ഞങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. 2021 മുതല്‍ നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് കാലാവസ്ഥ വ്യതിയാനം.
കേരളം ദുര്‍ബല പ്രദേശമാണെന്നും അപകടരമായ നിലയിലാണ് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഏത് വലിയ വികസന പദ്ധതികള്‍ വന്നാലും കാലാവസ്ഥാ വ്യതിയാനം നോക്കി മാത്രമേ മുന്നോട്ട് കൊണ്ടു പോകാന്‍ പാടുള്ളു. വലിയ രീതിയില്‍ കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നതുകൊണ്ടാണ് പ്രതിപക്ഷം സില്‍വര്‍ ലൈനിനെ എതിര്‍ത്തതെന്നും വിഡി സതീശന്‍ പറഞ്ഞു.
എല്ലാ വികസന കാര്യങ്ങളിലും അവയുടെ നയ രൂപീകരണത്തിലും പ്രധാന ഘടകം കാലാവസ്ഥ വ്യതിയാനമായിരിക്കണം. ഞങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. 2021 മുതല്‍ നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് കാലാവസ്ഥ വ്യതിയാനം. ആ ഒറ്റ കാര്യംകൊണ്ടാണ് കെ റെയിലിനെ എതിര്‍ത്തതെന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്. മുണ്ടക്കൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ എടയ്ക്കലിലും സമീപ പ്രദേശങ്ങളിലും ഇന്ന് രാവിലെ ഉഗ്രശബ്ദം ഉണ്ടായത് വാര്‍ത്തയായിരുന്നു. വയനാടിന് പുറമെ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിലും സമാനമായ രീതിയില്‍ വലിയ ശബ്ദവും പ്രകമ്പനവും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
ALSO READ: വയനാട് എടയ്ക്കലിൽ ഉഗ്രശബ്ദം; ഭൂചലനമല്ലെന്ന് ദുരന്തനിവാരണ അതോറിറ്റി; പരിഭ്രാന്തിയിൽ പ്രദേശവാസികൾ
വി.ഡി. സതീശന്റെ വാക്കുകള്‍
ഉരുള്‍പൊട്ടലോ മലയിടിച്ചിലോ മാാത്രമല്ല, മേഘവിസ്‌ഫോടനം, ചക്രവാത ചുഴി, കള്ളക്കടല്‍ തുടങ്ങിയ വാക്കുകളൊക്കെ നമ്മള്‍ ഇപ്പോള്‍ കേള്‍ക്കുന്നു. ഒരു കാലത്ത് ഒഡീഷ, ആന്ധ്രപ്രദേശ്, ബംഗാള്‍ തുടങ്ങി, ബംഗാള്‍ ഉള്‍ക്കടലിന്റെ തീരങ്ങളില്‍ ഉണ്ടായിരുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പശ്ചിമ തീരത്ത് ആവര്‍ത്തിക്കപ്പെടുകയാണ്. ഈ പറയുന്ന എല്ലാ അപകടവും ബാധിക്കപ്പെട്ടേക്കാവുന്ന പ്രദേശമാണ് കേരളം. ഇതുകൊണ്ടാണ് 2021ല്‍ ഐപിസിസി (ഇന്റര്‍ ഗവര്‍ണമെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) നാസ റിപ്പോര്‍ട്ടും അസംബ്ലിയില്‍ കൊണ്ടു വന്ന് ഞങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
മൊത്തം അപകടരമായ നിലയാണ് കേരളം നില്‍ക്കുന്നത്. വയനാട്ടിലെ ദുരന്തം സംഭവിക്കുന്നതിന്റെ രണ്ടാഴ്ച മുമ്പും അസംബ്ലിയില്‍ ഞങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ കാണാതെ പോകരുതെന്നും അസംബ്ലിയില്‍ ആവശ്യപ്പെട്ടിരുന്നു.
എല്ലാ വികസന കാര്യങ്ങളിലും എല്ലാ നയ രൂപീകരണത്തിലും അതിന്റെ പ്രധാന ഘടകം കാലാവസ്ഥ വ്യതിയാനമായിരിക്കണം. ഞങ്ങള്‍ നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. 2021 മുതല്‍ നിരന്തരമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ് കാലാവസ്ഥ വ്യതിയാനം. ആ ഒറ്റ കാര്യംകൊണ്ടാണ് കെ-റെയിലിനെ എതിര്‍ത്തത്.
കെ-റെയില്‍ 300 കിലോമീറ്റര്‍ 30 അടി ഉയരത്തില്‍ നിര്‍മിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ബാക്കി 200 കിലോമീറ്റര്‍ റെയിലിന്റെ രണ്ട് വശത്തും പത്ത് അടി ഉയരത്തിലുള്ള മതിലായിരുന്നു. എംബാങ്ക്‌മെന്റ് ഇംപാക്ട് സ്റ്റഡി പോലും നടത്താതെ അത്തരം വികസന പദ്ധതികളിലേക്ക് പോകാന്‍ പറ്റാവുന്ന സ്ഥിതിയിലല്ല കേരളം ഇപ്പോഴുള്ളത്. കേരളം ദുര്‍ബലമാണ്. അപകടകരമായ സ്ഥിതിയിലാണ് നില്‍ക്കുന്നത്. ഏത് വലിയ വികസന പ്രോജക്ട് വന്നാലും കാലാവസ്ഥ വ്യതിയാനത്തിന്റെ അപകടം മനസിലാക്കി നയരൂപീകരണം നടത്തണം. സര്‍ക്കാര്‍ സഹകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കാരണം ഓരോ ദിവസം കൂടും തോറും അതെല്ലാം ബോധ്യമായിക്കൊണ്ടിരിക്കുകയല്ലേ. പെട്ടമല, പുത്തുമല, കവളപ്പാറ, മുണ്ടക്കൈ, തുടങ്ങി നാല് പ്രധാനപ്പെട്ട ദുരന്തങ്ങളല്ലേ വരുന്നത്.