അയോധ്യ തർക്കം പരിഹരിക്കാൻ പ്രയാസമുള്ള ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു
അയോധ്യ വിധി പ്രാർഥിച്ച് എഴുതിയതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ വെളിപ്പെടുത്തൽ വിവാദമാകുന്നു. വിധി എഴുതുന്നതിന് മുമ്പ് ഒരു വഴി കാട്ടണമെന്നായിരുന്നു പ്രാർഥിച്ചതെന്ന് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു. അയോധ്യ തർക്കം പരിഹരിക്കാൻ പ്രയാസമുള്ള ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് ആർജെഡിയും കോൺഗ്രസും പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, അശോക് ഭൂഷൺ, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എപ്പോഴും ഒരു വഴി കണ്ടെത്തുമെന്ന് ഖേഡ് താലൂക്കിലെ കൻഹെർസർ ഗ്രാമത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു.
"പലപ്പോഴും കേസുകളിൽ വിധി പറയുമ്പോൾ കൃത്യമായ പരിഹാരത്തിൽ എത്തുന്നില്ല. മൂന്ന് മാസമായി എൻ്റെ മുന്നിലുണ്ടായിരുന്ന അയോധ്യ (രാമ ജന്മഭൂമി-ബാബറി മസ്ജിദ് തർക്കം) വിധിയുടെ സമയത്തും ഇത്തരമൊരു അനുഭവം ഉണ്ടായെന്നും, ഞാൻ ദേവൻ്റെ മുന്നിലിരുന്ന് ഒരു പരിഹാരം കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞുവെന്നും ചന്ദ്രചൂഡ് പറഞ്ഞിരുന്നു.