മുന്നണികള്‍ മാറി മറിഞ്ഞപ്പോഴും ബിഹാറില്‍ സ്വന്തം കസേര ഉറപ്പിച്ച നിതീഷ് കുമാര്‍!

ബിഹാറിലെ മുന്നണി മാറ്റത്തിന്റെ, നിതീഷ് ഒന്‍പത് തവണ മുഖ്യമന്ത്രിയായതിന്റെ കഥ ഇങ്ങനെയാണ്...
മുന്നണികള്‍ മാറി മറിഞ്ഞപ്പോഴും ബിഹാറില്‍ സ്വന്തം കസേര ഉറപ്പിച്ച നിതീഷ് കുമാര്‍!
Published on

എന്‍ഡിഎ ആയാലും കൊള്ളാം, മഹാഗഡ്ബന്ധനായാലും കൊള്ളാം... ഏത് മുന്നണി ആയാലും മുഖ്യമന്ത്രി ഞാന്‍ തന്നെ....

ഒരു മുന്നണിയെയും തുടര്‍ച്ചയായി വിജയിപ്പിച്ച ചരിത്രം പൊതുവെ ബിഹാറിനില്ല. എന്നിട്ടും പത്ത് വര്‍ഷത്തിനിടെ അഞ്ച് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നതടക്കം ഒന്‍പത് തവണയാണ് നിതീഷ് കുമാര്‍ അധികാര കസേര സ്വന്തമാക്കി വച്ചത്. ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലിരുന്നത് വെറും ഏഴ് ദിവസം... ബിഹാറിലെ കലുഷിതമായ രാഷ്ട്രീയ കോലാഹലങ്ങളുടെ, മുന്നണി മാറ്റത്തിന്റെ, നിതീഷ് ഒന്‍പത് തവണ മുഖ്യമന്ത്രിയായതിന്റെ കഥ ഇങ്ങനെയാണ്...

ബിഹാര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. എന്‍ഡിഎയുടെ മുഖമായി ഇത്തവണയും നിതീഷ് കുമാര്‍ തന്നെ. പത്താം തവണ ഒരു തുടര്‍ച്ചയ്ക്ക് കോപ്പു കൂട്ടുകയാണ് നിതീഷ്... കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ബിഹാറിലെ അധികാര വടംവലിയില്‍ സ്വന്തം കസേര എങ്ങനെ ഉറപ്പിക്കണമെന്ന് കൃത്യമായി അറിയാമായിരുന്നു അദ്ദേഹത്തിന്.

മുന്നണികള്‍ മാറി മറിഞ്ഞപ്പോഴും ബിഹാറില്‍ സ്വന്തം കസേര ഉറപ്പിച്ച നിതീഷ് കുമാര്‍!
നിതീഷ് കുമാര്‍ ഒന്‍പത് തവണ ബിഹാര്‍ മുഖ്യമന്ത്രിയായ കഥ

ലാലു പ്രസാദ് യാദവിന്റെയും സോഷ്യലിസ്റ്റ് നേതാവായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും നിഴലില്‍ നിന്നുകൊണ്ട് രാഷ്ട്രീയത്തിലെത്തിയ സോഷ്യലിസ്റ്റ് നേതാവാണ് നിതീഷ് കുമാര്‍. 1994ല്‍ ഫെര്‍ണാണ്ടസും നിതീഷ് കുമാറും ചേര്‍ന്നാണ് സമത പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. അധിക നാള്‍ പോയില്ല, നിതീഷ് കുമാറിന് അന്നേ മനസിലായിരുന്നു തന്റെ പാര്‍ട്ടിക്ക് എന്‍ഡിഎയുമായി കൈകോര്‍ക്കുന്നതാണ് നല്ലതെന്ന്. അങ്ങനെ 1996ല്‍ ആദ്യമായി എന്‍ഡിഎ പിന്തുണയില്‍ ബാഢ് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചു.

തുടര്‍ന്ന് വാജ്പയീ സര്‍ക്കാരില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായി. എന്നാല്‍ 1999ല്‍ 285 പേര്‍ മരിക്കാന്‍ ഇടയായ പശ്ചിമ ബംഗാളിലുണ്ടായ ട്രെയിന്‍ അപകടത്തിന് പിന്നാലെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാര്‍ രാജിവച്ചു. എന്നാല്‍ അതേവര്‍ഷം അദ്ദേഹത്തെ കേന്ദ്ര കാര്‍ഷിക മന്ത്രിയായി നിയമിച്ചു. 2001ല്‍ വീണ്ടും റെയില്‍വേ മന്ത്രി സ്ഥാനം തന്നെ തിരിച്ചു നല്‍കി. എന്നാല്‍ ഇതിനിടെ വര്‍ഷം 2000ത്തില്‍ ചെറുതായൊന്ന് ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്.

സമതാ പാര്‍ട്ടി നേതാവും വാജ്പയി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായി ഇരിക്കുന്ന സമയത്താണ് നിതീഷ് കുമാര്‍ എല്ലാ ജനാധിപത്യ നിയമങ്ങളും കാറ്റില്‍ പറത്തി അവിഭക്ത ബിഹാറിന്റെ മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടര്‍ന്ന് 151 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടാവുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ, സത്യപ്രതിജ്ഞ ചെയ്ത് ആദ്യ ദിവസം മുതല്‍ തന്നെ നിതീഷിന് മനസിലായി തുടങ്ങിയിരുന്നു, തനിക്ക് പ്രതീക്ഷിച്ച അംഗബലമോ പിന്തുണയോ കിട്ടില്ലെന്ന്.

മുന്നണികള്‍ മാറി മറിഞ്ഞപ്പോഴും ബിഹാറില്‍ സ്വന്തം കസേര ഉറപ്പിച്ച നിതീഷ് കുമാര്‍!
ചോരപ്പാടുകളും നെടുവീർപ്പുകളും കലർന്ന സുഡാൻ; കലാപ ഭൂമിയിൽ മരണഭീതിയോടെ മനുഷ്യർ

പിന്തുണ കിട്ടുമെന്ന് വെറുതെ പറഞ്ഞാല്‍ പോര, വിശ്വാസ വോട്ടെടുപ്പിലൂടെ കടന്നുപോകണമെന്ന് ഗവര്‍ണര്‍ നിതീഷിനോട് ആവശ്യപ്പെട്ടു. 2000 മാര്‍ച്ച് ഒന്‍പതിന് കഹല്‍ഗാവില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ സദാനന്ദ സിങ് നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വിശ്വാസ വോട്ടെടുപ്പിനുള്ള കളമൊരുങ്ങി...

കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനും വിശ്വാസം ഉറപ്പാക്കാനുമായിരുന്നു എന്‍ഡിഎ ലക്ഷ്യമിട്ടത്. എന്നാല്‍ ഈ നീക്കം മുന്‍കൂട്ടി മനസിലാക്കിയ ലാലു പ്രസാദ് യാദവ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താനുള്ള കരു എതിരാളികള്‍ക്കും മുന്നേ എറിഞ്ഞു. എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം കിട്ടില്ലെന്ന് മനസിലാക്കിയതോടെ മാര്‍ച്ച് പത്തിന് വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ നിന്നില്ല നിതീഷ്. അയാള്‍ ഏഴ് ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന് രാജിവച്ചൊഴിഞ്ഞു. തുടര്‍ന്ന് ആര്‍ജെഡി ദളിത് നേതാവും ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവി മുഖ്യമന്ത്രിയായി ചുമതലയേറ്റു.

2003 ഒക്ടോബര്‍ 30നാണ് ജനാതദള്‍ പാര്‍ട്ടിയിലെ ശരദ് യാദവ് വിഭാഗം, സമതാ പാര്‍ട്ടിയെയും ഒപ്പം ചേര്‍ത്ത് ജനതാദള്‍ യു എന്ന പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. അങ്ങനെയവര്‍ 2005ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കൊപ്പം മത്സരിച്ചു. ഭരണം എന്‍ഡിഎയുടെ കൈയ്യിലെത്തി. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേറ്റു. 2010 വരെ നിതീഷ് കുമാര്‍ അധികാരത്തിലിരുന്നു. 2010 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പിന്തുണയില്‍ മൂന്നാം തവണ മുഖ്യമന്ത്രിയായി അധികാരത്തിലേക്ക്.

എന്നാല്‍ 17 വര്‍ഷം നീണ്ട എന്‍ഡിഎ ബന്ധം 2013ല്‍ ജെഡി യു അവസാനിപ്പിച്ചു. എന്തിന്? അത് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാണിച്ചതില്‍ എതിര്‍ത്തുകൊണ്ടായിരുന്നു.

മുന്നണികള്‍ മാറി മറിഞ്ഞപ്പോഴും ബിഹാറില്‍ സ്വന്തം കസേര ഉറപ്പിച്ച നിതീഷ് കുമാര്‍!
Louvre Museum Heist | ആന്ധ്രയില്‍ നിന്നുള്ള റീജന്റ് വജ്രം മോഷ്ടാക്കള്‍ തൊടാഞ്ഞത് ശാപം ഭയന്നോ?

2013ല്‍ അന്നത്തെ മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു പ്രസിഡന്റ് ശരദ് യാദവും പത്ര സമ്മേളനം വിളിച്ച് എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ശരദ് യാദവ് ഒഴിഞ്ഞു.

അന്നത്തെ പൊതു തെരഞ്ഞെടുപ്പിനെ ജെഡിയു നേരിട്ടത് സിപിഐയുമായി സഖ്യം ചേര്‍ന്നാണ്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി-എല്‍ജെപി സഖ്യം 31 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഐക്കൊപ്പം മത്സരിച്ച ജെഡിയു രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി. ഇതോടെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് അറിയിച്ച് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പിന്നാലെ ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രിയായി ചുമതലയേറ്റു. പക്ഷെ മാസങ്ങള്‍ മാത്രം കഴിഞ്ഞപ്പോള്‍ ജിതന്‍ റാം മാഞ്ചിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. തയ്യാറാവാതിരുന്ന മാഞ്ചിയെ ജെഡിയുവില്‍ നിന്ന് പുറത്താക്കി. അങ്ങനെ നാലാം തവണ വീണ്ടും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടായിരുന്നു നിതീഷ് കുമാറിന്റെ ഈ നീക്കം.

2015 മുതല്‍ 2017 വരെയുള്ള കാലത്താണ് അഞ്ചാം തവണ മുഖ്യമന്ത്രിയാകുന്നത്. എന്‍ഡിഎയുമായി ബന്ധം ഉലഞ്ഞതോടെ ജെഡിയു ആര്‍ജെഡിക്കൊപ്പം കൂടി. മഹാഗഢ്ബന്ധനെന്ന പേരില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും ജെഡിയുവും ചേര്‍ന്ന് സഖ്യമുണ്ടാക്കി.

നേരന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടു. 178 സീറ്റുകള്‍ മഹാസഖ്യം നേടി. അതില്‍ 71 സീറ്റുകള്‍ നേടി ജെഡിയു രണ്ടാം സ്ഥാനത്തെത്തി. അങ്ങനെ അഞ്ചാം തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേറ്റു. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായി.

ഏറെക്കാലം പോയില്ല, ഭരണത്തില്‍ അസ്വാരസ്യങ്ങളുണ്ടായി. ആര്‍ജെഡി സഖ്യ സര്‍ക്കാരിലെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിതീഷ് കുമാര്‍ രാജിവച്ചു. വീണ്ടും ബിജെപിയുമായി കൈകോര്‍ത്തു. പിന്നെ നടന്നത് തിരക്കിട്ട നീക്കങ്ങള്‍. അങ്ങനെ മഹാസഖ്യ സര്‍ക്കാരില്‍ നിന്നും രാജിവച്ച നിതീഷ് കുമാര്‍ അടുത്ത ദിവസം എന്‍ഡിഎക്കൊപ്പം ചേര്‍ന്ന് വീണ്ടും ആറാം തവണ മുഖ്യമന്ത്രിയായി.

മുന്നണികള്‍ മാറി മറിഞ്ഞപ്പോഴും ബിഹാറില്‍ സ്വന്തം കസേര ഉറപ്പിച്ച നിതീഷ് കുമാര്‍!
അതിദാരിദ്ര്യ മുക്ത കേരളം; പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ത്?

2020ലെ തെരഞ്ഞെടുപ്പില്‍ ജെഡിയു പിന്തുണയില്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടി. മഹാഗഡ്ബന്ധന് 110 സീറ്റുകളേ നേടാനായുള്ളു. അങ്ങനെ ഏഴാം തവണ മുഖ്യമന്ത്രിയായി നിതീഷ് തന്നെ തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2022ല്‍ എന്‍ഡിഎ സര്‍ക്കാരുമായി ജെഡിയു വീണ്ടും ഇടഞ്ഞു. സഖ്യം വിട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചു. അങ്ങനെ വീണ്ടും മഹാഗഡ്ബന്ധനുമായി കൈകോര്‍ത്തു. വീണ്ടും, എട്ടാം തവണ നിതീഷ് കുമാര്‍ അധികാരത്തിലേക്ക്. അങ്ങനെ മഹാസഖ്യവും ബിഹാറില്‍ അധികാരത്തിലേക്ക്. വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ മൂന്ന് വര്‍ഷം മാത്രം ശേഷിക്കേ ഇനിയുമൊരു മുന്നണി മാറ്റത്തിലേക്ക് പോകില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. ആ ബന്ധവും അധികകാലം പോയില്ല. 2024 ജനുവരി 28ന് മഹാസഖ്യവുമായുള്ള കുറച്ചുകാലത്തെ ബന്ധം അവസാനിപ്പിച്ച് രാജിവച്ചു. ഏറെ വൈകാതെ എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്ന് ഒന്‍പതാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി

ഇത്തവണ രാഷ്ട്രീയപരമായി കുറച്ചുകൂടി കലുഷിതമാണ് സാഹചര്യം. സുസ്ഥിര വികസന സൂചികയിലും നീതി ആയോഗ് ദാരിദ്ര്യ സൂചികയിലും പിന്നിലാണ് ബിഹാര്‍. അടിസ്ഥാന സൗകര്യങ്ങള്‍ നന്നേ കുറവ്. ഇത്രയും കാലമായി മുന്നണികള്‍ മാറി ഭരിച്ചപ്പോഴും മുഖ്യമന്ത്രിയായി തുടര്‍ന്ന നിതീഷ് കുമാര്‍ അടിസ്ഥാന വികസനത്തിനായി എന്ത് ചെയ്തെന്ന ചോദ്യം ബാക്കിയാണ്.

ഇത്തവണയും എന്‍ഡിഎയുടെ മുഖമായി നിതീഷ് കുമാറിനെ തന്നെ ഉയര്‍ത്തിക്കാണിക്കുന്നുണ്ടെങ്കിലും അതിന് വലിയ ആയുസില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വന്നതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറെ സുതാര്യമായി നടത്തിയ പ്രക്രിയയെന്ന് പറയുമ്പോഴും 65 ലക്ഷത്തോളം വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയെന്നാണ് കണക്കാക്കുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണം ഇരുമുന്നണികളിലും എങ്ങനെ പ്രതിഫലിക്കുമെന്നുകൂടി കണ്ടറിയേണ്ട സഹാചര്യമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com