
പെൺമക്കളെ ഒറ്റയ്ക്ക് ജോലിക്ക് അയക്കാനുള്ള സുരക്ഷിതമായ ഇടമല്ല സിനിമ മേഖലയെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഡോക്ടർ, അധ്യാപകർ, പത്രപ്രവർത്തകർ തുടങ്ങിയവരൊന്നും മാതാപിതാക്കളെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നില്ല. ചലച്ചിത്ര മേഖലയിലേക്ക് മാതാപിതാക്കൾ വരുന്നുണ്ടെങ്കിൽ അതിനു കാരണം സുരക്ഷിതമായ ജോലിയിടമല്ല സിനിമാ മേഖല എന്നുള്ളതുകൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സിനിമാ മേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകളെ "കിട്ടും " എന്നാണ് പല പുരുഷൻമാരുടെയും ധാരണ. എന്നാൽ സിനിമ എന്ന കലാരൂപത്തോടുള്ള ഇഷ്ടം കൊണ്ടാണ് പെൺകുട്ടികളും സ്ത്രീകളും സിനിമയിലേക്ക് വരുന്നതെന്ന് അവർ തിരിച്ചറിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മലയാള സിനിമ മേഖലയിൽ ഒരു പവർ ഗ്രൂപ്പ് 'മാഫിയ സംഘം' പ്രവർത്തിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ തന്നെ പ്രശസ്ത നടൻ ആണ് ഇങ്ങനെ വിശേഷിപ്പിച്ചത്. മലയാള സിനിമ നിയന്ത്രിക്കുന്നത് കുറിച്ച് നിർമാതാക്കളും സംവിധായകരും നടന്മാരും പ്രൊഡക്ഷൻ കൺട്രോളർമാരും നടന്മാരുമാണ്. ഈ കൂട്ടത്തിലെ ആരുടെയെങ്കിലും സിനിമയിൽ ലൈംഗിക അതിക്രമം എന്ന് പരാതിപ്പെട്ടാൽ ആ സിനിമയിൽ നിന്ന് മാത്രമല്ല എല്ലാ സിനിമകളിൽ നിന്നും വിലക്ക് ഏർപ്പെടുത്തും. നടന്മാരും പലപ്പോഴും ഈ ശക്തികൾക്ക് ഇരകളായിട്ടുണ്ട്. അമ്മയിലെ ശക്തരായ അംഗങ്ങളെ നിർമാതാക്കൾക്ക് ഭയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മലയാള സിനിമ മേഖല പലപ്പോഴും ബോയ്സ് ക്ലബ് പോലെയാണ് പ്രവർത്തിക്കുന്നത്. സിനിമകളെ കുറിച്ചോ, പ്രൊജക്ടുകളെ കുറിച്ചോ രാത്രികളിൽ ഇരുന്ന് ചർച്ചകൾ നടത്തുന്ന പ്രത്യേക ബോയ്സ് ക്ലബ് ആണതെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക ആളുകളും മദ്യപിച്ചിട്ടാണ് സെറ്റിലേക്ക് വരുന്നത്. ഒരുവിധപ്പെട്ട എല്ലാവരും ലഹരി ഉപയോഗിക്കാറുണ്ട്. ലഹരിയിലാണ് സർഗാത്മകത വരുന്നതെന്നാണ് വിശദീകരണം. സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നില്ല എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.