
രാജ്യം എഴുപത്തെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ഫോർട്ട് കൊച്ചിയിലെ പരേഡ് മൈതാനത്തും സ്മരണകളിരമ്പുകയാണ്. മൂന്ന് പാശ്ചാത്യ ശക്തികളുടെ പട്ടാള ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്ഥലമായിരുന്നു പരേഡ് മൈതാനം. ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം വിദേശ പിന്മാറ്റത്തിന് സാക്ഷ്യം വഹിച്ച മണ്ണ് കൂടിയാണ്.
എഴുപത്തെട്ട്‍ വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് പതാകയായ യൂണിയൻ ജാക്ക് ബ്രിട്ടീഷ് പട്ടാളം താഴ്ത്തിയതിനും, ഇന്ത്യൻ പതാക ഉയരുന്നതിനും സാക്ഷിയായ ഇടമാണ് ഫോർട്ട് കൊച്ചി പരേഡ് മൈതാനം. 447 വർഷം യൂറോപ്യൻ ശക്തികൾ അടക്കി ഭരിച്ചിരുന്ന നാടാണ് ഫോർട്ട് കൊച്ചി. സ്വാതന്ത്ര്യ സമരത്തിൻ്റെ താളുകളിൽ ഇന്ത്യയിൽ വേറൊരു നാടിനും ഇതുപോലൊരു ചരിത്രം പറയാനുണ്ടാകില്ല.
പോർച്ചുഗീസുകാരാണ് ആദ്യം ഫോർട്ട് കൊച്ചിയിലെത്തിയത്. അവർ തന്നെയാണ് ഇപ്പോഴത്തെ പരേഡ് മൈതാനത്തെ ആദ്യമായി 'ബാരക്ക് മൈതാനം' എന്ന് വിശേഷിപ്പിച്ചതും. പട്ടാള ക്യാമ്പ് എന്ന അർത്ഥത്തിലാണ് ബാരക്ക് എന്നു വിളിച്ചത്. പോർച്ചുഗീസുകാരിലൂടെയായിരുന്നു യൂറോപ്യൻ ശക്തികൾ ആദ്യമായൊരു പട്ടണം ഫോർട്ട് കൊച്ചിയിൽ ഒരുക്കിയത്. അവർ ഈ മൈതാനത്ത് പോർച്ചുഗീസ് പതാക ഉയർത്തി. മൈതാനം പട്ടാളക്യാമ്പാക്കി മാറ്റി. മൈതാനത്തിനു ചുറ്റും പ്രധാന ഓഫീസുകൾ കെട്ടിയുയർത്തി. പട്ടാള ക്യാപ്റ്റന്മാരൊക്കെ ഇതിനു ചുറ്റും താമസമുറപ്പിച്ചു.
160 വർഷക്കാലം പോർച്ചുഗീസിൻ്റെ കീഴിലായിരുന്നു ഫോർട്ട്കൊച്ചി. പോർച്ചുഗീസുകാർക്ക് പിറകേ ഡച്ചുകാർ വന്നു, പല കോട്ടകളും തകർത്തു. എന്നാൽ ബാരക്ക് മൈതാനത്തിന് ഒരു മാറ്റവുമുണ്ടായില്ല. ഡച്ചുകാരുടെ പട്ടാള ക്യാമ്പും ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. മറ്റിടങ്ങളിലേക്കുള്ള സൈനിക വിന്യാസവും ഡച്ചുകാർ ഇവിടെ നിന്നും നടത്തി. 140 വർഷമാണ് ഡച്ച് പട ഫോർട്ട് കൊച്ചി കയ്യടക്കി വച്ചത്. ഏറ്റവും ഒടുവിലാണ് ബ്രിട്ടീഷുകാരുടെ വരവ്.
ബ്രിട്ടീഷ് സൈന്യവും ബാരക്ക് മൈതാനവും അവരുടെ താവളമാക്കി. ബ്രിട്ടീഷുകാരാണ് ബാരക് മൈതാനത്തെ പരേഡ് മൈതാനം എന്ന് നാമകരണം ചെയ്തത്. തൊട്ടടുത്തായി മുൻസിപ്പൽ ഓഫീസും, ബംഗ്ലാവും പോസ്റ്റോഫീസുകളുമുണ്ടായി. ഭരണം കേന്ദ്രീകരിക്കുന്ന സ്ക്വയറായി മൈതാനം മാറി. പരേഡ് മൈതാനത്ത് ബ്രിട്ടീഷ് പതാകയായ യൂണിയൻ ജാക്ക് ഉയർന്നു. അതിനുചുറ്റും ദിവസവും ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പരേഡ് നടന്നു. 1947 ഓഗസ്റ്റ് 14ന് വൈകിട്ട് ബ്രിട്ടീഷ് പതാക താഴ്ത്തിയതിന് പരേഡ് മൈതാനം സാക്ഷിയായി. പിറ്റേന്ന് അതേ കൊടിമരത്തിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർന്നു. തുടർച്ചയായ 447 വർഷം വിദേശ സൈനിക ശക്തികളുടെ കാൽക്കീഴിൽ കഴിഞ്ഞിരുന്ന, സ്വാതന്ത്ര്യത്തിനായി വെമ്പൽ കൊണ്ടിരുന്ന ഒരു ജനതയുടെ മോചനമായിരുന്നു അത്. സ്വാതന്ത്ര്യത്തിൻ്റെ പ്രഭാതത്തിൽ പരേഡ് മൈതാനത്ത് ആദ്യമായി ത്രിവർണ പതാക ഉയർത്തിയത് അന്ന് മുന്‍സിപ്പാലിറ്റിയുടെ ചെയർമാനായി നിയോഗിക്കപ്പെട്ട കെ. ജെ. ഹർഷലായിരുന്നു.