തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നു കലുഷിതമായി നിയമസഭ. കവാടത്തിൽ നിന്നുതന്നെ ബാനറുമായി പ്രതിഷേധമുയർത്തിയാണ് പ്രതിപക്ഷമെത്തിയത്. സഭ ആരംഭിച്ച് ഉടനെ തന്നെ ബാനറുകളുമായി പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിൽ ജനങ്ങൾക്ക് ആശങ്കയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ ശ്രമം യഥാർഥ പ്രതികളെ രക്ഷിക്കാനെന്നും, പ്രതിപക്ഷ നേതാവിന് ഈ കോപ്രായം മുഴുവൻ കാണിക്കേണ്ടി വരുന്നത് ഭയം കൊണ്ടാണെന്നും എം.ബി. രാജേഷ് സഭയിൽ തുറന്നടിച്ചു.
തുടർച്ചയായി സഭ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തെ സ്പീക്കർ രൂക്ഷ ഭാഷയിൽ വിമർശിച്ചു. ചെയറിനെ പ്രതിപക്ഷം തെരുവിലിട്ട് അലക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം അംഗങ്ങൾ കൊടികെട്ടിയ വടികൊണ്ട് അടിച്ചെന്ന് സ്പീക്കർ ആവർത്തിച്ചു. പ്രതിഷേധത്തെ തുടർന്ന് സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കുകയും ചെയ്തു.
ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന് മേൽ സമ്മർദമുണ്ടെന്ന് വി.ഡി. സതീശൻ ആവർത്തിച്ചു. "പ്രതികളെല്ലാം സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തുവരികയാണ്. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഉത്കണ്ഠയും പരിഭ്രാന്തിയും ഉണ്ട്. ഇപ്പോൾ തന്നെ വേണ്ട വിധത്തിലുള്ള തെളിവുകൾ ശേഖരിച്ചിട്ടില്ല. പ്രതികൾ പുറത്തുവന്നാൽ തെളിവുകൾ നശിപ്പിക്കപ്പെടും", സതീശൻ സഭയിൽ അറിയിച്ചു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിലാണ് നടക്കുന്നത്. സത്യം മുഖത്ത് വന്ന് അടിക്കുമ്പോൾ പ്രതിപക്ഷ നേതാവ് അതിന് കണ്ണടക്കുകയാണ്. എന്നാൽ പ്രതിപക്ഷം കണ്ണടച്ചാൽ ലോകം മുഴുവൻ ഇരുട്ടാകില്ലെന്ന് മന്ത്രി എം.ബി രാജേഷ് മറുപടി നൽകി. യഥാർഥ പ്രതികൾ രക്ഷപ്പെട്ടു പോകണം എന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. അന്വേഷണം യഥാർഥ പ്രതികളിലേക്ക് എത്തരുത് എന്നാണ് പ്രതിപക്ഷത്തിൻ്റെ ഉദ്ദേശ്യമെന്നും എം.ബി. രാജേഷ് പറഞ്ഞു.
സ്വർണക്കൊള്ള നടത്തിയ പാർട്ടി നേതാക്കൾ അകത്ത് കിടക്കുമ്പോൾ ചുരുങ്ങിയത് മിണ്ടാതെ എങ്കിലും ഇരിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസിലെ ഗൂഢാലോചന പുറത്ത് വന്നിട്ടില്ല. കോടതിയുടെ കച്ചിതുരുമ്പിൽ പിടിച്ചിരിക്കേണ്ട കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി സഭയിൽ പറഞ്ഞു.
അതേസമയം, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ പ്രമേയം സഭ പാസാക്കി. മന്ത്രി എം. ബി. രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. 40,45 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിൽ അംഗങ്ങളായത്. കേന്ദ്രപദ്ധതി നടപ്പാക്കുന്നതിനൊപ്പം അതിൽ കൂടുതൽ ആനുകൂല്യങ്ങൾ സംസ്ഥാനം നൽകുന്നുണ്ട്. തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുന്ന കുടുംബങ്ങൾക്ക് ഓണത്തിന് ഉത്സവബത്തയായി 1000 രൂപ കൂടി നൽകുമെന്ന് പ്രമേയത്തിൽ വ്യക്തമാക്കി. സഭയിൽ ധന വിനിയോഗ ബില്ലും പാസാക്കി. മന്ത്രി കെ.എൻ. ബാലഗോപാലാണ് പ്രമേയം അവതരിപ്പിച്ചത്.