
നടക്കാതെ പോയ പ്രസംഗത്തെപ്പറ്റി സംസാരിച്ച് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. രാജി പ്രഖ്യാപിച്ച ശേഷം നാടിനെ അഭിസംബോധന ചെയ്യാന്‍ ഹസീന പ്രസംഗം തയ്യാറാക്കിയിരുന്നു. എന്നാല്‍ പ്രസംഗിക്കാനുള്ള സമയം സൈന്യം നല്‍കിയില്ല. രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ഹസീന പ്രസംഗത്തിന്‍റെ ഉള്ളടക്കത്തെപ്പറ്റി അടുത്ത വൃത്തങ്ങളോട് പറഞ്ഞിരിക്കുകയാണ്.
ബംഗ്ലാദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് ശ്രമം നടന്നുവെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചു. അവസരം കിട്ടിയിരുന്നെങ്കില്‍ ഈ കാര്യം പ്രസംഗിക്കുമായിരുന്നു എന്ന് മുന്‍ പ്രധാനമന്ത്രി അടുത്ത വൃത്തങ്ങളോട് പറഞ്ഞു.
"ശവഘോഷയാത്രകള്‍ കാണാന്‍ ഇടയാവാതിരിക്കാനാണ് ഞാന്‍ രാജിവെച്ചത്. അവര്‍ക്ക് വിദ്യാര്‍ഥികളുടെ ശവശരീരങ്ങള്‍ക്ക് മുകളിലൂടെ ഭരണം പിടിക്കണമായിരുന്നു. ഞാന്‍ അതിനു അനുവദിച്ചില്ല. പ്രധാനമന്ത്രി പദം ഒഴിഞ്ഞു. സെന്‍റ് മാര്‍ട്ടിന്‍ ദ്വീപിന്‍റെ പരമാധികാരം അടിയറവ് വെച്ച്, ബംഗാള്‍ ഉള്‍ക്കടലില്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിച്ചിരുന്നെങ്കില്‍ ഞാന്‍ അധികാരത്തില്‍ തുടരുമായിരുന്നു. തീവ്രവാദികളുടെ കബളിപ്പിക്കലില്‍ പെടരുതെന്ന് ഞാന്‍ എന്‍റെ നാട്ടിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു," ഷെയ്ഖ് ഹസീന പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലിന്‍റെ വടക്ക് കിഴക്കന്‍ മേഖലയിലുള്ള 3 ചതുരശ്ര അടി വസ്തീര്‍ണമുള്ള ദ്വീപാണ് സെന്‍റ് മാര്‍ട്ടിന്‍. ബംഗ്ലാദേശിന്‍റെ ദക്ഷിണ ഭാഗമാണിത്. ഹസീന അധികാരത്തില്‍ വന്നതിനു ശേഷം ബംഗ്ലാദേശ്-യുഎസ് ബന്ധം വഷളായിരുന്നു.
അവാമി ലീഗ് വിജയിച്ച ജനുവരിയിലെ പൊതു തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് യുഎസ് ആരോപിച്ചിരുന്നു. ബംഗ്ലാദേശിലും മ്യാന്‍മാറിലും ഒരു ക്രിസ്ത്യന്‍ രാജ്യം സൃഷ്ടിക്കാന്‍ വെള്ളക്കാര്‍ പദ്ധതിയിടുന്നു എന്നാണ് ഹസീന പ്രതികരിച്ചത് .
പാര്‍ട്ടി പ്രവര്‍ത്തകള്‍ക്കുള്ള സന്ദേശത്തില്‍, അവാമി ലീഗ് തിരിച്ചുവരവുകള്‍ നടത്തിയ പാര്‍ട്ടിയാണെന്ന് ഹസീന ഓര്‍മപ്പെടുത്തി. "പ്രതീക്ഷ കൈവിടരുത്. ഞാന്‍ ഉടനെ തിരിച്ചു വരും. ഞാന്‍ തോറ്റിരിക്കാം, പക്ഷെ ബംഗ്ലാദേശിലെ ജനങ്ങള്‍ ജയിച്ചു. ഏതു ജനങ്ങള്‍ക്ക് വേണ്ടിയാണോ എന്‍റെ അച്ഛനും കുടുംബവും മരിച്ചത് അവര്‍ക്കു വേണ്ടി," ഷെയ്ഖ് ഹസീന പറഞ്ഞു.
റസാക്കര്‍ പരാമര്‍ശത്തെ പറ്റിയും പ്രസംഗത്തില്‍ ഹസീന പറയുവാന്‍ ഉദ്ദേശിച്ചിരുന്നു. "ഞാന്‍ നിങ്ങളെ റസാക്കറുകളെന്ന് വിളിച്ചിട്ടില്ല. നിങ്ങളെ ചൊടിപ്പിക്കാനായി എന്‍റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു. നിങ്ങള്‍ മുഴുവന്‍ വീഡിയോയും കാണണം," ഹസീന അഭ്യർഥിച്ചു.
ബംഗ്ലാദേശിലെ ആഭ്യന്തര കലാപം രൂക്ഷമായതോടെയാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെയ്ക്കുന്നത്. തുടർന്ന് ബംഗ്ലാദേശ് ഭരണനിർവഹണത്തിനായി നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനസിന്‍റെ നേതൃത്വത്തില്‍ ഒരു ഇടക്കാല സര്‍ക്കാരിനെ നിയമിക്കുകയായിരുന്നു.