ഇതോടെ മൂന്ന് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം റഷ്യ താത്കാലികമായി നിർത്തിവെച്ചു
റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് യുക്രെയ്നിന്റെ കനത്ത ഡ്രോണ്‍ ആക്രമണം. സുപ്രധാന നഗരങ്ങളെ ലക്ഷ്യംവെച്ച് 32ഓളം ഡ്രോണുകളാണ് പറന്നെത്തിയത്. 2022ലെ യുദ്ധം ആരംഭിച്ച ശേഷം റഷ്യൻ തലസ്ഥാനം ലക്ഷ്യമാക്കി യുക്രെയ്ന്‍ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. കടന്നല്‍ക്കൂട്ടം പോലെ റഷ്യന്‍ തലസ്ഥാനത്തെ ലക്ഷ്യമാക്കിയെത്തിയ 32 ഡ്രോണുകള്‍ മേഖലയിൽ ആശങ്ക പടർത്തി. മോസ്‌കോയിലെ റാമെൻസ്‌കോയ്, കൊളോമെൻസ്‌കി, ഡൊമോഡെഡോവോ നഗരങ്ങളെ ലക്ഷ്യംവെച്ചാണ് ഡ്രോണുകള്‍ പറന്നത്. ഈ ഡ്രോണുകളെ റഷ്യൻ വ്യോമ പ്രതിരോധം വെടിവെച്ചിട്ടതായി മോസ്‌കോ മേയർ സെർജി സോബിയാനിൻ അറിയിച്ചു.
ആക്രമണത്തില്‍ ഇതുവരെ ഒരാള്‍ക്ക് പരിക്കേറ്റതായി മാത്രമേ റിപ്പോർട്ടുള്ളൂ. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ മൂന്ന് പ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം റഷ്യയ്ക്ക് താത്കാലികമായി നിർത്തിവെച്ചു. ആക്രമണത്തെ തുടർന്ന് ഡൊമോഡെഡോവോ, ഷെറെമെറ്റിയേവോ, സുക്കോവോ വിമാനത്താവളങ്ങളാണ് താത്കാലികമായി അടച്ചിട്ടത്. ഇവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കീവ് ലക്ഷ്യമിട്ടുള്ള റഷ്യയുടെ തുടരാക്രമണങ്ങളില്‍ വ്യാപക നഷ്ടങ്ങളുണ്ടായതിന് പിന്നാലെയാണ് യുക്രെയ്ന്‍റെ തിരിച്ചടി.
അവസാനമായി സെപ്റ്റംബറിലാണ് 20 ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ന്‍ റഷ്യയ്‌ക്കെതിരെ വ്യോമാക്രമണ ഭീഷണി ഉയർത്തിയത്. യുദ്ധത്തിന്‍റെ പല ഘട്ടങ്ങളിലായി റഷ്യയിലെ എണ്ണ ശുദ്ധീകരണ ശാലകളിലേക്കും റഷ്യൻ റഡാർ സ്റ്റേഷനുകളിലേക്കുമെല്ലാം യുക്രെയ്ന്‍ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ റഷ്യയുടെ ശക്തമായ ഡ്രോണ്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇവയെല്ലാം വെടിവെച്ചിടുകയായിരുന്നു.
ALSO READ: ഇസ്രയേൽ - ഹമാസ് മധ്യസ്ഥ ചർച്ചകളിൽ നിന്നൊഴിഞ്ഞ് ഖത്തർ; യുഎസിന്‍റെ ഇടപെടലെന്ന് റിപ്പോർട്ടുകള്‍