നടിയും സഹോദരിയുമായ രാധയുടെ ചെക്ക് തട്ടിപ്പ് പരാതി തള്ളി നടി അംബിക. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നാണ് അംബികയുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് അംബികയ്ക്കും സഹോദരൻ മല്ലികാർജുനനും എതിരെ ചെന്നൈ പൊലീസ് കമ്മീഷണർ ഓഫീസിൽ രാധ ചെക്ക് തട്ടിപ്പ് പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് അംബികയുടെ പ്രതികരണം.
താൻ ഒപ്പിട്ട അഞ്ച് ചെക്കുകൾ തന്റെ അറിവോ സമ്മതമോ കൂടാതെ തട്ടിയെടുത്ത് 46 കോടി രൂപ പിൻവലിക്കാൻ അംബികയും മല്ലികാർജുനനും ശ്രമിച്ചുവെന്നായിരുന്നു രാധയുടെ പരാതി. എന്നാൽ, ഇത് വസ്തുതാവിരുദ്ധമാണെന്നാണ് അംബികയുടെ വാദം. എ.ആർ.എസ് പ്രോപ്പർട്ടി, ഓഹരികൾ, സ്വർണ്ണം എന്നിവ സംബന്ധിച്ച് തങ്ങൾക്കിടയിൽ സാമ്പത്തിക തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇവ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി രാധയാണ് ഒപ്പിട്ട അഞ്ച് ചെക്കുകൾ തനിക്ക് കൈമാറിയതെന്നും അംബിക പറയുന്നു. ഷൂട്ടിങ്ങിന്റെ തിരക്കിലായതിനാലാണ് ആരോപണം ഉയർന്ന ഉടൻ പ്രതികരിക്കാതിരുന്നതെന്നും നടി കൂട്ടിച്ചേർത്തു.
"എ.ആർ.എസ് ഗാർഡൻസ് ആരംഭിച്ചപ്പോൾ എം.ജി.ആറിന്റെയോ ജാനകിയമ്മയുടേയോ പേര് വയ്ക്കണമെന്നാണ് വിചാരിച്ചിരുന്നത്. ചെന്നുകണ്ടപ്പോൾ അദ്ദേഹമാണ് (എം.ജി.ആർ) ഞങ്ങൾ (സഹോദരങ്ങൾ) മൂന്നുപേരുടേയും പേര് വയ്ക്കാൻ പറഞ്ഞത്. ഞാൻ കഷ്ടപ്പെട്ട പണം കൊണ്ട് പണിതുയർത്തിയതാണ് എ.ആർ.എസ് ഗാർഡൻസ്. എന്റെ കുഞ്ഞിനെപ്പോലെയാണ്. കുറച്ചു കാലം മുൻപ് അതുവഴി പോകുമ്പോൾ അവിടെ എആർഎസ് ഗാർഡൻസ് ഇല്ല- മറ്റൊരു ബോർഡാണ് അവിടെയുണ്ടായിരുന്നത്. അതുകണ്ടപ്പോൾ എനിക്ക് പാനിക്ക് അറ്റാക്ക് വന്നു. ഞാനും അവളും അധ്വാനിച്ച പണം കൊണ്ടാണ് എആർഎസ് ഗാർഡൻസ് ഉണ്ടാക്കിയത്. പക്ഷേ പ്രധാനമായും എന്റെ അധ്വാനമാണ്. സിനിമാ ഇൻഡസ്ട്രിയിലുള്ള എല്ലാവർക്കും അതറിയാം," അംബിക പറഞ്ഞു.
ഒരു മുറിയിൽ നിന്ന് ചെക്ക് മോഷ്ടിച്ചു എന്ന് തന്നെക്കുറിച്ച് ആരോപിക്കുന്നത് തികച്ചും വേദനാജനകവും അങ്ങേയറ്റം അസംബന്ധവുമാണെന്ന് അംബിക പറയുന്നു. സ്വന്തം സാധനങ്ങളുടെ കാര്യത്തിൽ രാധ അതീവ ശ്രദ്ധ പുലർത്തുന്ന ആളാണെന്നിരിക്കെ ഇത് എങ്ങനെ സാധ്യമാകുമെന്നാണ് അംബിക ചോദിക്കുന്നത്."സ്വന്തം ഹാൻഡ് ബാഗ് ലോക്ക് ചെയ്ത വയ്ക്കുന്ന ആളാണ് രാധ. രാത്രി ഉറങ്ങുന്നതിന് മുൻപ് ഹാൻഡ് ബാഗ് ചെറിയ ലഗ്ഗേജ് ബാഗിനുള്ളിൽ വച്ച് അത് നമ്പർ ലോക്കിട്ട് പൂട്ടിവയ്ക്കുന്ന ആളാണ്. അത്രയും ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്ന ആളാണ് എന്റെ സഹോദരി. അങ്ങനെയുള്ള ഒരാൾ, ചെക്ക് വീട്ടിൽ വച്ചിട്ട് പോയി, കബോർഡിൽ വച്ചിട്ട് പോയി എന്നൊക്കെ പറഞ്ഞാൽ, കേൾക്കുന്നവർ എന്താ വിഡ്ഢികളാണോ ?
ചെക്കിൽ ഒപ്പിട്ടുണ്ടല്ലോ. അപ്പോൾ എങ്ങനെയാണ് അത് എന്റെ അടുത്തു വച്ചിട്ട് പോയി എന്ന് പറയുന്നത്. സഹോദരൻ പറഞ്ഞപ്പോഴാണ് ആ ചെക്ക് വിഷയത്തെ കുറിച്ച് ഞാനറിയുന്നത്. അമ്മ മരിക്കുന്നതിന് മുൻപ് തന്നെ മക്കളുടെ സ്വത്ത് വിഹിതം സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീർപ്പാക്കിയിരുന്നു. അമ്മയുടെ മരണത്തിന് ശേഷമായാലും എല്ലാ വിഷയങ്ങളും സംസാരിച്ച് തീരുമാനം എടുത്തിരുന്നു. എന്നാൽ, നമ്മളോട് സംസാരിക്കുമ്പോൾ ഒരു രീതിയിലും വീട്ടിൽ ചെന്ന ശേഷം മറ്റൊരു രീതിയിലുമാണ് സഹോദരി സംസാരിക്കുന്നത്," അംബിക പറഞ്ഞു.
ഇന്നലെ രാവിലെയാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി അംബികയ്ക്കും സഹോദരന്‍ മല്ലികാർജുനനും എതിരെ രാധ പരാതി നല്‍കിയത്. അഞ്ചു ചെക്കുകൾ ഉപയോഗിച്ച് 46 കോടി രൂപ തട്ടാൻ ശ്രമിച്ചുവെന്നാണ് പരാതി. ഈ പരാതി പ്രകാരം, 'എആർഎസ് ഗാർഡൻ സ്റ്റുഡിയോ' എന്ന തന്റെ ബിസിനസ് സ്ഥാപനത്തിന്റെ പേരിൽ നടിക്ക് ഒരു കറന്റ് അക്കൗണ്ട് ഉണ്ടായിരുന്നു. യാത്രയിലായിരിക്കുന്ന സമയങ്ങളിൽ ശമ്പളം, യൂട്ടിലിറ്റി ബില്ലുകൾ, നികുതികൾ, ഗാർഡൻ അറ്റകുറ്റപ്പണികൾ എന്നിവയുൾപ്പെടെയുള്ള ദൈനംദിന ചെലവുകൾക്കായി നടി തന്റെ വസതിയിൽ ഒപ്പിട്ട ചില ബ്ലാങ്ക് ചെക്കുകൾ സൂക്ഷിച്ചിരുന്നു.
2025 ജനുവരിയിൽ തന്റെ സംരംഭം 'ആർആർ ഗാർഡൻസ്' എന്ന് പുനർനാമകരണം ചെയ്തതായും, അതിനുശേഷം ഒരു പുതിയ ചെക്ക് ബുക്ക് ലഭിച്ചതിനാൽ പഴയ ചെക്ക് ബുക്ക് ഉപയോഗിക്കാറില്ലായിരുന്നുവെന്നും രാധ പരാതിയിൽ പറയുന്നു. സെപ്റ്റംബർ 17ന് ബാങ്കിൽ നിന്ന് വിളിച്ച് അംബികയുടെ പേരിൽ അഞ്ച് ചെക്കുകൾ പണമാക്കാനായി ഹാജരാക്കിയിട്ടുണ്ടെന്ന് അറിയിക്കുന്നത് വരെ ഈ പഴയ ചെക്കുകളെക്കുറിച്ച് താൻ മറന്നുപോയിരുന്നുവെന്നാണ് നടി പറയുന്നത്.
ഈ ചെക്കുകൾ സഹോദരൻ മല്ലികാർജുനനാണ് പൂരിപ്പിച്ചതെന്നും, അനധികൃത സാമ്പത്തിക ലാഭത്തിനായി അംബികയും സഹോദരനും ചേർന്ന് ഈ രേഖകൾ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും രാധ ആരോപിക്കുന്നു. താൻ ചെന്നൈയിൽ ഇല്ലാതിരുന്ന സമയത്ത് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് മുറിയിൽ നിന്ന് ഈ ചെക്കുകൾ കൈക്കലാക്കിയതെന്നും നടി ആരോപിച്ചു. പരാതിയിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.