ശതകോടീശ്വരനായ ജോർജ് സോറോസിൻ്റെ മുൻ അനുയായി കൂടിയാണ് ബെസെൻ്റ്
ലോക നിക്ഷേപകരിൽ പ്രമുഖനായ സ്കോട്ട് ബെസെൻ്റിനെ ട്രഷറി സെക്രട്ടറിയാക്കി അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ ആദ്യത്തെ സ്വവർഗാനുരാഗിയായ ട്രഷറി സെക്രട്ടറിയാകും സ്കോട്ട് ബെസെൻ്റ്. ശതകോടീശ്വരനായ ജോർജ് സോറോസിൻ്റെ മുൻ അനുയായി കൂടിയാണ് ബെസെൻ്റ്.
ALSO READ: ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകാൻ കരോലിൻ ലെവിറ്റ്; പ്രഖ്യാപനവുമായി ട്രംപ്
അമേരിക്കൻ ട്രഷറി ഡിപ്പാർട്മെൻ്റിനെ നയിക്കാൻ ലോകത്തെ അന്താരാഷ്ട്ര നിക്ഷേപകരിലൊരാളും അഭിഭാഷകനുമായ സ്കോട്ട് ബെസെൻ്റിനെ നിയമിച്ച് അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സെനറ്റ് സ്ഥിരീകരിച്ചാൽ രാജ്യത്തെ ആദ്യത്തെ സ്വവർഗാനുരാഗിയായ ട്രഷറി സെക്രട്ടറിയാകും സ്കോട്ട് ബെസെൻ്റ്. നികുതി കുറയ്ക്കൽ, ഇറക്കുമതി തീരുവ കൂട്ടൽ തുടങ്ങിയ ട്രംപിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നത് ഇനി ബെസെൻ്റിൻ്റെ നേതൃത്വത്തിലായിരിക്കും. ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഭരണത്തിൽ വന്നാൽ നികുതിയിളവുകൾ തന്നെയായിരിക്കും തൻ്റെ മുൻഗണനെയെന്ന് സ്കോട്ട് ബെസൻ്റ് പറഞ്ഞിരുന്നു.
സൗത്ത് കരോലിന സ്വദേശിയായ ബെസൻ്റ് 1991 മുതൽ കോടീശ്വരനായ ജോർജ് സോറോസിന്റെ സ്ഥാപനമായ സോറോസ് ഫണ്ട് മാനേജ്‌മെന്‍റിൽ സേവനമനുഷ്ഠിച്ചിരുന്നു. ബെസൻ്റ് കീ സ്‌ക്വയർ ക്യാപിറ്റൽ മാനേജ്‌മെൻ്റിൻ്റെ സ്ഥാപകനും കൂടിയാണ് അദ്ദേഹം. ട്രംപിൻ്റെ 2024ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്നു. ട്രംപിൻ്റെ പ്രചാരണത്തിനു 30 ലക്ഷം ഡോളറും സംഭാവനയായി നൽകിയിരുന്നു. ക്രിപ്റ്റോ കറൻസിയെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. റിപ്പബ്ലിക്കൻ പ്രതിനിധി സഭാംഗം ലോറി ഷാവേസ് ഡിറെമറിനെ ലേബർ സെക്രട്ടറിയായി ട്രംപ് തെരഞ്ഞെടുത്തു. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റിനെ നയിക്കാൻ സ്കോട്ട് ടർണറെ പ്രഖ്യാപിച്ചു. യുഎസ് ഓഫീസ് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ബജറ്റിൻ്റെ ഡയറക്ടറായി റസ്സൽ വോട്ടിനെ നിയമിച്ചു. ഡെമോക്രാറ്റിക് അനുകൂലിയായിരുന്ന സ്കോട്ട് ബെസെൻ്റ് പിന്നീട് ട്രംപിൻ്റെ ഓൾ ഇൻ ഓളായി മാറി.