തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പാടെ അവഗണിച്ച് അതിവേഗ റെയിൽ പദ്ധതിയിൽ ഇ. ശ്രീധരൻ്റെ ദ്രുത നീക്കം. പദ്ധതി വിശദീകരിക്കാൻ ജനങ്ങളിലേക്ക് നേരിട്ടിറങ്ങും. സമ്പർക്ക യോഗങ്ങൾ ഫെബ്രുവരി പതിനഞ്ച് മുതൽ തുടങ്ങുമെന്ന് ഇ. ശ്രീധരൻ അറിയിച്ചു. അതിനായി പൊന്നാനിയിലെ ഓഫീസ് വരുന്ന തിങ്കളാഴ്ച പ്രവർത്തന സജ്ജമാക്കും.
സംസ്ഥാന സർക്കാർ ബജറ്റിൽ മുന്നോട്ടുവച്ച ആർആർടിഎസ് പദ്ധതിയെ തള്ളിയ ഇ. ശ്രീധരൻ കേന്ദ്രപദ്ധതിയെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ മികവ് ജനങ്ങളെ പറഞ്ഞു മനസിലാക്കും. നേരിട്ടുള്ള ജനസമ്പർക്കത്തിലൂടെ ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ പരിഹരിക്കുക, പദ്ധതിക്ക് ജനപിന്തുണ ഉറപ്പാക്കുക ഇതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇതിൻ്റെ ഭാഗമായി ആദ്യ പൊതുയോഗം മലപ്പുറത്ത് നടത്തുമെന്നും ശ്രീധരൻ അറിയിച്ചു.
സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച റാപ്പിഡ് റെയിൽ പദ്ധതി കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞിരുന്നു. ആർആർടി എസിയേക്കാൾ അതിവേഗ റെയിൽവേയാണ് കേരളത്തിന് അനുയോജ്യം. രണ്ടും തമ്മിൽ വേഗത്തിൽ വലിയ വ്യത്യാസമുണ്ട്. സർക്കാറിൻ്റേത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണെന്നും,തെരഞ്ഞടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണം ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചുരുക്കത്തിൽ ടെക്നോക്രാറ്റ് എന്നതിനപ്പുറം രാഷ്ട്രീയ സ്വഭാവത്തിൽ തന്നെയാണ് ഇ. ശ്രീധരൻ കേന്ദ്രപദ്ധതി പ്രചാരണത്തിന് പൊതുയോഗങ്ങളുമായി മുന്നിട്ടിറങ്ങുന്നത്. നല്ല പദ്ധതിയാണ് ഇ. ശ്രീധരന്‍ കൊണ്ടുവരുന്നതെങ്കില്‍ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെങ്കില്‍ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സര്‍ക്കാരിനിപ്പോള്‍ ഇ. ശ്രീധരനെ പിടിക്കുന്നില്ല. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയിൽനിന്ന് മാറ്റാൻ പോകുന്നു എന്നുപറഞ്ഞ് ബഹളം വച്ചവരാണ് സിപിഐഎമ്മെന്നും വി.ഡി. സതീശൻ പരിഹസിച്ചു. നല്ല പദ്ധതി ആര് കൊണ്ടുവന്നാലും എതിർക്കില്ല. എന്നാൽ യാതൊരു പഠനവുമില്ലാതെ പത്തുവർഷത്തെ ഭരണം കഴിഞ്ഞു പോകുന്ന പോക്കിന് ഇപ്പോൾ ചുമ്മാ ഒരു പദ്ധതി പ്രഖ്യാപിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണെങ്കിലും ഇ. ശ്രീധരൻ നിർദേശിച്ച പദ്ധതിയാണെങ്കിലും അംഗീകരിക്കും. പേര് എന്തായാലും കേരളത്തിന് അതിവേഗ റെയിൽവേ വേണം എന്നാണ് നിലപാടെന്ന് ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കിയിരുന്നു.