
ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ ആശങ്ക വർധിപ്പിച്ച് പോളിയോ രോഗം. ജോർദാനിൽ നടത്തിയ പരിശോധനകളിലാണ് വാക്സിനെടുക്കാത്ത പത്തുമാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി ആക്രമണങ്ങൾക്ക് താൽക്കാലിക വിരാമമിടണമെന്ന് ഇസ്രയേലിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആദ്യ പോളിയോ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലിന ജലം, മരുന്നുകളുടെ അഭാവം, വ്യക്തി ശുചിത്വത്തിനുള്ള സാഹചര്യമില്ലായ്മ തുടങ്ങിയവയാണ് വൈറസ് ബാധയ്ക്ക് കാരണമെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 25 വർഷങ്ങൾക്കിടെ ആദ്യമായാണ് ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യുന്നത്.
സംഘർഷം തുടരുന്നതിനാൽ പ്രദേശത്ത് പോളിയോ വാക്‌സിനേഷന്‍ സാധ്യമല്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തത്. വെല്ലുവിളികള്‍ ഗുരുതരമാണെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ ക്യാമ്പയിന്‍ നടത്താന്‍ ഐക്യരാഷ്ട്ര സംഘടന തയ്യാറാണെന്നും അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.
രണ്ട് റൗണ്ടുകളിലായാണ് വാക്സിനേഷൻ പൂർത്തിയാക്കുക. ഓഗസ്റ്റ് അവസാനവും സെപ്റ്റംബറിലുമായി ഗാസ മുനമ്പിലൊട്ടാകെ വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് യൂണിസെഫ് അറിയിച്ചു. വെടിനിര്‍ത്തല്‍ സാധ്യമാക്കാതെ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം വാക്‌സിനേഷന്‍ ക്യാമ്പിന് വേണ്ടി ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിടാനുള്ള ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനത്തെ പിന്തുണക്കുന്നുവെന്ന് ഹമാസ് അറിയിച്ചു. എന്നാൽ
വ്യോമാക്രമണങ്ങൾക്ക് മുന്നോടിയായി ഗാസയുടെ വിവിധ മേഖലകളിൽ അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം.