കാഫിർ വിവാദം; സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്‌ത റിബീഷിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

റിബീഷ് ഫോണിൽ ലഭിച്ചത് ഷെയർ ചെയ്യുക മാത്രമാണ് ചെയ്തതെന്നും അത് സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്നും ജില്ലാ സെക്രട്ടറി പി.സി. ഷൈജു
കാഫിർ വിവാദം; സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്‌ത റിബീഷിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി
Published on

കാഫിർ വിവാദത്തിൽ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ ആദ്യം ഷെയർ ചെയ്ത റിബീഷ് രാമകൃഷ്ണന് പിന്തുണയുമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി. സ്ക്രീൻഷോട്ട് നിർമ്മിച്ചവരെ കണ്ടെത്തണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യമെന്നും റിബീഷ് ഫോണിൽ ലഭിച്ചത് ഷെയർ ചെയ്യുക മാത്രമാണ് ചെയ്തതെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ഇത് എവിടെ നിന്ന് ലഭിച്ചെന്ന് ഓർമയില്ലെന്നാണ് റിബീഷ് പൊലീസിന് നൽകിയ മൊഴി.

കാഫിർ സ്ക്രീൻ ഷോട്ട് വർഗീയ പ്രചരണത്തിൻ്റെ ഭാഗമാണെന്ന് കാണിച്ച് ആദ്യം പൊലീസിൽ പരാതി നൽകിയത് സിപിഎം ആണെന്നാണ് പാർട്ടിയുടെ വാദം . റിബീഷ് ഫോണിൽ ലഭിച്ചത് ഷെയർ ചെയ്യുക മാത്രമാണ് ചെയ്തത്. അത് സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം എന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിചത് മുസ്ലിം ലീഗ് ആയിരുന്നെന്നും അവർക്കെതിരെ നിരവധി കേസുകളുണ്ടെന്നും ജില്ല സെക്രട്ടറി ആരോപിച്ചു.

അതേസമയം കാഫിർ വിവാദത്തിലൂടെ ഇരുവിഭാഗങ്ങളും നല്ല നിലയിൽ വർഗീയത ഉപയോഗിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കാഫിർ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ചെറിയ ആളുകൾ അല്ല. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. കെ.കെ. ലതികയ്ക്കും ഡിവൈഎഫ്ഐക്കാർക്കുമെതിരെ പാർട്ടി എന്ത് നടപടിയെടുക്കുമെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

ALSO READ: കാഫിർ പോസ്റ്റ് സിപിഎം നേതാക്കളുടെ അറിവോടെ; എല്ലാ തെളിവുകളും പൊലീസിൻ്റെ പക്കലുണ്ട്: കെ. സുധാകരൻ

വിവാദമായ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന നിഗമനം പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ കാഫിർ വിവാദം ഇടം പിടിക്കുന്നത്. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. വടകര സിഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.

'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലായിരുന്നു സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത്. ഈ ഗ്രൂപ്പിൻ്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽനിന്നാണ് പോസ്റ്റ് ലഭിച്ചതെന്ന് മനീഷ് മൊഴി നൽകി. ഇതിനു പിന്നാലെയാണ് പൊലീസ് നിർണായക വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറിയത്.

വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിൻ്റെ ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com