
യുവജന സംഘടനയിലൂടെ വളര്‍ന്ന ബുദ്ധദേബ് ഭട്ടാചാര്യ, ജ്യോതി ബസു എന്ന അതികായന്റെ തണലിലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ശരിതെറ്റുകള്‍ അഭ്യസിച്ചത്. ബസുവിനുശേഷം ബംഗാളില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന കാര്യത്തില്‍ സിപിഎം നേതൃത്വത്തിനും തെല്ലും സംശയമുണ്ടായിരുന്നില്ല. എന്നാല്‍, നയങ്ങളിലും കാഴ്ചപ്പാടുകളിലും ബസുവില്‍നിന്ന് ബുദ്ധദേബിലേക്ക് വലിയ ദൂരമുണ്ടായിരുന്നു. ബംഗാളില്‍ വ്യവസായ വിപ്ലവത്തിനായി വാദിച്ച കമ്യൂണിസ്റ്റ് നേതാവായി ബുദ്ധദേബ് മാറി. സംസ്ഥാനത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും അതായിരിക്കും പരിഹാരമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വ്യവസായ വളര്‍ച്ചയ്ക്ക് ആവശ്യമായ സാഹചര്യം സംസ്ഥാനത്ത് സൃഷ്ടിച്ചെടുക്കണമെന്നും അദ്ദേഹം ശഠിച്ചു. കമ്യൂണിസ്റ്റ് വഴിയില്‍ സഞ്ചരിച്ചുകൊണ്ട് വ്യവസായ വിപ്ലവത്തിന് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തെ നിരന്തരം വിമര്‍ശനമുനയില്‍ നിര്‍ത്തി. സംസ്ഥാനത്തേക്ക് വ്യവസായം കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളും, കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വഴിയൊരുക്കിയതുമെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ചൊടിപ്പിച്ചു. ഒടുവില്‍, വ്യവസായ വിപ്ലവത്തിന് ശ്രമിച്ച് പരാജയപ്പെട്ട നേതാവെന്ന ദുഷ്പേരുമായി ബുദ്ധദേബിന് അധികാരത്തില്‍നിന്ന് പടിയിറങ്ങേണ്ടിവന്നു. ജനം കൈയൊഴിഞ്ഞപ്പോള്‍ മാത്രമാണ് നയങ്ങളിലും തീരുമാനങ്ങളിലും ബുദ്ധദേബ് പുനര്‍വിചിന്തനം നടത്തിയത്.
ഭരണത്തിന്റെ ആദ്യ അഞ്ച് വർഷം ഐടി മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടായ മുന്നേറ്റം ബുദ്ധദേബ് സര്‍ക്കാരിന് കൈയ്യടി നേടിക്കൊടുത്തിരുന്നു. 2006ല്‍ തുടര്‍ച്ചയായ രണ്ടാം തവണ ബുദ്ധദേബ് അധികാരത്തിലേറുമ്പോള്‍ വലിയ ഭൂരിപക്ഷം നല്‍കി ജനം കൂടെനിന്നു. എന്നാല്‍, പ്രതിസന്ധിയുടെ നാളുകള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വ്യവസായങ്ങളോടുള്ള സിപിഎം നയം ബുദ്ധദേബ് പൊളിച്ചെഴുതി. സംസ്ഥാനത്തെ വികസനമുരടിപ്പിന് അറുതി വരുത്താന്‍ സ്വകാര്യ കമ്പനികളിലൂടെ സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരാനായിരുന്നു ശ്രമം. സംസ്ഥാനമെങ്ങും വ്യവസായ സംഗമങ്ങള്‍ സംഘടിപ്പിച്ചു. ബന്ദിനെയും പണിമുടക്കിനെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അടിക്കടിയുണ്ടാകുന്ന ബന്ദും പണിമുടക്കും സംസ്ഥാനത്തെ കാര്‍ന്നുതിന്നുന്ന രോഗങ്ങളാണെന്നായിരുന്നു 2009ലെ വ്യവസായ സംഗമത്തില്‍ ബുദ്ധദേബ് പ്രസ്താവിച്ചത്. ബന്ദിനും പണിമുടക്കിനും ആഹ്വാനം ചെയ്യുന്നൊരു പാര്‍ട്ടിയുടെ അംഗമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ അക്കാര്യങ്ങളില്‍ മൗനം പാലിക്കേണ്ടിവരുന്നു- എന്നും ബുദ്ധദേബ് തുറന്നടിച്ചു. തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തിട്ടും നിലപാടുകള്‍ തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സിംഗൂരും നന്ദിഗ്രാമും അതിന്റെ തുടര്‍ച്ചകളായി. അവ സർക്കാരിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അടിത്തറിയിളക്കി. മൂന്നര പതിറ്റാണ്ടോളമെത്തിയ കമ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യത്തിനും മമത ബാനര്‍ജിയുടെ ഉദയത്തിനും അത് കാരണമായി.
34 വര്‍ഷത്തിനൊടുവില്‍ സിപിഎമ്മിന് സംസ്ഥാന ഭരണത്തില്‍ നിന്ന് പുറത്തിറങ്ങി പോരേണ്ടിവന്ന നാളുകളിലായിരുന്നു ബുദ്ധദേബ് തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞത്. 2012ല്‍ കൊല്‍ക്കത്തയില്‍ യൂത്ത് റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്ന ഏറ്റുപറച്ചില്‍. വ്യവസായത്തിനായി ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സിംഗൂരും നന്ദിഗ്രാമിലും സംഭവിച്ച അനിഷ്ട സംഭവങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി. വ്യവസായവത്‌കരണത്തിനുള്ള ശ്രമങ്ങള്‍ അപ്പാടെ തെറ്റായിരുന്നു എന്ന് അതിനര്‍ത്ഥമില്ല. വികസനം എന്നത് പൊതുസമൂഹത്തിനുള്ളതാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. അക്കാര്യങ്ങളില്‍ കൂടുതല്‍ ക്ഷമയും ചര്‍ച്ചകളും വേണ്ടിയിരുന്നു. വ്യവസായവത്‌കരണത്തിനുള്ള പരിശ്രമങ്ങളെ ഒരാള്‍ക്ക് തിരിച്ചറിയാനാകുന്നില്ലെങ്കില്‍ എന്തു ചെയ്യാനാകും? വ്യവസായത്തിനായി നിലങ്ങളും കാടും ഖനികളും പ്രകൃതി വിഭവങ്ങളും വലിയ കോര്‍പ്പറേറ്റ് കമ്പനികളുടെ കൈകളിലേക്ക് കൈമാറിയതിലും സര്‍ക്കാരിന് തെറ്റുപറ്റി. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ചില പ്രൊപ്പഗണ്ട ഉയര്‍ന്നുവന്നതും തിരിച്ചടിയായി. പ്രതിഷേധങ്ങളെ തുടര്‍ന്ന് അവസാനഘട്ടത്തിലായിരുന്ന ടാറ്റ മോട്ടോഴ്സ് പ്രോജക്ട് ഉപേക്ഷിച്ചതുമെല്ലാം സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കി. പണിമുടക്കും സമരവും സംബന്ധിച്ച നിലപാടും തെറ്റായിരുന്നു. പൊതുവേദിയില്‍ അത് പറയരുതായിരുന്നെന്നും ബുദ്ധദേവ് പറഞ്ഞിരുന്നു. ഇടതു തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന്റെ അത്തരമൊരു തിരുത്തല്‍.
ബുദ്ധദേബിന്റെ ഭരണനാളുകളുടെ അവസാന വര്‍ഷങ്ങളില്‍ ബംഗാള്‍ വ്യവസായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. മധ്യ-ചെറുകിട സംരംഭങ്ങളായിരുന്നു സംസ്ഥാനത്തെ വ്യവസായത്തിന്റെ നട്ടെല്ല്. വ്യവസായ ദ്രുതവളര്‍ച്ചയുടെ കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്തായിരുന്നു ബംഗാള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മധ്യ-ചെറുകിട സംരംഭങ്ങളുടെ ക്രെഡിറ്റ് ഗ്രോത്ത് റിപ്പോര്‍ട്ട് പ്രകാരം, 2010ല്‍ 27,800 കോടിയായിരുന്നു ക്രെഡിറ്റ് ഇന്‍ടേക്ക്. 2008ല്‍ 13,222 കോടി, 2009ല്‍ 15,260 കോടി എന്നിങ്ങനെയുമായിരുന്നു ക്രെഡിറ്റ് ഇന്‍ടേക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവര്‍ക്ക് പിന്നിലായിരുന്നു ബംഗാളിന്റെ സ്ഥാനം. പക്ഷേ, അതൊന്നും 2011ല്‍ ബുദ്ധദേബിനെ തുണച്ചില്ല. 24 വർഷം ജയിച്ച യാദവപൂരിൽ സ്വന്തം ചീഫ് സെക്രട്ടറി ആയിരുന്നയാളോട് തോറ്റ് അധികാരം ഒഴിയേണ്ടിവന്നു, സിപിഎമ്മിന്റെ സര്‍വപ്രതാപവും കെട്ടു.