത് ദാസിന്റെയോ ബെന്നിയുടെയോ പേരില്ല. സിഐക്കെതിരായ യുവതിയുടെ പീഡന പരാതിയില്‍ അന്നത്തെ തിരൂര്‍ ഡിവൈഎസ്പിയായ വിവി ബെന്നി കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് കാണിച്ചാണ് മലപ്പുറം എസ് പിയായിരുന്ന തനിക്ക് യുവതി പരാതി നല്‍കാന്‍ എത്തിയതെന്നാണ് സുജിത് പ്രതികരിച്ചത്.
സുജിത് ദാസിന്റെ വാക്കുകള്‍
ബിഗ് ബ്രേക്കിംഗ് ആയി ചാനല്‍ കൊടുത്ത പൊന്നാനി സ്വദേശിയുടെ പരാതിയുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷിച്ചിരുന്നു. കാരണം ഇത് രണ്ട് വര്‍ഷം മുമ്പുള്ള ആരോപണമാണ്. അതിന്റെ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞപ്പോള്‍ ഈ പറയുന്ന പരാതിക്കാരിയായ പൊന്നാനി സ്വദേശി വിനോദ് വലിയാട്ടൂര്‍ എന്ന ഓഫീസര്‍ക്കെതിരെ ബലാത്സംഗത്തിന്റെ പരാതിയുമായിട്ടാണ് എന്റെ ഓഫീസിലേക്ക് വന്നത്. ഒരു കുട്ടിയെയും സഹോദരനെന്നു പറഞ്ഞ മറ്റൊരാളെയും ഒപ്പം കൂട്ടിയാണ് വന്നത്. ഇവരെ റിസപ്ഷനില്‍ നിന്ന് ആള്‍ കൂട്ടി വന്നിട്ടാണ് ഇവരെ നമ്മുടെ ഓഫീസില്‍ വെച്ച് പരാതി കാണുന്നത്.
ഇവരുടെ ഒരു കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് നീതി ലഭിച്ചില്ല. അതുമായി ബന്ധപ്പെട്ട് പൊന്നാനി എസ് എച്ച് ഒ ഇവരെ സ്വാധീനിച്ച് വീട്ടില്‍ പോയി ബലാത്സംഗം ചെയ്തു. ഈ പരാതിയുമായി ബന്ധപ്പെട്ട് തിരൂര്‍ ഡിവൈഎസ്പിയായിരുന്ന ബെന്നി അതിനകത്ത് കൃത്യമായ നടപടി സ്വീകരിച്ചില്ല എന്ന് കാണിച്ചാണ് എനിക്ക് പരാതി വരുന്നത്. ഞാന്‍ അന്നത്തെ ഡിവൈഎസ്പി സ്‌പെഷ്യല്‍ ബ്രാഞ്ച് ആയിട്ടുള്ള ബിജു എന്ന് പറയുന്ന ഓഫീസര്‍ (ഇപ്പോള്‍ തിരൂര്‍ ഡിവൈഎസ്പി) ക്ക് കേസ് അന്വേഷിക്കാനായി നല്‍കിയിരുന്നു. അന്ന് അദ്ദേഹം വിശദമായി തന്നെ ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് ഒരു കള്ളപ്പരാതി ആണെന്ന് തരത്തിലാണ് റിപ്പോര്‍ട്ട് വന്നത്.
അന്ന് എനിക്ക് കിട്ടിയ പരാതി ബിജുവിന് കൈമാറി, അദ്ദേഹം സ്വന്തം നിലയില്‍ അന്വേഷിച്ച്, കള്ളമായ പരാതിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് ക്ലോസ് ചെയ്തതാണ്. പക്ഷെ എല്ലാം കഴിഞ്ഞ് പെട്ടെന്ന് ഇത്തരത്തില്‍ ഒരു കേസ് വരുന്നതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് വിശ്വസിക്കുന്നു. ഇന്‍സ്‌പെക്ടര്‍, ഡിവൈഎസ്പി, പിന്നെ ഞാനും ബലാത്സംഗം ചെയ്‌തെന്ന് പറയുന്നു. വ്യക്തിപരമായും ഔദ്യോഗികപരമായും നമ്മളെ നശിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണ്.
ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കും. അതിനോടൊപ്പം തന്നെ വ്യക്തിപരമായി നമ്മളെ ബാധിക്കുന്ന കാര്യമായതിനാല്‍ ക്രിമിനല്‍ ഡിഫമേഷന്‍ നടപടിയും സിവില്‍ ഡിഫമേഷന്‍ നടപടിയും സ്വീകരിക്കും.