fbwpx
കോഴ വിവാദം: "രണ്ട് എംഎൽഎമാരെ കിട്ടിയിട്ട് പുഴുങ്ങി തിന്നാനാണോ?"; തെറ്റ് ചെയ്തില്ലെന്ന നിലപാടിലുറച്ച് തോമസ് കെ. തോമസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Oct, 2024 11:22 AM

വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി തോമസ് കെ. തോമസ് വ്യക്തമാക്കി

KERALA


കൂറുമാറ്റ കോഴ വിവാദത്തിൽ തെറ്റ് ചെയ്തില്ലെന്ന നിലപാടിലുറച്ച് എൻസിപി എംഎൽഎ തോമസ് കെ. തോമസ്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി തോമസ് കെ. തോമസ് വ്യക്തമാക്കി. തെറ്റ് ചെയ്തില്ലെന്ന ഉറപ്പിച്ച് പറഞ്ഞ എംഎൽഎ, തന്റെയും ആന്റണി രാജുവിന്റെയും ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. എന്നാൽ തോമസ് കെ. തോമസ് പരാതി നൽകിയില്ലെന്നും, ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്നുമുള്ള നിലപാടിലാണ് സർക്കാർ.

എൻസിപിയിലെ അജിത് പവാർ പക്ഷത്തേക്ക് ചേരാൻ എംഎൽഎമാരായ കോവൂർ കുഞ്ഞുമോനും ആൻ്റണി രാജുവിനും 50 കോടി വീതം വാ​ഗ്ദാനം ചെയ്തെന്നാണ് തോമസ് കെ.തോമസിനെതിരായ ആരോപണം. എന്നാൽ പണം കൊടുത്ത് രണ്ട് എംഎൽഎമാരെ വാങ്ങി കക്ഷത്തിൽ വെച്ച് പുഴുങ്ങി തിന്നാണോ എന്നായിരുന്നു തോമസ് കെ. തോമസിൻ്റെ ചോദ്യം. 100 കോടി മുടക്കുന്നെങ്കിൽ തിരിച്ച് 200 കോടി ലഭിക്കുന്ന ഡീലായിരിക്കണം. യാതൊരു ഗുണവുമില്ലാതെ രണ്ട് എംഎൽഎമാരെ തനിക്ക് എന്തിനാണെന്ന് ചോദിച്ച തോമസ് കെ. തോമസ്, ആരോപണം അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. 

ALSO READ: "ഒരു മര്യാദയുള്ള തുകയൊക്കെ വേണ്ടേ പറയാൻ"; കോഴ ആരോപണം അടിസ്ഥാനരഹിതമെന്ന് തോമസ് കെ. തോമസ്

ആരോപണം സത്യമല്ലെന്ന് തെളിയിക്കാൻ തന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് എംഎൽഎ പറയുന്നു. ആരോപണം ഉന്നയിച്ച ആൻ്റണി രാജുവിന് ഉറപ്പുണ്ടെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാവട്ടെ എന്ന വെല്ലുവിളിയും തോമസ് ഉയർത്തി. മന്ത്രിയാവാൻ തനിക്ക് എന്ത് അയോഗ്യതയാണുള്ളതെന്നായിരുന്നു എംഎൽഎയുടെ ചോദ്യം. എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയുമെന്നും പാർട്ടി ഇക്കാര്യം ആവശ്യപ്പെടുമെന്നും നേതാവ് വ്യക്തമാക്കി.

ഒപ്പം മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചെന്ന വാർത്ത തള്ളിയിരിക്കുകയാണ് തോമസ്.കെ.തോമസ്. മുഖ്യമന്ത്രിയെ കാണാൻ സമയം ചോദിച്ചില്ലെന്നാണ് എംഎൽഎയുടെ വിശദീകരണം. ഇന്നലെ ആലപ്പുഴയില്‍ വച്ച് കാണാന്‍ ശ്രമിച്ചെങ്കിലും സമയമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി അനുമതി നിഷേധിക്കുകയായിരുന്നെന്ന വാർത്തയാണ് തോമസ് കെ.തോമസ് തള്ളിയിരിക്കുന്നത്.

അതേസമയം ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിച്ച തോമസ് കെ. തോമസ് അടക്കം ആരും ഇതുവരെ പരാതി നൽകിയില്ലെന്നാണ് സർക്കാർ വിശദീകരണം. വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയാണെങ്കിൽ ഇഡി അടക്കം എത്തി അന്വേഷണം നടത്തിയേക്കും. സംസ്ഥാനം ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ ആ നീക്കം ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ.

ALSO READ: "100 കോടി വാഗ്ദാനം നൽകി, എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചു"; തോമസ് കെ. തോമസിനെതിരെ വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി


പാർട്ടിക്കെതിരെ ഉയർന്ന കൂറുമാറ്റ കോഴ വിവാദം ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്നായിരുന്നു എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ നിലപാട്. ഈ നിർദേശം മറികടക്കുന്നവർ പാർട്ടിക്ക് പുറത്തു പോകേണ്ടിവരുമെന്നും പി.സി. ചാക്കോ താക്കീത് നൽകിയിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രനോട് മന്ത്രിസ്ഥാനം തോമസ് കെ. തോമസിന് ഒഴിഞ്ഞ് നൽകാനും പി.സി. ചാക്കോ നിർദേശം നൽകിയിരുന്നു.


ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന നിയമസഭാ സമ്മേളനത്തിനിടെ, എൻസിപി (ശരദ് പവാർ വിഭാഗം) എംഎൽഎയായ തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെ അറിയിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻ്റണി രാജുവാണ് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചതെന്നാണ് സൂചന. വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ആൻ്റണി രാജു മുഖ്യമന്ത്രിയോട് സമ്മതിക്കുകയും ചെയ്തു. എന്നാൽ, സംഭവം ഓർമയില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ അറിയിച്ചത്. തോമസ് കെ. തോമസിനെ അവിശ്വസിക്കേണ്ടതില്ലെന്നും വാർത്ത വിശ്വസനീയമായി തോന്നിയില്ലെന്നുമായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍റെ പ്രതികരണം. എൽഡിഎഫ് എംഎംൽഎമാരെ വില കൊടുത്ത് വാങ്ങാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കി.

NATIONAL
ഇന്ത്യയുടെ തലവര മാറ്റിയ തീരുമാനങ്ങള്‍; രാജ്യത്തെ കൈപിടിച്ചുയര്‍ത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍
Also Read
user
Share This

Popular

NATIONAL
NATIONAL
ഇന്ത്യയെ മാറ്റിയ മന്‍മോഹനോമിക്‌സ്; സ്വതന്ത്ര ഇന്ത്യയിലെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാള്‍