"പാക് രഹസ്യാന്വേഷണ ഏജൻസികൾക്കും ബംഗ്ലാദേശ് പ്രക്ഷോഭങ്ങളിൽ പങ്കുണ്ട്"; ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ്

ആഭ്യന്തര പ്രശ്‌നങ്ങളേക്കാൾ ബാഹ്യശക്തികളാണ് ഈ പ്രതിഷേധങ്ങളെ നയിക്കുന്നതെന്നായിരുന്നു സജീബിൻ്റെ പക്ഷം
"പാക് രഹസ്യാന്വേഷണ ഏജൻസികൾക്കും ബംഗ്ലാദേശ് പ്രക്ഷോഭങ്ങളിൽ പങ്കുണ്ട്"; ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസെദ്
Published on

ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളില്‍ വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി ഷേഖ് ഹസീനയുടെ മകൻ സജീബ് വസെദ് ജോയ്. പാകിസ്ഥാൻ്റെ ഇൻ്റർ സർവീസ് ഇൻ്റലിജൻസും ഇതിൽ പങ്കാളികളാണെന്ന് സജീബ് ആരോപിച്ചു. പ്രക്ഷോഭം ശക്തമാക്കാൻ ഷെയ്ഖ് ഹസീനയുടെ പ്രസ്താവന വളച്ചൊടിച്ചെന്നും സജീബ് വസെദ് പറഞ്ഞു.

ആഭ്യന്തര പ്രശ്‌നങ്ങളേക്കാൾ ബാഹ്യശക്തികളാണ് ഈ പ്രതിഷേധങ്ങളെ നയിക്കുന്നതെന്നായിരുന്നു സജീബിൻ്റെ പക്ഷം. ബംഗ്ലാദേശിൽ പ്രതിഷേധങ്ങൾ തുടരാൻ ഒരു കാരണവുമുണ്ടായിരുന്നില്ല. കാരണം, ഹസീന സർക്കാർ സംവരണം നിർബന്ധമാക്കിയിരുന്നില്ല. 2018ൽ ആദ്യ സംവരണ പ്രതിഷേധം നടന്നപ്പോൾ തന്നെ സർക്കാർ സംവരണം എടുത്തുകളഞ്ഞിരുന്നെന്നും സജീബ് പറയുന്നു.

പ്രക്ഷോഭങ്ങൾക്ക് തീപടർത്തിയ ഷെയ്ഖ് ഹസീനയുടെ റസാക്കർ പരാമർശം വളച്ചൊടിക്കപ്പെട്ടതാണെന്നും സജീബ് വാദിക്കുന്നു. "റസാക്കറുടെ കുടുംബത്തിന് ജോലി ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന അമ്മയുടെ മൊഴി പ്രതിഷേധക്കാർ ഏറ്റെടുത്ത് അവർ റസാക്കറാണെന്ന് പറഞ്ഞതായി വളച്ചൊടിച്ചു. അമ്മ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. എന്നാൽ ഇത് ഓൺലൈനിൽ തെറ്റായി പ്രചരിക്കുകയായിരുന്നു"- സജീബ് പറയുന്നു.

പൊലീസ് അക്രമണത്തെക്കുറിച്ചും സജീബിന് ഉത്തരങ്ങളുണ്ടായിരുന്നു. ബലപ്രയോഗം നടത്താനുള്ള ഉത്തരവുകൾ പൊലീസിന് സർക്കാർ നൽകിയിരുന്നില്ലെന്നും ഇത്തരത്തിൽ പ്രതിഷേധക്കാർക്ക് നേരെ അക്രമം നടത്തിയ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും സജീബ് ഉറപ്പിച്ച് പറഞ്ഞു. സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രക്ഷോഭം അക്രമാസക്തമായ ഒരു പ്രസ്ഥാനമായി മാറിയെന്ന് ചൂണ്ടിക്കാണിച്ച സജീബ് സമരക്കാർക്ക് ആയുധങ്ങൾ എവിടെ നിന്ന് ലഭിച്ചെന്നും ചോദിച്ചു.

നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള നിലവിലെ ഇടക്കാല സർക്കാരിനെയും സജീബ് ശക്തമായി വിമർശിച്ചു. യൂനസിൻ്റെ കീഴിലുള്ള ഇടക്കാല സർക്കാർ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സജീബിൻ്റെ വിമർശനം.

അവാമി ലീഗ് എല്ലായ്‌പ്പോഴും ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചിരുന്നു. നിലവിലെ സർക്കാർ അത് ചെയ്യുന്നതിൽ പരാജയപ്പെടുകയാണെന്നും സജീബ് മുന്നറിയിപ്പ് നൽകി. ഭരണത്തിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ തെരഞ്ഞെടുപ്പിന് മുൻഗണന നൽകുന്നില്ലെന്ന് അവർ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങൾ രാജ്യത്തുനിന്ന് പലായനം ചെയ്യുകയാണ്. അവരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. ന്യൂനപക്ഷത്തെ സുരക്ഷിതമാക്കാനും ബംഗ്ലാദേശിൽ ക്രമസമാധാനം പുനസ്ഥാപിക്കാനും ജനാധിപത്യം തിരികെ കൊണ്ടുവരാനും പ്രവർത്തിക്കുമെന്നും സജീബ് പറഞ്ഞു.

ബംഗ്ലാദേശിൽ ജൂലൈയിൽ സംവരണത്തെ ചൊല്ലി തുടങ്ങിയ പ്രക്ഷോഭത്തിൻ്റെ ഫലമായി ഓഗസ്റ്റ് 5നാണ് ഹസീന രാജി വെച്ചത്. ധാക്കയില്‍ പ്രക്ഷോഭം ശക്തമായതോടെ, ഹസീന ജനങ്ങളെ അഭിസംബോധന ചെയ്യുവാന്‍ പോലും നില്‍ക്കാതെ രാജ്യം വിടുകയായിരുന്നു. ഹസീനയുടെ രാജിക്ക് പിന്നാലെ വിദ്യാർഥി സംഘടനകളുടെ ആവശ്യപ്രകാരം നോബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് നേതൃത്വം നൽകാനെത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com