കെ.എൻ. ബാലഗോപാലും വിഎസും  Source: Facebook/ KN Balagopal
KERALA

ചരിത്രം സൃഷ്ടിച്ച ധീര വിപ്ലവകാരിയുടെ ഓർമകൾക്ക് മുൻപിൽ റെഡ് സല്യൂട്ട്: കെ.എൻ. ബാലഗോപാൽ

സ്വാതന്ത്ര്യസമര കാലഘട്ടത്തിലാരംഭിച്ച ആ പൊതു ജീവിതം ഈ നാടിൻ്റെ ചരിത്രത്തോടൊപ്പം വളരുകയായിരുന്നു എന്നും അദ്ദേഹം കുറിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ അനുസ്‌മരിച്ച് കെ. എൻ. ബാലഗോപാൽ. സഖാവ് വിഎസ് ഞങ്ങളുടെ തലമുറയുടെ കാരണവരായിരുന്നു എന്ന് തുടങ്ങുന്നതായിരുന്നു ബാലഗോപലിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളുടെ ഭാഗമായ അപൂർവ നേതാവ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലാരംഭിച്ച ആ പൊതു ജീവിതം ഈ നാടിൻ്റെ ചരിത്രത്തോടൊപ്പം വളരുകയായിരുന്നു എന്നും അദ്ദേഹം കുറിച്ചു.

കെ.എൻ. ബാലഗോപാൽ പങ്കുവെച്ച ചിത്രം

രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര-വയലാർ സമരത്തിൻ്റെ നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. സാമൂഹിക അനാചാരങ്ങൾക്കും ജന്മിത്വത്തിനുമെതിരെയുള്ള സമരങ്ങൾ അദ്ദേഹം നയിച്ചു. തൊഴിലാളി വർഗത്തിൽ ജനിച്ച് തൊഴിലാളിയായി പണിയെടുത്ത്, തൊഴിലാളി വർഗ്ഗ പാർട്ടിയുടെ പരമോന്നത നേതൃത്വത്തിലേക്കുയർന്ന സഖാവാണ് വിഎസ്.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

ഞങ്ങളുടെ തലമുറയുടെ കാരണവരായിരുന്നു സഖാവ് വിഎസ്.

കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളുടെ ഭാഗമായ അപൂർവ നേതാവ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിലാരംഭിച്ച ആ പൊതു ജീവിതം ഈ നാടിന്റെ ചരിത്രത്തോടൊപ്പം വളരുകയായിരുന്നു. രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര-വയലാർ സമരത്തിന്റെ നേതൃനിരയിൽ അദ്ദേഹമുണ്ടായിരുന്നു. സാമൂഹിക അനാചാരങ്ങൾക്കും ജന്മിത്വത്തിനുമെതിരെയുള്ള സമരങ്ങൾ അദ്ദേഹം നയിച്ചു. തൊഴിലാളി വർഗ്ഗത്തിൽ ജനിച്ച് തൊഴിലാളിയായി പണിയെടുത്ത്, തൊഴിലാളി വർഗ്ഗ പാർട്ടിയുടെ പരമോന്നത നേതൃത്വത്തിലേക്കുയർന്ന സഖാവാണ് വിഎസ്.

കേരളത്തിൻ്റെ ആദ്യത്തെ മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേൽക്കുമ്പോൾ, പാർടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു സഖാവ് വി.എസ്‌. സത്യപ്രതിജ്ഞ ചടങ്ങിനു മുന്നോടിയായി നിയുക്ത മന്ത്രിമാരൊന്നാകെ ആലപ്പുഴ വലിയ ചുടുകാട്ടിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്താൻ എത്തിയപ്പോൾ സ്വാഗതം ആശംസിച്ചതും അദ്ദേഹമായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്ക കാലഘട്ടങ്ങളിലും, പിന്നീട് എഴുപതുകളിൽ അടിയന്തരാവസ്ഥയുടെ ഘട്ടത്തിലും, ശേഷം 90 കളുടെ ആദ്യം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ ഫലമായി സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ശക്തമായ വെല്ലുവിളികൾ നേരിട്ട ഘട്ടത്തിലും കേരളത്തിലെയും ഇന്ത്യയിലെയും പാർട്ടിയെ മുന്നോട്ടു നയിക്കുന്നതിൽ വിഎസ് വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. എട്ടു പതിറ്റാണ്ടിലധികം നീളുന്നതാണ് അദ്ദേഹത്തിന്റെ പൊതു ജീവിതം. സഖാവ് വിഎസിനോളം അനുഭവങ്ങളുള്ള നേതാക്കള്‍ ഇന്ത്യൻ രാഷ്ട്രീയത്തിൽത്തന്നെ വിരളമാണ്. അനുഭവ തീക്ഷ്ണമായ എത്രയെത്ര ഏടുകൾ കൂടിച്ചേരുന്നതാണ് അദ്ദേഹത്തിന്റെ സംഭവബഹുലമായ പൊതുജീവിതം.

കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്താണ് വി.എസ് എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ നേരിട്ടു കാണാന്‍ അവസരം ലഭിക്കുന്നത്. കര്‍ക്കശക്കാരനും അധികം ആളുകളുമായി ഇടപഴകാത്തതുമായ ഒരു നേതാവായിട്ടാണ് ആദ്യം തോന്നിയത്. പിന്നെ എസ്എഫ്ഐയുടെ ഭാരവാഹിയാകുന്നതോടെയാണ് അടുത്തിടപഴകാനുള്ള അവസരം ലഭിക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവായി വിഎസ് പ്രവര്‍ത്തിക്കുന്ന കാലത്ത് എസ് എഫ് ഐയുടെ ഭാരവാഹി എന്ന നിലയിൽ വളരെ അടുത്ത് സഹകരിക്കാന്‍ കഴിഞ്ഞു. അക്കാലത്തെല്ലാം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തികഞ്ഞ ശ്രദ്ധയോടെ അതെല്ലാം കേള്‍ക്കാനും ആവശ്യമായവയിലെല്ലാം ഇടപെടാനും വിഎസ് പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു. കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കി ആവശ്യമായവയ്ക്കെല്ലാം നല്ല പിന്തുണ നല്‍കി. യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ നടന്ന വിദ്യാഭ്യാസ കച്ചവടത്തിനെതിരായ സമരപോരാട്ടങ്ങൾക്ക് വലിയ പിന്തുണ വിഎസില്‍ നിന്നും ലഭിച്ചു.

അക്കാലത്തെല്ലാം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തികഞ്ഞ ശ്രദ്ധയോടെ അതെല്ലാം കേള്‍ക്കാനും ആവശ്യമായവയിലെല്ലാം ഇടപെടാനും വിഎസ് പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു. കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കി ആവശ്യമായവയ്ക്കെല്ലാം നല്ല പിന്തുണ നല്‍കി. യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ നടന്ന വിദ്യാഭ്യാസ കച്ചവടത്തിനെതിരായ സമരപോരാട്ടങ്ങൾക്ക് വലിയ പിന്തുണ വിഎസില്‍ നിന്നും ലഭിച്ചു.

മുഖ്യമന്ത്രിയായ വി.എസിനൊപ്പം പൊളിറ്റിക്കല്‍ സെക്രട്ടറിയായി പാര്‍ട്ടി ചുമതലപ്പെടുത്തിയ കാലഘട്ടത്തിലാണ് ഏറ്റവും അടുത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റിന്റെ ചുമതല വഹിച്ചു വരവേയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. ആ കാലഘട്ടത്തിൽ നിരവധി ഓർമ്മകളുണ്ട്.

ഭരണകർത്താവ് എന്ന നിലയിലുള്ള വിഎസിനെ അടുത്തറിഞ്ഞത് ആ കാലത്താണ്. ഏതെങ്കിലും ഒരു വിഷയത്തിൽ വിയോജിപ്പ് നമ്മൾ ഉന്നയിച്ചാൽ അത് ന്യായമാണെങ്കിൽ അംഗീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എന്ന നിലയില്‍ വിഎസ് സ്വീകരിച്ചിട്ടുള്ളത്.

കാര്യങ്ങള്‍ നന്നായി കേള്‍ക്കാനും പഠിക്കാനും അതിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വേഗത്തിൽ നടക്കണമെന്നത് അദ്ദേഹത്തിന്റെ വാശിയായിരുന്നു. അതിന്റെ സാങ്കേതികത്വങ്ങൾ കൂടുതൽ പറയുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഒരു കാര്യം അദ്ദേഹം വിശ്വസിച്ചുകഴിഞ്ഞാല്‍ അതില്‍ മാറ്റമുണ്ടാക്കുക കുറച്ച് പ്രയാസകരമാണ്. തനിക്ക് ഉറച്ച ബോധ്യം വന്നാൽ മാത്രമേ താൻ വിശ്വസിച്ച കാര്യത്തില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറാകുമായിരുന്നുള്ളൂ.

മുഖ്യമന്ത്രി എന്ന നിലയില്‍ ഒട്ടേറെ പുതിയ കാര്യങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ ശ്രീ.എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട്‌ സംഘവും, വി എസിന്റെ നേതൃത്വത്തിലുള്ള കേരള സംഘവും തമ്മിലുള്ള ചർച്ചകളുടെ ഭാഗമാകാനായത് വലിയ സന്തോഷം നൽകുന്ന ഓർമ്മകളാണ്‌. പ്രശ്‌നം പൂർണമായും പരിഹരിച്ചില്ലെങ്കിലും, സംസ്ഥാനങ്ങൾ തമ്മിലുള്ള തെറ്റിധാരണകളും അകൽച്ചയും വലിയ തോതിൽ കുറയ്‌ക്കാൻ ഈ ചർച്ചകൾ സഹായകമായി. മുൻകാലങ്ങളിലെ വലിയ സംഘർഷാവസ്ഥയ്‌ക്ക്‌ അയവുവന്നു. സൗഹാർദ്ദപൂർണമായ ബന്ധം ഉറപ്പിക്കാനായി. വി. എസും കരുണാനിധിയും തമ്മിലുള്ള വ്യക്തിസൗഹൃദം കേരള- തമിഴ്നാട് ചർച്ചകൾ അർത്ഥപൂർണ്ണമാക്കുന്നതിന് സഹായകരമായി.

പുതിയ ആശയങ്ങള്‍ കേട്ടാല്‍ അത് പഠിക്കാനും മനസ്സിലാക്കാനും വി എസ് വലിയ താല്‍പര്യം കാട്ടിയിരുന്നു. മെട്രോ റെയിൽ സംവിധാനം കൊച്ചിയിൽ തുടങ്ങുന്നതിനായി ഡെൽഹി മെട്രോ ട്രെയിനിൽ സഞ്ചരിച്ച വിഎസിനൊപ്പം ഞാനുമുണ്ടായിരുന്നു. മെട്രോമാന്‍ ഇ. ശ്രീധരനോടൊപ്പം ആ മെട്രോപാതയില്‍ മുഴുവന്‍ അദ്ദേഹം സഞ്ചരിച്ചു. അന്ന് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ്‌ പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിക്കുന്നതിനു മുമ്പു തന്നെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്‌. മെട്രോയ്‌ക്ക്‌ സഹായകരമായ നിലയിൽ എറണാകുളം നോർത്തിലെ മേൽപ്പാലം അടക്കമുള്ള നിർമ്മാണങ്ങളും ആരംഭിച്ചു .

ബ്രിട്ടീഷ് ഭരണകാലത്ത് പശ്ചിമതീര കനാലില്‍ നിര്‍മ്മിച്ച വര്‍ക്കല തുരപ്പിനുള്ളില്‍ പോകാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും അതിശയിപ്പിക്കുന്നതായിരുന്നു. ആ ഗുഹയ്ക്കകത്തേക്ക് ഒരു ചെറിയ ബോട്ടില്‍ നടത്തിയ സാഹസിക യാത്രയിലും ഞാൻ ഒപ്പമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി കൊല്ലം മുതല്‍ ആലപ്പുഴ വരെ ജലപാതയിലൂടെ യാത്ര നടത്താനും അദ്ദേഹം തയ്യാറായി. ഇവിടെയെല്ലാം ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സോടെ കാര്യങ്ങളില്‍ ഇടപെടുന്ന വി.എസിനെയാണ് നമുക്ക് കാണാനായത്. പ്രകൃതി, പരിസ്ഥിതി സംരക്ഷണ വിഷയങ്ങളില്‍ അദ്ദേഹം താല്‍പര്യപൂര്‍വ്വം ഇടപെട്ടു.

പൊതുവില്‍ കേരളത്തിന്റെ വികസന കാര്യങ്ങള്‍ക്ക് വലിയ താല്‍പര്യം കാട്ടിയിരുന്ന നേതാവായിരുന്നു അദ്ദേഹം. ഐസര്‍, ഐഐഎസ്‌ടി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ അക്കാലത്താണ് വന്നത്. ഇടതുപക്ഷം പിന്തുണ നൽകിയിരുന്ന കേന്ദ്രത്തിലെ അന്നത്തെ യു.പി.എ സര്‍ക്കാരിലുണ്ടായിരുന്ന സ്വാധീനം വിഎസ് നന്നായി പ്രയോജനപ്പെടുത്തി. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടെക്നോപാര്‍ക്കിനായി ഐ.ടി വകുപ്പിന് കീഴില്‍ ആയിരം ഏക്കറോളം ഭൂമി ഏറ്റെടുക്കാനായത്. കെ.എസ്.ഐ.ടി.ഐ.എല്‍ എന്ന കമ്പനി രൂപീകരണത്തിന് വി.എസ് നല്‍കിയ നിര്‍ദ്ദേശങ്ങളും പിന്തുണയും വലുതായിരുന്നു.

പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും, മുതിർന്ന കേന്ദ്ര മന്ത്രിസഭാംഗങ്ങളെയും സന്ദർശിക്കാൻ വിഎസിനൊപ്പം ന്യൂഡൽഹിയിലേക്ക് നടത്തിയ യാത്രകൾ വലിയ അനുഭവങ്ങളായിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസ്, പ്രൈവറ്റ് സെക്രട്ടറി എസ്.രാജേന്ദ്രൻ അടക്കമുള്ളവര്‍ക്കൊപ്പമായിരുന്നു ഈ യാത്രകള്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വലിയ ബഹുമാനമാണ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കിട്ടിയിരുന്നത്.

നാല്‍പ്പതിലധികം സിപിഐഎം എംപിമാരുടെ പിന്തുണയില്‍ മുന്നോട്ടുപോയിരുന്ന കേന്ദ്ര സര്‍ക്കാരില്‍നിന്നും, പാര്‍ട്ടിയുടെ പ്രതിനിധി എന്ന രൂപത്തില്‍ വിഎസിന് പ്രത്യേക പരിഗണനതന്നെ ലഭിച്ചിരുന്നു. പല പുതിയ പദ്ധതികളും സാധ്യമാക്കാനും അത് സഹായിച്ചു. കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാനത്തിന്റെ ചില പ്രത്യേക കാര്യങ്ങളില്‍ സിപിഐഎമ്മിന്റെ കേന്ദ്ര നേതാക്കളായിരുന്ന പ്രകാശ് കാരാട്ടിനെയും സീതാറാം യച്ചൂരിയുടെയുമെല്ലാം ഇടപെടുവിക്കാനും വിഎസിന് സാധിച്ചിരുന്നു.

ലാലു പ്രസാദ്‌ യാദവ്‌ ഉൾപ്പെടെ ദേശീയ രാഷ്‌ട്രീയത്തിലെ മുതിർന്ന നേതാക്കളുമായി വി എസിന്‌ വലിയ അടുപ്പമുണ്ടായിരുന്നു. ഈ ബന്ധങ്ങൾ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത്‌ റെയിൽവെ വികസനത്തിലും പൊതുവികസനത്തിലുമൊക്കെ നേട്ടമുണ്ടാക്കാൻ സംസ്ഥാനത്തെ സഹായിച്ചു. അന്ന് ദേശീയതലത്തിലുള്ള പ്രധാനപ്പെട്ട നേതാക്കളോടെല്ലാം അടുപ്പവും സ്നേഹവും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ലാലുപ്രസാദ് യാദവ് വിഎസിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് കേരളത്തിലെത്തുകയും നമ്മുടെ അതിഥിയായി ദിവസങ്ങളോളം കോവളത്ത് താമസിക്കുകയും ചെയ്തത് അവര്‍ തമ്മിലുണ്ടായിരുന്ന ആ അടുപ്പത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നു. ഹിന്ദി മാത്രം പറഞ്ഞിരുന്ന ലാലു പ്രസാദിനോട് ഹിന്ദി ഉപയോഗിക്കാത്ത വിഎസിന് ആശയവിനിമയം നടത്താന്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. ലാലുപ്രസാദിന് വിഎസിനോടുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ഒരു സാക്ഷ്യം ഇപ്പോൾ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

പാര്‍ട്ടി പിബി അംഗത്വത്തില്‍നിന്ന് തല്‍ക്കാലത്തേക്ക് ഒഴിവാക്കപ്പെട്ട സംഘടനാ നടപടി വന്നശേഷം ഒരാഴ്ച കഴിഞ്ഞ് പ്രധാനമന്ത്രിയെ കാണാനായി വിഎസ് ഡല്‍ഹിയിലെത്തി. സന്ദര്‍ശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന വിഎസിന് മുന്നിലേക്ക് ലാലുപ്രസാദ് യാദവ് എത്തി. പ്രധാനമന്ത്രിയെ കാണാനാണ് അദ്ദേഹവുമെത്തിയത്. വിഎസിനെ കണ്ട ലാലു പ്രസാദ് അദ്ദേഹത്തിന്റെ തോളില്‍ തട്ടി ഹസ്തദാനം നടത്തിയ ശേഷം “സബ് ഠീക്ക് ഹോ ജായേഗാ” എന്നാവര്‍ത്തിച്ചു. വിഎസിന് കാര്യം പിടികിട്ടിയിട്ടില്ലായെന്ന് മനസ്സിലായി. ലാലുപ്രസാദ് യാദവ് പറഞ്ഞത് ഞാൻ നേരിട്ട് വിഎസിന് വിശദീകരിച്ചു. പത്രവാര്‍ത്തകള്‍ വായിച്ച ലാലുപ്രസാദ് വിഎസിന് എന്തോ വീഴ്ച പറ്റിയിരിക്കുന്നു എന്ന് തെറ്റിദ്ധരിച്ചാണ് അങ്ങനെയൊരു ആശ്വാസവാക്കുകള്‍ പറഞ്ഞതെന്ന കാര്യമാണ് അവതരിപ്പിച്ചത്. ഒരു ജേഷ്ഠസഹോദരനോടുള്ള സ്നേഹമാണ് ലാലുപ്രസാദ് അന്ന് വിഎസിനോട് പ്രകടിപ്പിച്ചത്. അതെന്നും എന്റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സ്മരണയാണ്.

പുതിയ തലമുറയെ തുല്യമായി കാണാനും താല്‍പര്യത്തോടെ അവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധകാണിച്ചിരുന്നു. 1991-ല്‍ ഞാന്‍ സ്റ്റുഡന്റ് സിന്‍‍ഡിക്കേറ്റ് അംഗമായിരിക്കുമ്പോഴാണ് സിപിഐഎമ്മിന്റെ ജില്ലാ സമ്മേളന പ്രതിനിധിയായി പങ്കെടുക്കുന്നത്. അന്ന് യു.ജി.സി സ്കീം നടപ്പിലാക്കുന്നത് സംബന്ധിച്ച് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറാകുന്നില്ല എന്ന വിഷയം സമ്മേളനത്തില്‍ ഉന്നയിച്ചു. ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ അല്‍പം രൂക്ഷമായ നിലയില്‍ തന്നെയാണ് ചര്‍ച്ചയില്‍ പ്രശ്നം അവതരിപ്പിക്കുന്നത്. എന്നാൽ വിഎസ് ശ്രദ്ധാപൂർവ്വം അത് കേട്ടു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം സമ്മേളനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയശേഷം സിന്‍ഡിക്കേറ്റിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ചുകൂട്ടി. ഈ വിഷയം ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളായവരടക്കം പറയുന്ന കാര്യങ്ങളില്‍ ഗൗരവമുണ്ടെന്ന് കണ്ട് ആ വിഷയത്തില്‍ ഇടപെടാന്‍ വിഎസ് കാട്ടിയിരുന്ന താല്‍പര്യം കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു.

വിഎസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായും പ്രതിപക്ഷ നേതാവായും തുടരുന്ന കാലഘട്ടത്തിലാണ് കേരളത്തില്‍ അതിശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ നടന്നത്. വിദ്യാഭ്യാസ കച്ചവടത്തിനും വര്‍ഗ്ഗീയവല്‍ക്കരണത്തിനുമെതിരായി വലിയ സമരങ്ങളാണ് ഏറ്റെടുക്കേണ്ടി വന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. സോഷ്യലിസം എന്ന ആശയം തന്നെ തകര്‍ന്നു എന്ന പ്രചരണമാണ് ക്യാമ്പസുകളിലടക്കം വലതുപക്ഷ ശക്തികള്‍ ഏറ്റടുത്തത്. കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമായ ഒരു സംഘടനാ പ്രവര്‍ത്തന കാലമായിരുന്നു അത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി വിദ്യാർഥികളെയും യുവജനങ്ങളെയും ബോധ്യപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാൻ വി എസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് അന്ന് സാധിച്ചു.

കൂത്തുപറമ്പ്‌ വെടിവയ്‌പ്പും അഞ്ചു സഖാക്കളുടെ രക്തസാക്ഷിത്വവും ഉൾപ്പെടെയുണ്ടായ കാലഘട്ടം. സെക്രട്ടേറിയറ്റ് പടിക്കലെ നിരാഹാരമടക്കമുള്ള സമര പരമ്പരകള്‍ സംസ്ഥാനത്താകെ അലയടിക്കുന്ന കാലം. ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് വിദ്യാര്‍ത്ഥി സമൂഹം ഇരയായി. അത്തരം ഘട്ടങ്ങളില്‍ ഓടിയെത്താനും വിദ്യാര്‍ത്ഥി സമൂഹത്തെ പിന്തുണയ്ക്കാനും വിഎസ് മുൻനിരയിൽ ഉണ്ടായിരുന്നു.

1994ൽ ഞാൻ എസ്‌എഫ്‌ഐയുടെ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി പ്രവർത്തിക്കുന്ന കാലത്ത്‌ സെക്രട്ടറിയറ്റിനുമുന്നിൽ നടന്ന സമരത്തിൽ പങ്കെടുക്കവേ പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിന്‌ ഇരയായി. എന്റെ കൈയ്യാടിഞ്ഞ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയതിൽ പ്രവേശിക്കപ്പെട്ടു. എനിക്കൊപ്പം മറ്റു സഖാക്കൾക്കും പരിക്കേറ്റ്‌ ആശുപത്രിയിൽ ചകിത്സ തേടേണ്ടിവന്നു. വി എസ്‌ അന്ന്‌ ആശുപത്രിയിൽ എത്തി ഒരോരുത്തരെയും കണ്ട്‌ വിവരങ്ങൾ ആരായുകയും, കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന്‌ ഇടപെടലുകൾ നടത്തുകയും ചെയ്‌തത്‌ ഓർമ്മകളിൽ നിറയുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂർവ്വ വ്യക്തിത്വമായിരുന്ന സഖാവ് വിഎസിന്റെ സമരഭരിതമായ ജീവിതം എന്നും നാടിനാകെ വഴിവിളക്കാണ്. വിഎസിന്റെ നഷ്ടം ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്, വിശിഷ്യാ സിപിഐഎമ്മിന് അപരിഹാര്യമാണ്. ചരിത്രം സൃഷ്ടിച്ച ധീര വിപ്ലവകാരിയുടെ ഓർമ്മകൾക്ക് മുൻപിൽ റെഡ് സല്യൂട്ട്.

SCROLL FOR NEXT