

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി പകർപ്പ് പുറത്ത്. 1551 പേജുള്ള വിധിന്യായമാണ് പുറത്ത് വന്നത്. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനാ കുറ്റം തെളിഞ്ഞില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ദിലീപിന് പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല.
പൾസർ സുനിയെ ദിലീപിന് അറിയില്ലെന്ന തരത്തിലായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. ഇത് ഖണ്ഡിക്കുന്ന ഒരു തെളിവും നിരത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തിൽ നിന്നും വ്യക്തമാകുന്നത്. ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപ് പണം നൽകിയതിന് തെളിവില്ലെന്നതാണ് കോടതിയുടെ പ്രധാന കണ്ടെത്തൽ. കുറ്റകൃത്യത്തിന് ദിവസങ്ങൾക്കുമുമ്പ് തൃശൂർ ജോയ് പാലസ് ഹോട്ടൽ പരിസരത്തുവച്ച് ദിലീപ് സുനിക്ക് 10000 രൂപ നേരിട്ട് അഡ്വാൻസ് നൽകിയെന്നും പിന്നീട് തൊടുപുഴയിൽവച്ച് 30000 രൂപ ഏർപ്പാടാക്കിയെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഇത് കോടതി തള്ളി.
പ്രതികൾ ജയിലിൽ നിന്ന് ദിലീപിനെ ഫോൺ വിളിച്ചെന്നായിരുന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നത്. എന്നാൽ ഇതിന് യാതൊരു വിധ തെളിവും നിരത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികൾ ജയിലിൽ ഫോൺ ഉപയോഗിച്ചതിനും തെളിവില്ല. ദിലീപ് പ്രതികൾക്ക് പണം നൽകി എന്നതിനും കൃത്യമായ തെളിവില്ല. തൃശൂരിലെ ടെന്നീസ് ക്ലബിൽ ദിലീപും പൾസർ സുനിയും ഒരുമിച്ച് ഉണ്ടായിരുന്നെന്നും ഇരുവരും ഫോട്ടോ എടുത്തിരുന്നു എന്നുമുള്ള വാദത്തിൽ, ഫോട്ടോയിലുള്ളത് പൾസർ സുനി ആയിരുന്നില്ലെന്ന് ഫോട്ടോ എടുത്ത വ്യക്തി പറഞ്ഞു. ഇതോടെ ആ വാദവും അസാധുവായി.
കേസിൽ ഡിജിറ്റൽ രേഖകൾ ദിലീപ് മായ്‌ചു എന്ന വാദത്തിനും തെളിവില്ലെന്നും, ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയതിൽ പ്രോസിക്യൂഷന് വീഴ്ചപറ്റിയെന്നും കോടതി വിലയിരുത്തി.
സംഭവദിവസമായ 2017 ഫെബ്രുവരി 17ന് സുനിയും മാർട്ടിനും ഗൂഢാലോചന നടത്തി അതിജീവിതയെ കൊച്ചിയിലേക്ക് കൂട്ടിക്കാണ്ടുവന്നുവെന്നും ആക്രമിക്കാനായി 3 മുതൽ 6 വരെ പ്രതികളെ കൂടെക്കൂട്ടിയെന്നുമാണ് കോടതിവിധിയിൽ പറയുന്നത്.
എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിയിൽ പലയിടത്തും ആവർത്തിക്കുന്നുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലെ കണ്ടെത്തലുകളും കോടതി തള്ളി.
ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കുക തന്നെ ചെയ്യും എന്ന് കോടതി വിധിയിൽ പറയുന്നു. ദിലീപ് ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ ആരോപണമുന്നയിച്ചിരുന്നു. അന്വേഷണം ഉദ്യോഗസ്ഥർക്കും പ്രോസിക്യൂഷനും എതിരെ ദിലീപും ആരോപണങ്ങൾ ഉയർത്തി. ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് സെഷൻസ് ജഡ്ജി ഉത്തരവിൽ പരാമർശിച്ചു.