കാൻസർ ചികിത്സയിൽ വഴിത്തിരിവ്; ഏഴ് രാജ്യങ്ങളിൽ ആദ്യ ശ്വാസകോശ അർബുദ വാക്സിൻ പരീക്ഷിച്ചു

ലോകത്തിലെ ആദ്യ എംആർഎൻഎ ശ്വാസകോശ അർബുദ വാക്സിനായ ബിഎൻടി116 ആണ് ഏഴ് രാജ്യങ്ങളിൽ ഡോക്ടർമാർ രോഗികളിൽ പരീക്ഷിച്ച് തുടങ്ങിയിരിക്കുന്നത്
കാൻസർ ചികിത്സയിൽ വഴിത്തിരിവ്; ഏഴ് രാജ്യങ്ങളിൽ ആദ്യ ശ്വാസകോശ അർബുദ വാക്സിൻ പരീക്ഷിച്ചു
Published on

ലോകത്തിലെ ആദ്യ ശ്വാസകോശ അർബുദ വാക്സിൻ ഏഴ് രാജ്യങ്ങളിൽ പരീക്ഷിച്ചു. ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന ലോകത്തിലെ ആദ്യ എംആർഎൻഎ ശ്വാസകോശ അർബുദ വാക്സിനായ ബിഎൻടി 116 ആണ് ഏഴ് രാജ്യങ്ങളിൽ ഡോക്ടർമാർ രോഗികളിൽ പരീക്ഷിച്ച് തുടങ്ങിയിരിക്കുന്നത്.

ഈ വാക്സിൻ അകത്തു ചെല്ലുന്നതോടെ, ശരീരത്തിലെ അർബുദ കോശങ്ങൾ നശിക്കുമെന്നാണ് വാക്സിൻ ഉത്പാദിപ്പിച്ച ബയോ എൻ ടെക്ക് അവകാശപ്പെടുന്നത്. ഒരു തവണ പ്രതിരോധിക്കാൻ സാധിച്ചാൽ പിന്നീട് കാൻസർ വരുന്നതിൽ നിന്നും തടയുമെന്നതും ഈ വാക്സിൻ്റെ പ്രത്യേകതയാണ്. ശ്വാസകോശ അർബുദ ചികിത്സയുടെയും ഗവേഷണത്തിൻ്റെയും പുത്തൻ കാലമാണ് ഇതെന്ന് യൂണിവേഴ്സിറ്റി കോളേജ്, ലണ്ടനിലെ ഓങ്കോളജിസ്റ്റായ പ്രൊഫ. സിയോ മിങ് ലീ പറഞ്ഞു. ലോകമെമ്പാടുമുള്ള നിരവധി കാൻസർ രോഗികളെ ഈ വാക്സിനിലൂടെ രക്ഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ലീ കൂട്ടിച്ചേർത്തു.

യുകെ, യുഎസ്, ജർമനി, ഹംഗറി, പോളണ്ട്, സ്പെയിൻ, തുർക്കി എന്നീ രാജ്യങ്ങളിലെ 34 കേന്ദ്രങ്ങളിലാണ് ശ്വാസകോശ അർബുദ വാക്സിൻ ആദ്യ ഘട്ടത്തിൽ പരീക്ഷിക്കുന്നത്. ഏഴ് രാജ്യങ്ങളിലായി ശസ്ത്രക്രിയക്കും റേഡിയോ തെറാപ്പിക്കും വിധേയരാകാത്ത ഏകദേശം 130ഓളം രോഗികളിൽ വാക്സിൻ പരീക്ഷിക്കാനാണ് തീരുമാനമായിരിക്കുന്നത്. എൻഎച്ച്എസ് ഇംഗ്ലണ്ട്സ് കാൻസർ വാക്സിൻ ലോഞ്ച് പാഡ് ഉപയോഗിച്ച് രോഗികളെ ട്രാക്ക് ചെയ്യാനും, പെട്ടന്ന് തന്നെ വാക്സിൻ എത്തിക്കുന്നതിന് സജ്ജീകരണങ്ങളൊരുക്കാനും സാധിക്കും.

READ MORE: കണ്ണിനു ചുറ്റും കറുപ്പോ? ജീവിത ശൈലിയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി നോക്കൂ

ലോകത്തിൽ ഏറ്റവും കൂടുതൽ കാൻസർ മരണങ്ങളുണ്ടാകുന്നത് ശ്വാസകോശ അർബുദം ബാധിച്ചാണ്. ഏകദേശം 1.8 മില്യൺ ആളുകളാണ് ശ്വാസകോശ അർബുദം ബാധിച്ച് എല്ലാ വർഷവും മരണപ്പെടുന്നത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com