ഡോക്ടർമാർ, പത്രപ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, മാനേജർമാർ തുടങ്ങിയ പ്രൊഫഷണലുകൾ ഒരു കാലത്ത് ആശയ വിനിമയത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതും ഈ പേജറുകളാണ്
സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചിരുന്ന ഒരു ചെറിയ ഉപകരണം ആളുകളുടെ ജീവനെടുത്തതെങ്ങനെയാണ്? ലെബനനിലെ സ്ഫോടനത്തിലൂടെ
കാലഹരണപ്പെട്ടുവെന്ന് കരുതിയ പേജറുകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
എന്താണീ പേജറുകൾ?
സന്ദേശങ്ങൾ സ്വീകരിക്കുവാനും അയക്കുവാനും കഴിയുന്ന ഒരു ചെറിയ, പോർട്ടബിൾ വയർലെസ് ഉപകരണമാണ് പേജർ അഥവാ 'ബീപ്പർ'. സന്ദേശങ്ങൾ ലഭിക്കുമ്പോൾ ഈ ഉപകരണത്തിൽ നിന്നും ബീപ് ശബ്ദം ഉയരും. ഡോക്ടർമാർ, പത്രപ്രവർത്തകർ, സാങ്കേതിക വിദഗ്ധർ, മാനേജർമാർ തുടങ്ങിയ പ്രൊഫഷണലുകൾ ഒരു കാലത്ത് ആശയ വിനിമയത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതും ഈ പേജറുകളാണ്. ചില പേജറുകളിൽ നമ്പറുകൾ മാത്രമേ കാണാൻ കഴിയൂ. എന്നാൽ മറ്റു ചില പേജറുകളിൽ നമ്പറുകളും ലെറ്ററുകളും അയക്കാൻ സാധിക്കും. ദൂര പ്രദേശങ്ങളിൽ നിന്നു പോലും പ്രധാനപ്പെട്ട സന്ദേശങ്ങൾ സ്വീകരിക്കുവാൻ പേജറുകൾക്ക് കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. ഒരു എഫ് എം റേഡിയോ പ്രോഗ്രാമിന് സമാനമായ ഉയർന്ന ഫ്രീക്വൻസി റേഡിയോ സിഗ്നലുകൾ ഉപയോഗിച്ചാണ് പേജറുകൾ സന്ദേശങ്ങൾ അയക്കുന്നത്.
80 കളിലും 90 കളിലും വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്ന പേജറുകളുടെ ജനപ്രീതിയിൽ ഇടിവ് സംഭവിച്ചത് സെൽഫോണുകളുടെ വരവോടെയായിരുന്നു. എന്നാൽ സ്മാർട്ട് ഫോണുകളിൽ നിന്നും വ്യത്യസ്തമായി പേജറുകൾ നിർണായക സന്ദേശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.സ്വകാര്യത ,ചെലവ് കുറവ് എന്നിവയെല്ലാം കണക്കിലെടുത്ത് ആരോഗ്യ മേഖല മുതൽ ഉയർന്ന സുരക്ഷ ആവശ്യമുള്ള വിവിധ മേഖലകളിൽ പേജറുകളെ ആശയവിനിമയത്തിനുപയോഗിക്കാറുണ്ട്.
റേഡിയോ ഫ്വീക്വന്‍സി വഴി, ചുരുക്കം വാക്കുകള്‍ മാത്രം ആശയവിനിമയം ചെയ്യാന്‍ സാധിക്കുന്ന, പേജറുകളായിരുന്നു ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന AP924 മോഡല്‍. ഹിസ്ബുള്ള കേന്ദ്രങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തടയുകയായിരുന്നു പേജറുകളെ ആശ്രയിക്കുവാനുള്ള ഹിസ്ബുള്ളയുടെ തീരുമാനത്തിന് പിന്നിൽ . ഫെബ്രുവരിയില്‍ ഇന്‍റലിജന്‍സ് വിഭാഗത്തിലെ വിള്ളലുകള്‍ പരിശോധിക്കാന്‍ പുതിയ യുദ്ധമുറയ്ക്ക് ഹിസ്ബുള്ള രൂപം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി ഫോണുകളും മറ്റെല്ലാ സാങ്കേതിക ഉപകരണങ്ങളും നശിപ്പിച്ചുകളയണമെന്ന് ഹിസ്ബുള്ള ജനറൽ ഹസൻ നസ്‌റല്ല ആഹ്വാനം ചെയ്യുകയും ചെയ്തു. പകരം ഉപയോഗിക്കാനായി വ്യാപകമായി വിതരണം ചെയ്ത പേജറുകളാണ് ഇപ്പോൾ നടന്ന സ്ഫോടനങ്ങൾക്ക് കാരണമായത്.
നിർമാണ ഘട്ടത്തില്‍ തന്നെ പേജറുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഹിസ്ബുള്ളയുടെ നിഗമനം. ആരോപണമനുസരിച്ച് ഒരു പ്രത്യേക കോഡ് സന്ദേശത്തിലൂടെ പേജറുകള്‍ പൊട്ടിത്തെറിക്കുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്. ഓരോ പേജറുകളിലും 3 ഗ്രാമോളം സ്ഫോടകവസ്തുക്കളുണ്ടായിരുന്നതായാണ് സൂചന. സ്കാനറുകളിൽ പോലും കണ്ടെത്താനാകാത്ത വിധമായിരുന്നു ഇതിൻറെ ക്രമീകരണവും. അതായത് ആരോപണം ശരിയാണെങ്കിൽ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇസ്രയേല്‍ ആക്രമണം ആസൂത്രണം ചെയ്തതായി വേണം കരുതാൻ. എന്തായാലും ഹിസ്ബുള്ള നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചകളിലൊന്നാണിതെന്നാണ് വിലയിരുത്തപ്പടുന്നത്.