ഇനി ഇടനെഞ്ചിലെ ഓർമ  NEWS MALAYALAM 24x7
KERALA

ഒരു മനുഷ്യന്‍, ഒരു കാലം ഒരു ചരിത്രം... കേരളത്തിന്റെ വിഎസ്; ഇനി ജനഹൃദയങ്ങളില്‍

ഒടുവില്‍ ആ മഹാമനുഷ്യന്‍ യാത്രയായി. തിരുവനന്തപുരം മുതല്‍ പുന്നപ്ര വരെ കേരളം ആ മനുഷ്യനെ പിന്തുടര്‍ന്നു. ഇനി ഒരു വിഎസ് കേരളത്തിനില്ലെന്ന ബോധ്യത്തോടെയായിരുന്നു തലസ്ഥാനം മുതല്‍ വിലാപയാത്രയ്‌ക്കൊപ്പം ഓരോ മനുഷ്യനും സഞ്ചരിച്ചത്. പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാന്‍.

ന്യൂസ് ഡെസ്ക്

മൂന്നരയോടെ ആദ്യമെത്തിയത് മുഖ്യമന്ത്രിയും  ഗോവിന്ദൻ മാഷും

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരവെ തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിലേക്ക് രാഷ്ട്രീയ നേതാക്കന്മാരുടെ ഒഴുക്ക്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണ് വിഎസിനെ കാണാൻ ആദ്യം ആശുപത്രിയിലെത്തിയത്.

പിന്നാലെ നാലു മണിയോടെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, എസ്. രാമചന്ദ്രൻപിള്ള, വി.എം. സുധീരൻ തുടങ്ങിയവരും ആശുപത്രിയിലെത്തി. എഡിജിപി പി. വിജയനും ആശുപത്രിയിലെത്തിയിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള വിഎസിൻ്റെ ആരോഗ്യത്തെ സംബന്ധിച്ച് ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി ഉടൻ പുറത്തിറക്കും

വിഎസ് ഇനി ഓർമ...

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതികായന് വിട. വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചു. മൃതദേഹം അല്പസമയത്തിനുള്ളിൽ എകെജി പഠനഗവേഷണകേന്ദ്രത്തിൽ പൊതുദർശനത്തിന് വെയ്ക്കും. നാളെ രാവിലെ സെക്രട്ടറിയേറ്റ് ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. സംസ്കാരം മറ്റന്നാൾ ആലപ്പുഴ വലിയ ചുടുകാട്ടിൽ.

ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ ദര്‍ബാര്‍ ഹാളിലും പൊതുദർശനം

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20നായിരുന്നു വിഎസ് അച്യുതാനന്ദൻ്റെ മരണം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാള്‍..

എകെജി സെൻ്ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി

എകെജി സെൻ്ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. അനുശോചനത്തിന് ഭാഗമായി കരിങ്കൊടി ഉയർത്തി...

സിപിഐഎമ്മിൻ്റെ എക്കാലെത്തെയും പ്രമുഖ നേതാവെന്ന് എം.വി. ​ഗോവിന്ദൻ

സിപിഐഎമ്മിൻ്റെ എക്കാലെത്തെയും പ്രമുഖ നേതാവാണ് വിഎസ് എന്ന് എം.വി. ​ഗോവിന്ദൻ. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ പാർട്ടി ആദരാഞ്ജലികൾ അർപ്പിക്കുന്നു. മൃതദേഹം എകെജി പഠനഗവേഷണകേന്ദ്രത്തിൽ പൊതുദർശനത്തിന് കൊണ്ടുപോകാനാണ് തീരുമാനമെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു.

വിഎസിന് തുല്യം വിഎസ് മാത്രം: എളമരം കരീം

പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രശന്ങ്ങൾ പരിഹരിക്കാൻ തീക്ഷണമായ സമരപാതയിലേക്ക് ഇറങ്ങി ചെല്ലാൻ മടിയില്ലാത്ത നേതാവാണ് വിഎസ് എന്ന് എളമരം കരീം

രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ നേതാവ്: വി.ഡി. സതീശൻ

രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്. അത് വി.എസ് ആസ്വദിച്ചുവെന്നും തോന്നിയിട്ടുണ്ട്.

പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവ്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. കൊക്കകോളയ്ക്ക് എതിരായ സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സംരക്ഷണത്തിനു വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വി.എസ് ഭാഗഭാക്കായി.

നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു വി.എസിന്. എതിരാളികള്‍ക്കും പുറമെ സ്വന്തം പാര്‍ട്ടി നേതാക്കളും ആ നാവിന്റെ ചൂടറിഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ ആ പരിമിതിയെ വി.എസ് പരിഗണിച്ചതേയില്ല.

പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഞാന്‍ അടുത്തറിയാന്‍ ശ്രമിച്ചയാളാണ് വി.എസ്. 2006 മുതല്‍ 11 വരെ അന്നത്തെ പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ ഞങ്ങളെല്ലാമുണ്ടായിരുന്നു. ഭൂപ്രശ്നങ്ങളിലും അനധികൃത ഭൂമി ഇടപാടുകള്‍ക്കെതിരെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന വി.എസും നിന്നെന്നാണ് ഞാന്‍ കരുതുന്നത്. ഉദാഹരണത്തിന് എറണാകുളത്തെ തോഷിബാ ആനന്ദിന്റെ 200 കോടിയിലധികം വിലവരുന്ന ഭൂമി സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് അഞ്ചര കോടിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. വി.എസ് അതില്‍ ഇടപെട്ടു. ഭൂമി സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി. ഒരു നിയമസഭാഗമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിന് ഞാന്‍ നന്ദി പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന നിങ്ങള്‍ക്ക് നന്ദി പറയുന്നെന്നായിരുന്നു വി.എസിന്റെ മറുപടി.

ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി.എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ല.

വി.എസിന് ആദരാഞ്ജലികള്‍.

ജനങ്ങൾക്ക് വേണ്ടി ജീവിച്ച കമ്മ്യൂണിസ്റ്റ് നേതാവാണ് വിഎസ്: ഇ.പി. ജയരാജൻ

ഒരു ജീവിതകാലം മുഴുവൻ ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഉന്നതനായ കമ്മ്യൂണിസ്റ്റ് നേതാവാണ് വിഎസ് എന്ന് ഇ.പി. ജയരാജൻ. പ്രതികൂലമായ സാഹചര്യത്തിൽ പട്ടിണി കിടന്ന് പടനയിച്ച് ഉയർന്നുവന്ന നേതാവാണ് അദ്ദേഹം. കർഷക തൊഴിലാളികളെയും, സമൂഹത്തിലെ പാവപ്പെട്ട പിന്നോക്ക ജാതിക്കാരെ സംഘടിപ്പിച്ചും അവരെ അവകാശ ബോധമുള്ളവരാക്കി മാറ്റുകയും ചെയ്തത് വിഎസാണ്. ഇന്ത്യയിലെ സിപിഐഎം പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരുന്ന ഒരേ ഒരു നേതാവായിരുന്നു വിഎസ് എന്നും ഇ.പി. ജയരാജൻ അനുസ്മരിച്ചു.

മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ് എന്ന് സണ്ണി ജോസഫ്

മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ വേർപാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു. കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഐഎം പാർട്ടിയുടെയും ദുഃഖത്തിൽ കെപിസിസിയും പങ്കുചേരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു.

സമരമുഖത്ത് വിഎസ്‌ കാഴ്ചവെച്ച പോരാട്ടങ്ങൾ വിസ്മരിക്കാനാവില്ല: കെ. സുരേന്ദ്രൻ

കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യരംഗത്തു വലിയ പരിവർത്തനം നടത്തിയ നേതാവായിരുന്നു വിഎസ്‌ അച്യുതാനന്ദൻ എന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സമരമുഖത്ത് വിഎസ്‌ കാഴ്ചവെച്ച പോരാട്ടങ്ങൾ വിസ്മരിക്കാനാവില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സ്വന്തം പാർട്ടിയിൽ പോലും പ്രതിപക്ഷ ശബ്ദം ഉയർത്താൻ വിഎസ്‌ ധൈര്യം കാണിച്ചുവെന്നും കെ സുരേന്ദ്രൻ അനുശോചിച്ചു.

"ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്"; വിഎസിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് കെ.കെ. രമ

സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് കെ.കെ. രമ. "പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ് വിഎസിന് അന്ത്യാഭിവാദ്യങ്ങൾ" കെ.കെ. രമ ഫേസ്ബുക്കിൽ കുറിച്ചു.

വിഎസ് കേരളത്തിൽ നിരവധി സമരപരമ്പരകൾക്ക് നേതൃത്വം നൽകിയ മുന്നണി പോരാളി: പോളിറ്റ് ബ്യൂറോ

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും അതികായനായ രാഷ്ട്രീയ നേതാവായ വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. കേരളത്തിലെ നിരവധി സമരപരമ്പരകൾക്ക് നേതൃത്വം നൽകിയ മുന്നണി പോരാളിയായിരുന്നു വിഎസ് എന്ന് പോളിറ്റ് ബ്യൂറോ അനുസ്മരിച്ചു.

ആസ്പിൻവാൾ കമ്പനിയിലെ കയർ തൊഴിലാളികൾക്കൊപ്പം ചേർന്ന് സമരങ്ങൾക്ക് നേതൃത്വം നൽകിയായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കം. 1940ൽ 17ാം വയസിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നത്. കുട്ടനാട്ടെ ജന്മിമാർ കർഷകർക്കിടയിൽ നടത്തുന്ന ചൂഷണങ്ങളെ പ്രതിരോധിക്കാൻ സഖാവ് പി. കൃഷ്ണപിള്ളയാണ് വി.എസിനെ അവിടേക്ക് അയക്കുന്നത്.

തിരുവിതാംകൂർ ദിവാനെതിരായ പുന്നപ്ര-വയലാർ സമരങ്ങൾക്ക് പിന്നാലെ വിഎസിന് ഒളിവിൽ പോകേണ്ടിവന്നു. പിന്നീട് അറസ്റ്റിലാകുകയും പൊലീസ് കസ്റ്റഡിയിൽ കൊടിയ പീഡനങ്ങൾ നേരിടേണ്ടിയും വന്നുവെന്നും പിബി അനുസ്മരിച്ചു.

കേരളത്തിന്റെ വിപ്ലവ സൂര്യന് ആദരാഞ്ജലികൾ: കെ.ബി. ഗണേഷ് കുമാർ

കേരളത്തിന്റെ സമരനായകന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇനി വിഎസ് ഇല്ലാ എന്നത് ജനാധിപത്യ കേരളത്തിന് തീർത്താൽ തീരാത്ത നഷ്ട്ടമാണെന്നും അ​ദ്ദേഹം പറഞ്ഞു.

"നിശ്ചയദാർഢ്യത്തിൻ്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകം"; വിഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി 

മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വിഎസിന്റെ ജീവിതം.

ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വിഎസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നു. കേരള സർക്കാരിനെയും സിപിഐഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വിഎസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഈടുവെയ്പ്പിന്റെ ഭാഗമാണവ എന്നു ചരിത്രം രേഖപ്പെടുത്തും.

ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി. എസ്: സാദിഖലി ഷിഹാബ് തങ്ങൾ

നമ്മുടെ എല്ലാം കാലഘട്ടത്തിലും ജീവിച്ച ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ഷിഹാബ് തങ്ങൾ.

കാലിക്കറ്റ് സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് ജൂലൈ 22-ന്‌ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി വെച്ചു.

കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖം, അവസാനിക്കുന്നത് വലിയൊരു അധ്യായം: കാന്തപുരം മുസ്‌ല്യാർ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴുമുൾപ്പെടെ പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. മർകസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും പ്രവർത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രിയായിരുന്നപ്പോൾ മർകസ് സന്ദർശിക്കുകയും ചെയ്തു.

സച്ചാർ കമ്മിറ്റിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുകയും ന്യൂനപക്ഷ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ സാധ്യമാക്കുകയും ചെയ്ത പാലൊളി കമ്മിറ്റി അദ്ദേഹത്തിന്റെ ഭരണകാലത്താണ് നിയോഗിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അലിഗഢ് സർവകലാശാല സെന്റർ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സാക്ഷാത്കരിക്കുന്നതിൽ അദ്ദേഹത്തിന്റെ മന്ത്രിസഭക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. മറ്റു പലയിടത്തും അത് പൂർത്തീകരിക്കാൻ സാധിച്ചില്ലെന്നത് വസ്തുതയാണ്. കരിപ്പൂരിലെ ഹജ്ജ് ഹൗസ്, മുസ്‌ലിം പെൺകുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായിട്ടുണ്ട്.

വി എസിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സ്നേഹജനങ്ങളെയും എന്റെ അനുശോചനമറിയിക്കുന്നു.

പുന്നപ്ര- വയലാർ സമരത്തിലെ ആ സമരഭടൻ ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ജയിലിലായിരുന്നു: നിയമസഭാ സ്പീക്കർ

വിഎസ് അച്യുതാനന്ദൻറെ വിയോഗത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അനുശോചിച്ചു. സമരേതിഹാസത്തിന് അന്ത്യാഭിവാദ്യങ്ങൾ. കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അസ്തമിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ടുകാലത്തെ സമരജീവിതം എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. പന്ത്രണ്ടാം വയസിൽ ആരംഭിച്ച തൊഴിലാളി ജീവിതം, പിന്നീട് തൊഴിലാളികൾക്കു വേണ്ടി സമരകാഹളം മുഴക്കുന്ന നേതാവിലേക്ക് അദ്ദേഹത്തെ വളർത്തിയെന്നും സ്പീക്കർ.

"കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ ചുവന്ന ഏടായ പുന്നപ്ര- വയലാർ സമരത്തിലെ ആ സമരഭടൻ ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ജയിലിൽ തടവിലായിരുന്നു. പിന്നീട് അദ്ദേഹം കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി മാറി. പതിറ്റാണ്ടുകളോളം കേരളത്തിലെ സമരവീര്യത്തിൻ്റെ പര്യായപദമായി വിഎസ് എന്ന പേര്. പാരിസ്ഥിതിക ജാഗ്രതയുള്ള ഭരണകർത്താവായും ചൂഷിതരുടെ സമരമുന്നേറ്റങ്ങളിൽ എന്നും മുന്നിൽ നിന്ന് നയിക്കുന്ന ജനനേതാവായും കേരള രാഷ്ട്രീയത്തിൻ്റെ ഉജ്ജ്വല അദ്ധ്യായമായ സഖാവ് വി. എസ്. അച്ചുതാനന്ദന് വിട", സ്പീക്കർ എ.എൻ. ഷംസീർ.

വിഎസിൻ്റെ വിയോഗത്തിൽ വിതുമ്പി എ.കെ. ആൻ്റണി

വിഎസിന്റെ വിയോഗത്തിൽ വിതുമ്പി മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ. ആന്റണി. പാവപ്പെട്ടവർക്ക് വേണ്ടി പടപൊരുതിയ നേതാവാണ് വിഎസ്. വിഎസുമായി കെഎസ്‌യു കാലം മുതലുള്ള ബന്ധമാണ്. സിപിഐഎമ്മിൽ എകെജി കഴിഞ്ഞാൽ പാവപ്പെട്ടവരുടെ പടത്തലവൻ വിഎസ് ആണെന്നും എ.കെ. ആന്റണി പറഞ്ഞു.

വിഎസ് പൊതുജീവിതത്തിനും ഇടതുപക്ഷത്തിനും നൽകിയ സംഭാവനകൾ ഓർമിക്കപ്പെടും: ഗവർണർ

വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉന്നത വ്യക്തിത്വവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതികായനുമാണ് വിഎസ്. ഇന്ത്യയുടെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അന്ത്യമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും ഗവർണർ അനുശോചിച്ചു.

പൊതുജീവിതത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എപ്പോഴും ബഹുമാനത്തോടെ ഓർമിക്കപ്പെടും. അദ്ദേഹത്തിൻ്റെ വിയോ​ഗത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് മുക്തി ലഭിക്കട്ടെയെന്നും ഗവർണർ അനുശോചിച്ചു.

സംസ്ഥാനത്ത് നാളെ അവധി

വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും അവധിയായിരിക്കും. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം. പൊതുപരിപാടികൾ ഉണ്ടാവില്ല.

നഷ്ടമായത് യഥാർഥ ജനകീയ നേതാവിനെ: കമൽ ഹാസൻ

വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ കമൽ ഹാസൻ അനുശോചനം രേഖപ്പെടുത്തി. വിഎസിൻ്റെ വിയോ​ഗത്തോടെ കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടത് ഒരു യഥാർഥ ജനകീയ നേതാവിനെയെന്ന് കമൽ ഹാസൻ.

"പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും"; വിഎസിനെ അനുസ്മരിച്ച് എം.കെ. സ്റ്റാലിൻ

വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേരളത്തിന്റെ രാഷ്ട്രീയ മനസാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നു. പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. ഈ വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, സഖാക്കള്‍ക്കും, കേരള ജനതയ്ക്കും അനുശോചനം അറിയിക്കുന്നു.

പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു

കേരള മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് ജൂലായ് 23ന് നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി വെച്ചു. പ്രസ്തുത ദിവസം സർക്കാർ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരളത്തിൻ്റെ പുരോഗതിക്കും, പൊതുപ്രവർത്തനത്തിനും വേണ്ടി ജീവിതം മാറ്റിവച്ച നേതാവ്: പ്രധാനമന്ത്രി നരേന്ദ്രമോദി

വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും, പൊതുപ്രവർത്തനത്തിന് വേണ്ടിയും ജീവിതം മാറ്റിവച്ച നേതാവാണ് വിഎസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയായിരുന്ന കാലത്തെ കൂടിക്കാഴ്ചകളും പ്രധാനമന്ത്രി ഓർത്തെടുത്തു.

വി.എസിന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി

പ്രിയ സഖാവ് വി.എസിന് ആദരാഞ്ജലികൾ ഫേസ്ബുക്കിലൂടെ ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മമ്മൂട്ടി. "പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ" എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി: മഞ്ജു വാര്യർ

വി.എസ്.അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് നടി മഞ്ജു വാര്യർ. "വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി," മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

"കണ്ണേ കരളേ വിഎസേ.."; മൃതദേഹം എകെജി സെൻ്ററിലെത്തിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ്റെ മൃതദേഹം തിരുവനന്തപുരത്ത് എകെജി സെൻ്ററിലെത്തിച്ചു. കണ്ഠമിടറിയുള്ള മുദ്രാവാക്യം വിളികളുമായായാണ് പ്രിയസഖാവിന് സിപിഐഎം പ്രവർത്തകർ അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചത്.

"മലയാളികളുടെ സ്വന്തം സമരനായകന്‍"; ആദരാഞ്ജലി അർപ്പിച്ച് കേന്ത്രമന്ത്രി സുരേഷ് ഗോപി

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ വി.എസ്.അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് കേന്ത്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. "മലയാളികളുടെ സ്വന്തം സമരനായകന്‍, സഖാവ് വി.എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍," സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

"ജീവിതം തന്നെ സമരമാക്കിയ ജനനായകൻ"; വിഎസിന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാൽ

വിഎസിന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. "ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല." മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ന്യായത്തിന് വേണ്ടി പോരാടിയ പോരാളിയായിരുന്നു വിഎസ്: നിതിൻ ഗഡ്കരി

ജീവിതം മുഴുവൻ ന്യായത്തിന് വേണ്ടി പോരാടിയ പോരാളിയായിരുന്നു വിഎസെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അനുശോചനമറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം അനുശോചനമറിയിച്ചത്.

നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തളരാത്ത ശബ്‌ദം: രാഹുൽ ഗാന്ധി

വിഎസിന് ആദരാഞ്ജലി അർപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തളരാത്ത ശബ്ദമായിരുന്നു വിഎസിൻ്റേതെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. രാഷ്ട്രീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ദൃഢമായ തീരുമാനങ്ങളായിരുന്നു വിഎസിൻ്റേതെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

വിലാപയാത്ര; തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം

വിഎസിൻ്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം. നാളെ ഏഴ് മണി മുതല്‍ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടറിയേറ്റ് ഭാഗത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണർ അറിയിച്ചു.

നിർദേശങ്ങൾ:

- സെക്രട്ടറിയേറ്റ് ഭാഗത്തേയ്ക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. പൊതുദര്‍ശനത്തിന് വരുന്ന പൊതുജനങ്ങള്‍ പുളിമൂട്, ഹൗസിംഗ് ബോര്‍ഡ് ജംഗ്കഷന്‍ , രക്തസാക്ഷിമണ്ഡപം എന്നീ സ്ഥലങ്ങളില്‍ ഇറങ്ങിയ ശേഷം ദര്‍ബാര്‍ ഹാളിലേക്ക് പോകേണ്ടതാണ്.

- പൊതുദര്‍ശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങള്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്, വെളളയമ്പലം വാട്ടര്‍ അതോറിറ്റി പാര്‍ക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയം ഗ്രൗണ്ട് , ടാഗോര്‍ തിയേറ്റര്‍ ഗ്രൗണ്ട്, തെെക്കാട്, പിറ്റിസി ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര ഗ്രൗണ്ടിലും, കവടിയാറിലെ സാ‍ല്‍വ്വേഷന്‍ ആര്‍മി ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

- പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാനറോഡിലും ഇടറോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. വിലാപയാത്ര കടന്നു പോകുന്ന സെക്രട്ടറിയേറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉളളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ട്റോഡ് വരെയുളള റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്.

- വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വാഹനഗതാഗതം വഴി തിരിച്ച് വിടുന്നതാണ്. തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.

- ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് പൊതുജനങ്ങള്‍ക്ക് 04712558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍‍ ബന്ധപ്പെടാവുന്നതാണ്.

വിഎസ് നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും: പ്രിയങ്കാ ഗാന്ധി

കേരളത്തിനും രാഷ്ട്രത്തിനും വിഎസ് നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി എംപി എക്സിൽ കുറിച്ചു.

പ്രത്യയശാസ്ത്രങ്ങളോടുള്ള പ്രതിബദ്ധത വിഎസിനെ ആദരണീയനാക്കി: മല്ലികാർജുൻ ഖാർഗെ

പ്രത്യയശാസ്ത്രങ്ങളോടുള്ള പ്രതിബദ്ധത വിഎസിനെ ആദരണീയനാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു. ജനാധിപത്യം, പൊതുജനക്ഷേമം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയ്ക്കുവേണ്ടി പോരാടിയ വ്യക്തി എന്ന നിലയിൽ അദ്ദേഹം ബഹുമാന്യനാണെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.

മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക്

വിഎസിൻ്റെ മൃതദേഹം എകെജി സെൻ്ററിൽ നിന്ന് തിരുവനന്തപുരത്തെ മകൻ്റെ വസതിയിലേക്ക്. മൃതദേഹം പുറത്തേക്ക് എടുത്തപ്പോൾ നെഞ്ചുപൊട്ടി മുദ്രാവാക്യം വിളിച്ച് അണികൾ.

വിഎസ്സിന്റെ ഭൗതിക ശരീരം എകെജി സെന്ററില്‍ നിന്ന് വസതിയിലേക്ക്

മൃതദേഹം തിരുവനന്തപുരത്തെ വസതിയിലെത്തിച്ചു

വിഎസിൻ്റെ മൃതദേഹം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. വീട്ടിലേക്ക് എത്തിക്കുമ്പോൾ പതിനായിരങ്ങളാണ് അഭിവാദ്യങ്ങളർപ്പിക്കാൻ തടിച്ചുകൂടിയത്.

വിഎസ്സിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം

വിഎസിനെ ഒരുനോക്ക് കാണാന്‍ കാത്ത് ജനങ്ങള്‍

തിരുവനന്തപുരത്തെ വീട്ടിലുള്ള വിഎസ്സിന്റെ മൃതദേഹം രാവിലെ 9 മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും.

പാളയം മുതൽ ആരംഭിക്കുന്ന വിലാപ യാത്രക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. നാളെ ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് സംസ്കാരം.

വിലാപയാത്ര റൂട്ട്

ഇന്ന് പൊതു അവധി, മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം

വി.എസ്. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്ന് പൊതു അവധിയാണ്.

ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ...

കേരള രാഷ്ട്രീയത്തിലെ സമരവീര്യം. മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, പ്രതിപക്ഷ നേതാവ്, പുന്നപ്ര വയലാർ സമരനായകൻ എന്നീ പദവികളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞു നിന്ന രണ്ടക്ഷരം. കൺനിറഞ്ഞ് തൊണ്ടയിടറി മുഷ്ടിചുരുട്ടി വിഎസ്സെന്ന വിപ്ലവ സൂര്യന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങൾ... ഇല്ല ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ...

പ്രിയപ്പെട്ട വിഎസിന് വിട

ചുറ്റുമുള്ളവരെ തന്നിലേക്ക് ചേർത്തുനിർത്തുന്ന ജനകീയതയെന്ന മാന്ത്രികതയ്ക്ക് ഉടമ..... പ്രിയപ്പെട്ട വിഎസിന് സമരവീര്യത്തിന്റെ ചുരുക്കെഴുത്തിന്‌... ചെങ്കൊടി പാറിക്കാൻ ഉയിരേകിയ സഖാവിനു വിട...

നോർത്ത് ഗേറ്റ്, ട്രഷറി ഗേറ്റുകൾ വഴി പൊതുജനങ്ങൾക്ക് പ്രവേശിക്കാം

പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോർത്ത് ഗേറ്റ്, ട്രഷറി ഗേറ്റുകൾ വഴിയാണ് പ്രവേശനം. അന്തിമോപചാരം അർപ്പിച്ച ശേഷം പൊതുജനങ്ങൾ വൈഎംസിഎ ഗേറ്റ് വഴിയാണ് പുറത്തു പോകേണ്ടത്. സെക്രട്ടേറിയറ്റ് വളപ്പിൽ മന്ത്രിമാർ, എംഎൽഎ, എംപി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റു വാഹനങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളും സെൻട്രൽ സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.

രാവിലെ ഒമ്പത് മുതൽ ദർബാർ ഹാളിൽ പൊതുദർശനം

കേരളത്തിന്റെ സമരനായകൻ വിഎസ്‌ അച്യുതാനന്ദന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മുതൽ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. പകൽ രണ്ടിന്‌ ദേശീയപാത വഴി ആലപ്പുഴയിലേക്ക്‌ വിലാപയാത്രയായി കൊണ്ടുപോകും.

തിരുവനന്തപുരത്ത് നിന്ന് 2 മണിക്ക് വിലാപയാത്ര ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ വിലാപ യാത്ര കടന്നുപോകും. ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിച്ച്‌ അന്ത്യാഞ്ജലി അർപ്പിക്കും.

ബുധൻ രാവിലെ ഒമ്പതിന്‌ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്‌ക്കും. 10ന്‌ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. നാളെ പകൽ മൂന്നിന്‌ ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം. തുടർന്ന്‌ സർവകക്ഷി അനുശോചന യോഗം നടക്കും.

തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം നഗരത്തിൽ രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് ഗതാഗതവും പ്രധാന റോഡിലും ഇട റോഡുകളിലും പാർക്കിങ്ങും അനുവദിക്കില്ല.

മുഖ്യമന്ത്രി ദർബാർ ഹാളിലെത്തി

വിഎസിൻ്റെ പൊതുദർശനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലെത്തി.

വിഎസിനേയും വഹിച്ചുള്ള ആംബുലൻസ് ദർബാർ ഹാളിലേക്ക് പുറപ്പെട്ടു

വിഎസിൻ്റെ ഭൗതികശരീരവുമായി ആംബുലൻസ് ദർബാർ ഹാളിലേക്ക്. മകൻ അരുൺ കുമാറും കുടുംബാംഗങ്ങളും കൂടെ വാഹനത്തിലുണ്ട്. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വാഹനവ്യൂഹം നീങ്ങുന്നത്.

വിഎസിൻ്റെ ഭൗതികശരീരം ദർബാർ ഹാളിൽ എത്തിച്ചു, പൊതുദർശനം ആരംഭിച്ചു

കേരളത്തിന്റെ സമരനായകൻ വിഎസ്‌ അച്യുതാനന്ദന്റെ മൃതദേഹം രാവിലെ 9.21 ഓടെ മുതൽ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചു. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടതു സർക്കാരിലെ മന്ത്രിസഭാംഗങ്ങളും, എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും സന്നിഹിതരാണ്.

വിഎസിന് പുഷ്പചക്രം അർപ്പിച്ച് പ്രിയസഖാക്കൾ

സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എംവി ഗോവിന്ദൻ, മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു എന്നിവർ ദർബാർ ഹാളിൽ വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരത്തിൽ പുഷ്പചക്രങ്ങൾ അർപ്പിച്ച് അന്ത്യാഞ്ജലികൾ നേർന്നു.

വിഎസിൻ്റെ വിലാപയാത്ര കടന്നുപോകുന്ന റൂട്ട്

> തിരുവനന്തപുരം ജില്ല

പാളയം

പി.എം.ജി

പ്ലാമൂട്

പട്ടം

കേശവദാസപുരം

ഉള്ളൂർ

പോങ്ങുമൂട്

ശ്രീകാര്യം

ചാവടിമുക്ക്

പാങ്ങപ്പാറ

കാര്യവട്ടം

കഴക്കൂട്ടം

വെട്ട്റോഡ്

കണിയാപുരം

പള്ളിപ്പുറം

പള്ളിപ്പുറം

മംഗലപുരം

ചെമ്പകമംഗലം

കോരാണി

മൂന്ന്‌മുക്ക് (ആറ്റിങ്ങൽ)

ബസ് സ്റ്റാൻഡ് (ആറ്റിങ്ങൽ)

കച്ചേരിനട

ആലംകോട്

കടുവയിൽ

കല്ലമ്പലം

നാവായിക്കുളം

കടമ്പാട്ടുകോണം

> കൊല്ലം ജില്ല

പാരിപ്പള്ളി

ചാത്തന്നൂർ

കൊട്ടിയം

ചിന്നക്കട

കാവനാട്

ചവറ

കരുനാഗപ്പള്ളി

ഓച്ചിറ

നഷ്ടമായത് ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ട ജനനേതാവിനെ: എം.എ. യൂസഫലി

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് പരിഹാരം കണ്ട് ജനങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിരുന്ന ജനനേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ച് ഗവർണർ അർലേക്കർ

വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ദർബാർ ഹാളിലെത്തി കേരളാ ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വി.എസ്‌. അച്യുതാനന്ദനെ പോലുള്ള മനുഷ്യർ ഈ കാലത്ത് വിരളമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ നമ്മൾ എക്കാലത്തും ഒർമിക്കും. അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും ​ഗവർണർ പറഞ്ഞു.

ഒരിക്കലും മറക്കാനാവാത്ത കമ്മ്യൂണിസ്റ്റ് നേതാവ്: പി.കെ. ഗുരുദാസൻ

പ്രിയ സഖാവിന് ദർബാർ ഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച് പി.കെ. ഗുരുദാസൻ. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കമ്മ്യൂണിസ്റ്റ് നേതാവായി വിഎസിനെ എന്നുമോർക്കുമെന്ന് മുതിർന്ന സിപിഐഎം നേതാവും, വിഎസിൻ്റെ സഹയാത്രികനുമായ പി.കെ. ഗുരുദാസൻ പറഞ്ഞു.

വിലാപയാത്രയ്ക്ക് കെഎസ്ആർടിസിയുടെ പ്രത്യേക ബസ്

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.

സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെഎൻ 363 എ.സി. ലോ ഫ്ളോർ ബസാണ് (KL 15 A 407) വി.എസ് അച്യുതാനന്ദന്റെ അന്ത്യയാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വിഎസിൻ്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറുമാണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിൻ്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച്. നവാസും, പേരൂർക്കട ഡിപ്പോയിലെ വി. ശ്രീജേഷുമാണ്.

വിഎസിൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി കേരള കത്തോലിക്കാ മെത്രാന്‍ സമിതി.

"വിഎസിൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വി.എസ്. അച്യുതാനന്ദന്‍ സമൂഹത്തില്‍ വരുത്തിയ സ്വാധീനം നിസ്തുലമാണ്. ദീര്‍ഘകാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന അസാധാരണ വ്യക്തിത്വമായിരുന്നു അദ്ദേഹം," കെസിബിസി പ്രസിഡൻ്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

റിക്രിയേഷൻ ഗ്രൗണ്ടിൽ 2000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്: പി.പി. ചിത്തരഞ്ജൻ എംഎൽഎ

വിഎസിൻ്റെ പൊതുദർശനത്തിനിടെ തിരുവനന്തപുരത്ത് റിക്രിയേഷൻ ഗ്രൗണ്ടിലെ വെള്ളക്കെട്ട് പ്രശ്നമാകില്ലെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ. വലിയ മോട്ടറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളയുകയാണ്. ഗ്രൗണ്ടിൽ ചെറിയ പൊക്കത്തിൽ തട്ടടിക്കും. 2000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഗ്രൗണ്ട് തെരഞ്ഞെടുത്തത് പാർക്കിങ് സുഗമമാക്കാനാണെന്നും എംഎൽഎ വ്യക്തമാക്കി.

വിഎസ് സഞ്ചരിച്ചത് കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി: വി.ഡി. സതീശൻ

മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരം ആയിരുന്നു വിഎസി എന്ന് വി.ഡി. സതീശൻ. താൻ സർക്കാരിനെതിരെ ഉയർത്തിയ നിരവധി വിഷയങ്ങളിൽ അദ്ദേഹം ഇടപെടലുകൾ നടത്തി. പല പ്രശ്നങ്ങളിലും പരിഹാരം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. സാധാരണ കമ്മ്യൂണിസ്റ്റ് ശൈലിയിൽ നിന്ന് വ്യത്യസ്തമായാണ് വിഎസ് സഞ്ചരിച്ചത്. അതുകൊണ്ടാണ് വിഎസിനെ കേരളം ഏറ്റെടുത്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.

തലസ്ഥാന നഗരിയോട് വിട പറഞ്ഞ് വിഎസ്

തലസ്ഥാനത്തോട് വിട പറഞ്ഞ് വിഎസ് അച്യുതാനന്ദൻ. രാവിലെ 9 മണി മുതൽ സെക്രട്ടറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന പൊതുദർശനം ഉച്ചയ്ക്ക് 2.15 ഓടെ അവസാനിച്ചു. മൃതദേഹം ഇനി വിലാപയാത്രയായി ആലപ്പുഴയിലെ ജന്മനാട്ടിൽ എത്തിക്കും.

കേരള സർവകലാശാല പരീക്ഷകൾ മാറ്റി

കേരള സർവകലാശാല നാളെ (23.07.2025) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ & വൈവ വോസി) മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

വിലാപയാത്ര ജന്മനാട്ടിലേക്ക്

വിഎസിൻ്റെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര തലസ്ഥാനഗരിയിൽ നിന്നും പുറപ്പെട്ടു. വിഎസിനെ കാണാൻ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെ വൻജനാവലിയാണ് തടിച്ചുകൂടിയത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ അവരുടെ നേതാവിനെ യാത്രയാക്കിയത്.

വിഎസിനെ കാണാൻ ഒഴുകിയെത്തി ജനസാഗരം

വിഎസിനെ അവസാനമായി ഒരു നോക്കു കാണാൻ ഒഴുകിയെത്തി ജനങ്ങൾ. തലസ്ഥാനത്തു നിന്നും പുറപ്പെട്ട വിലാപയാത്ര 6 കിലോമീറ്റർ പിന്നിട്ടത് മൂന്ന് മണിക്കൂർ കൊണ്ട്.

"ഒരു യുഗം അവസാനിക്കുകയാണ്"; ആഷിക്  അബു

വിഎസ് അച്യുതാനന്ദനെ അനുസ്മരിച്ച് സംവിധായകൻ ആഷിക് അബു." വിപ്ലവകേരളത്തിൽ മാർക്സിസ്റ്റ് പ്രത്യേയശാസ്ത്ര മുന്നേറ്റത്തിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെയാൾ. ഒരു യുഗം അവസാനിക്കുകയാണ്.
ചോര തുടിക്കും ചെറുകൈയ്യുകളേ, പേറുക വന്നീ പന്തങ്ങൾ !
ലാൽ സലാം സഖാവ് വി എസ്."

എന്നായിരുന്നു ആഷിക് അബു കുറിച്ചത്.

യോദ്ധാവിന്റെ നിർവചനം തന്നെയാണ് വിഎസ് എന്ന രണ്ടക്ഷരം

പ്രിയ സഖാവിന് വിട പറഞ്ഞ് ജോൺ ബ്രിട്ടാസ് എംപി.

"എൻ്റെ തലമുറയെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച വ്യക്തി ആരെന്ന് ചോദിച്ചാൽ വിഎസ് എന്ന് പറയാൻ രണ്ടാമതൊന്ന് ആർക്കും ആലോചിക്കേണ്ടി വരില്ല. 80കളുടെ അന്ത്യത്തിൽ മാധ്യമപ്രവർത്തകനായിരുന്ന ഘട്ടം മുതൽ വിഎസുമായി അടുത്ത ബന്ധമുണ്ട്. നിശ്ചയദാർഢ്യത്തോടെയും സമർപ്പിത ബോധത്തോടെയും പ്രയാണം ചെയ്ത വ്യക്തിത്വം. യോദ്ധാവിന്റെ നിർവചനം തന്നെയാണ് വിഎസ് എന്ന രണ്ടക്ഷരം. അദ്ദേഹത്തിൻ്റെ ഓർമ്മകൾ ജനലക്ഷങ്ങളുടെ മനസ്സിൽ എന്നും ജ്വലിക്കും.

പ്രിയ സഖാവിന് വിട..." ബ്രിട്ടാസ് ഫെയ്സ് ബുക്കിൽ കുറിച്ചു.

ആലപ്പുഴ ജില്ലയിലെ കെഎസ്ഇബി ഓഫീസുകൾക്ക് നാളെ അവധി

മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് 23/07/2025-നു ആലപ്പുഴ ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും കേരള സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ, ആലപ്പുഴ ജില്ലയിലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ എല്ലാ ഓഫീസുകൾക്കും 23/07/2025 (ബുധനാഴ്ച) അവധിയായിരിക്കുന്നതാണ്.

വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണ്. അന്നേ ദിവസം ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല. ഓൺലൈൻ മാർഗങ്ങളിലൂടെ പണമടക്കാവുന്നതാണ്.

പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ ജനസാഗരം 

വിഎസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാന നഗരിയിലൂടെ നീങ്ങുന്നു. പന്ത്രണ്ട് കിലോമീറ്റർ പിന്നിട്ടത് ആറുമണിക്കൂറിനടുത്ത് സമയത്തിൽ. പ്രിയ നേതാവിനെ ഒരു നോക്കുകാണാൻ ജനക്കൂട്ടം വഴി നീളെ കാത്തു നിൽക്കുകയാണ്.

ജീവിതം പകരം വച്ച് കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടം

വിഎസിന്റെ ജീവിതവും സമര ചരിത്രവും പരാമർശിക്കുന്ന വൈകാരികമായ കുറിപ്പുമായി കെ. കെ രമ എംഎൽഎ. ജീവിതം പകരം വച്ച് കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് കഴിഞ്ഞ ദിവസം അണഞ്ഞത്. ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളതെന്ന ചോദ്യവുമായാണ് കെ. കെ. രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

കണ്ണേ കരളേ വിഎസ്സേ.....  അലകടൽ പോലെ ജനം

അന്തരിച്ച മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടരുകയാണ്. ആറുമണിക്കൂർ പിന്നിട്ടിട്ടും തിരുവനന്തപുരം ജില്ല കടക്കാനായിട്ടില്ല. ദേശിയപാതയുടെ ഇരുവശത്തുമായി ആയിരക്കണക്കിന് ജനങ്ങളാണ് പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ തടിച്ചുകൂടിയിരിക്കുന്നത്.

പ്രിയ സഖാവിനൊപ്പമുള്ള നിമിഷങ്ങൾ

വിഎസിനൊപ്പമുളള പഴയകാല ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി വി. ശിവൻകുട്ടി. പ്രിയ സഖാവിനൊപ്പമുള്ള നിമിഷങ്ങൾ എന്നു പറഞ്ഞാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

വിഎസിനൊപ്പം വി. ശിവൻകുട്ടി

“സ്മൃതികളിൽ വിലമതിക്കപ്പെടുന്ന ഈ മുഖങ്ങൾ ചരിത്ര പാതകൾ തിരിച്ചറിയുന്നവർക്കുള്ള പാഠപുസ്തകമാണ്. മൂന്നു ജനഹൃദയങ്ങൾ “

സീതാറാം യെച്ചൂരിക്കും, കോടിയേരി ബാലകൃഷണനും ഒപ്പമുള്ള വിഎസിന്റെ ചിത്രം പങ്കുവച്ച് ബിനീഷ് കോടിയേരി.

യെച്ചൂരി, കോടിയേരി, വിഎസ്

"പെൺപ്രശ്നങ്ങൾ പറഞ്ഞാൽ മനസിലാകുന്ന ആണൊരുത്തൻ, അതാണ് വി.എസ്"

"നീതി തേടി തെരുവിലിറങ്ങുന്ന പെൺപോരാട്ടങ്ങൾക്കൊപ്പം വരുംവരായ്കകൾ നോക്കാതെ നിൽക്കാൻ തയ്യാറുള്ള , പെൺപ്രശ്നങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ആണൊരുത്തൻ - അതാണ് വി.എസ്. അത്രയും വിശ്വാസം മറ്റൊരു രാഷ്ട്രീയനേതാവിനോടും ഇന്നോളം തോന്നിയിട്ടില്ല."

ദീദി ദാമോദരൻ

"അവൾക്കൊപ്പം" വേദിയിൽ വിഎസ്

വിഎസിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകൻ അറസ്റ്റിൽ

വിഎസിനെതിരേ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസീൻ അഹമ്മദ് അറസ്റ്റിൽ. മലപ്പുറം വണ്ടൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത് ഫോൺ പിടിച്ചെടുത്തു. ഡിവൈഎഫ്ഐ വണ്ടൂർ മേഖലാ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.

അനന്തപുരിയുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വിഎസ്; വിടചൊല്ലി ആയിരങ്ങൾ

അനന്തപുരിയുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി വിഎസ് ജന്മനാട്ടിലേക്ക് മടങ്ങുന്നു. പ്രിയ നേതാവിന് വിട നൽകാൻ. പാതയോരങ്ങളിൽ ആയിരങ്ങൾ കാത്തു നിൽക്കുകയാണ്. വിലാപയാത്ര 24 കിലോമീറ്റർ പിന്നിട്ടത് എട്ടുമണിക്കൂറോളം സമയമെടുത്ത്.

വിഎസിനെ യാത്രയാക്കാൻ ജനസാഗരം

വിഎസിനെ യാത്രയാക്കാൻ ഉള്ളുലഞ്ഞ് ജനസഹസ്രം 

വിഎസിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ ആയിരങ്ങൾ. വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് അടുക്കുന്നു. ഏകദേശം ഒമ്പത് മണിക്കൂറുകൾ എടുത്താണ് 35 കിലോമീറ്ററുകൾ പിന്നിട്ട് കല്ലമ്പലത്തേക്ക് എത്തുന്നത്. രാത്രി ഏറെ വൈകുമ്പോഴും ജനക്കൂട്ടം പ്രിയ നേതാവിനെ കാണാൻ പാതയോരങ്ങളിൽ കാത്ത് നിൽക്കുകയാണ്.

വിലാപയാത്ര കൊല്ലം ജില്ലയിൽ......

വിഎസിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. 10 മണിക്കൂറില്‍ പിന്നിട്ടത് 44 കിലോമീറ്റർ. മഴയിലും വിഎസിനെ അവസാനമായി കാണാന്‍ ജനപ്രവാഹം.

വിലാപയാത്ര കൊല്ലം ജില്ലയിൽ

പ്രിയ സഖാവിനായി ഉറങ്ങാതെ കേരളം

വിഎസിന്റെ വിലാപയാത്ര കൊല്ലത്ത്

ജനസഞ്ചയം പറയുന്നു, പ്രപഞ്ചമുള്ള കാലം വരെ വിഎസിന് മരണമില്ല - എം. നൗഷാദ് എംഎല്‍എ

എം. നൗഷാദ് എംഎല്‍എ

"ആറ് മണിക്ക് വന്ന ജനങ്ങളാണ്. മഴയെ അവഗണിച്ചു വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ സ്ത്രീകളും കുട്ടികളും അടക്കം കാത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിലപാടുകള്‍ ജനങ്ങളെ എത്ര സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണിത്, " എം. നൗഷാദ് പറഞ്ഞു.

"നൂറ് രൂപയേയുള്ളോ"; അന്ന് വിഎസ് ആശമാർക്ക് ഓണറേറിയം പ്രഖ്യാപിച്ചു

ജെ മെയ്സിക്കുട്ടിയമ്മ

കേരളത്തെ കേരളം ആക്കുന്നതില്‍ വിഎസ് വഹിച്ച പങ്ക് വലുതാണ്. കർഷക-കയർ-കശുവണ്ടി തൊഴിലാളികളുടെ ജീവിതം മികച്ചതാക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. 2005ലാണ് ആശമാരുടെ രൂപീകരണം വരുന്നത്. അന്ന് ആകെ നൂറ് രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഞാനിത് വിഎസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വിഎസ് ആശമാർക്ക് 500 രൂപ ഓണറേറിയം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി ആശമാർക്ക് ഓണറേറിയം പ്രഖ്യാപിക്കുന്നത് 2006 സർക്കാരാണ് - ജെ. മെഴ്സികുട്ടിയമ്മ പറഞ്ഞു.

ആലപ്പുഴ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

വിലാപയാത്ര

വിഎസിന് കൊല്ലത്തിന്റെ റെഡ് സല്യൂട്ട്

വിലാപയാത്ര ചിന്നക്കടയില്‍

"നിലപാടുകളുടെ നായകന്‍, അതാണ് ഇഷ്ടം"

വിഎസിന്റെ ചിത്രം വരച്ച് കാത്തു നില്‍ക്കുന്ന പെണ്‍കുട്ടി

"രാത്രി 11 മണിക്ക് വരച്ച ചിത്രമാണ്. ഇന്നിത് കൊടുക്കണം. നിലപാടുകളുടെ നായകനാണ് വിഎസ്. ആരുടെ മുന്നിലും നിലപാടുകള്‍ അടിയറവ് വെച്ച് കണ്ടിട്ടില്ല. അതാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നാന്‍ കാരണം " - വിഎസിന്റെ പടവും വരച്ച് ചവറയില്‍ കാത്തു നില്‍ക്കുന്ന പെണ്‍കുട്ടി പറഞ്ഞു.

ഉള്ളുലഞ്ഞ് തൊഴിലാളി സമൂഹം; വിലാപയാത്ര ചവറയില്‍

വിലാപയാത്ര ചവറയില്‍

ജനനായകൻ്റെ വിലാപയാത്ര ഓച്ചിറ പിന്നിട്ടു

ജനനായകനെ ഉറക്കമൊഴിഞ്ഞും യാത്രയയക്കാൻ കാത്തുനിൽക്കുന്ന ജനസഹസ്രങ്ങൾ. പ്രിയ സഖാവ് വിഎസ് അച്യുതാനന്ദൻ്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ കണ്ണുനട്ട് കാത്തിരിക്കുകയാണ് കേരളക്കര മുഴുവൻ. ഇന്നലെ രണ്ടരയോടെ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര രാവിലെ ആറരയോടെ കൊല്ലത്തെ ഓച്ചിറ പിന്നിട്ടിട്ടുണ്ട്. വൈകാതെ വിലാപ യാത്ര ആലപ്പുഴ ജില്ലയിലേക്ക് കടക്കും.

വാരിക്കുന്തം മൂർച്ചകൂട്ടിയ വേലിക്കകത്ത് വീട്ടിലേക്കുള്ള അവാസന യാത്രയിൽ വിഎസ്

"കണ്ണേ കരളേ വിഎസേ"; വിലാപയാത്ര കാണാൻ ഇരമ്പിയാർത്ത് ജനസാഗരം

വിലാപയാത്ര കായംകുളത്തെത്തി

തിരുവനന്തപുരത്ത് നിന്നാരംഭിച്ച് 16 മണിക്കൂർ പിന്നിട്ട വിലാപയാത്ര കൊല്ലം ജില്ലയും താണ്ടി ആലപ്പുഴയിലേക്ക് പ്രവേശിച്ചു. നിലവിൽ കായംകുളത്താണ് വിലാപയാത്ര എത്തിയിരിക്കുന്നത്.

വിലാപയാത്ര കരിയിലകുളങ്ങരയിൽ

വിലാപയാത്ര കരിയിലകുളങ്ങരയിൽ എത്തുമ്പോൾ കനത്ത മഴയാണ് പെയ്യുന്നത്. വഴിനീളെ റോഡിൻ്റെ ഇരുവശത്തുമായി കുട ചൂടി വിഎസിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള കാത്തിരിപ്പിലാണ് ആളുകൾ. കുട്ടികളും വയോധികരും ഉൾപ്പെടെ വിഎസിനെ കാണാൻ കാത്തുനിൽപ്പാണ്.

പുന്നപ്ര വയലാറിന്‍റെ സമരനായകൻ ആലപ്പുഴ ജില്ലയില്‍

ഒരു നേതാവ് എങ്ങനെ ജനങ്ങളോട് ഇടപെടണം എന്നതിന്‍റെ തെളിവാണ് വിഎസ്: ബെന്യാമിൻ

വിലാപയാത്ര നങ്ങ്യാർകുളങ്ങരയിൽ

വൈകാരികമായ യാത്രയയപ്പാണ് ആലപ്പുഴ ജില്ലയിലെ നങ്ങ്യാർകുളങ്ങരയിൽ വിഎസ് അച്യുതാനന്ദന് ലഭിക്കുന്നത്. വിഎസിൻ്റെ വസതിയിലേക്ക് വിലാപയാത്ര എത്താൻ ഇനിയും നാലോ അഞ്ചോ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് സൂചന.

വിലാപയാത്ര ഹരിപ്പാടെത്തി, കാത്തിരുന്ന് രമേശ് ചെന്നിത്തല

വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ചുകൂടിയെത്തി ഹരിപ്പാട് ജനത. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിലാപയാത്ര കാണാനെത്തിയിരുന്നു. മുൻ പ്രതിപക്ഷ നേതാവ് വഴിയരികിൽ കാത്തുനിൽപ്പുണ്ടായിരുന്നു.

എം.വി. ഗോവിന്ദൻ വിഎസിൻ്റെ വസതിയിലെത്തി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലുള്ള വേലിയ്ക്കകത്ത് വീട്ടിലെത്തി. വിഎസ് അച്യുതാനന്ദൻ്റെ വീടാണിത്.

വിലാപയാത്ര ഠാണാപ്പടിയിലെത്തി...

വിലാപയാത്ര തോട്ടപ്പള്ളിയിലെത്തി

വിഎസിന് വഴിനീളെ വൈകാരികമായ യാത്രയയപ്പ് ഒരുക്കുകയാണ് ആലപ്പുഴയിലെ ജനത. വിലാപയാത്ര ഇപ്പോൾ തോട്ടപ്പള്ളിയിലൂടെ സഞ്ചരിക്കുകയാണ്.

"വിഎസിന്‍റെ  അനിയന്‍റെ മകളാണ്, അകത്തേക്ക് വിടുന്നില്ല അച്ഛൻ വരുന്നതിന് മുൻപ് എനിക്ക് കേറണം"

വിലാപയാത്ര പുറക്കാട്

വിലാപയാത്ര പുറക്കാട് എത്തി. അടുത്ത പോയിന്‍റ്  അമ്പലപ്പുഴ ടൗൺ

വിലാപയാത്ര അമ്പലപ്പുഴയിലെത്തി

വിലാപയാത്ര 21ാം മണിക്കൂറിലേക്ക്; പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

വിലാപയാത്ര 21ാം മണിക്കൂറിലേക്ക് കടക്കുന്നു. 21 മണിക്കൂറിൽ പിന്നിട്ടത് 149 കിലോമീറ്റർ. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര ജനപങ്കാളിത്തം വർധിച്ച് വരികയാണ്. പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ പൂർത്തിയായിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകിയെത്തുകയാണ്.

വിലാപയാത്ര വണ്ടാനത്തെത്തി...

സംസ്കാരച്ചടങ്ങിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരും: എം.വി. ഗോവിന്ദൻ

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സംസ്കാരച്ചടങ്ങിൻ്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനത്തിരക്ക് കാരണം വാഹനത്തിന് വേഗത്തിൽ നീങ്ങാൻ പറ്റുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഎസിൻ്റെ വേലിക്കകത്ത് വീടിന് മുന്നിൽ ജനങ്ങളുടെ നീണ്ട നിര

ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീടിന് മുന്നിൽ പൊതുദർശനത്തിന് അവസരം കാത്ത് ജനങ്ങളുടെ നീണ്ട നിര. വി എസിൻ്റെ വരവിനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലാണ് ഇവരുള്ളത്. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ വിഎസ് അച്യുതാനന്ദൻ്റെ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു.

വീട്ടിലെ പൊതുദർശനം ഒരു മണിക്കൂർ...

വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ജനപ്രവാഹം ശക്തമായതോടെ സമയം വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശന സമയവും കുറച്ചിട്ടുണ്ട്. തിരക്ക് വർധിച്ചതിനാൽ ബീച്ചിന് സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിൽ പങ്കാളികളാകണമെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. റിക്രിയേഷൻ ഗ്രൗണ്ടിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്ക് സംസ്കാരത്തിനായി വിഎസിൻ്റെ ഭൗതികദേഹം കൊണ്ടുപോകും.

പുന്നപ്രയിലെ വിഎസിൻ്റെ പൊതുദർശനം; ന്യൂസ് മലയാളത്തിനൊപ്പം ലൈവായി കാണാം

"കണ്ണേ കരളേ വിഎസ്സേ"; അവസാനമായി വീടണഞ്ഞ് വിഎസ്

വിഎസിൻ്റെ ഭൗതിക ദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ എത്തിച്ചേർന്നു. ഇന്നലെ രാത്രിയോടെ എത്തേണ്ടിയിരുന്ന വിലാപയാത്ര ഏറെ വൈകി ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് വീടിന് മുന്നിലെത്തിയത്.

വേലിക്കകത്ത് തറവാട്ടിൽ പൊതുദർശനം തുടരുന്നു, വലിയ തിരക്ക്

വിഎസ് അച്യുതാനന്ദൻ്റെ വേലിക്കകത്ത് തറവാട്ടിൽ പൊതുദർശനം തുടങ്ങി. ഇടതു മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും സിപിഐഎം സംസ്ഥാന നേതൃത്വവും ഇവിടെ സന്നിഹിതരായിരുന്നു.

വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉച്ചത്തിൽ തൊണ്ടപൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം വിളിച്ചാണ് ജനക്കൂട്ടം സമരസഖാവിന് അന്ത്യാഞ്ജലി അർപ്പിക്കുന്നത്.

തത്സമയം കാണാം...

വിഎസിന്റെ പൊതുദർശനത്തിനായി വിപുലമായ സൗകര്യങ്ങൾ

വിഎസിന്റെ പൊതുദർശനത്തിനായി ആലപ്പുഴ ജില്ലയിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വി എസിനെ കാണാൻ പതിനായിരങ്ങളാണ് കേരളത്തിനകത്തും പുറത്തു നിന്നുമായി എത്തിക്കൊണ്ടിരിക്കുന്നത്. അടുത്തതായി സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടക്കും. ഇത് കഴിഞ്ഞാണ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് എത്തിക്കുക.

ആലപ്പുഴയിൽ എത്തുന്നവർക്ക് കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ ആണ് സൗകര്യത്തെ ഒരുക്കിയിട്ടുള്ളത്. റിക്രിയേഷന്‍ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ ആണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടേക്ക് എല്ലാവരും എത്തിച്ചേരണം.

വേലിക്കകത്ത് വീട്ടിൽ നിന്ന് പടിയിറങ്ങി വിഎസ്

വിഎസിൻ്റെ മൃതദേഹം വേലിക്കകത്ത് വീട്ടിൽ നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. പതിനായിരങ്ങളാണ് വിഎസിന് അന്ത്യോപചാരമർപ്പിക്കാൻ വീട്ടിലേക്കെത്തിയത്. വേലിക്കകത്ത് വീട്ടിൽ നിന്ന് പ്രവർത്തകർ തൊണ്ടയിടറി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് വിഎസിന് യാത്രയയപ്പ് നൽകിയത്.

ഇനി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം

വിഎസിൻ്റെ മൃതദേഹം അടുത്തതായി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയക്കും. വിപുലമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ മുറ്റത്തും വഴിയിലുമെല്ലാം വിഎസിനായി കാത്തുവിൽക്കുന്നത് വൻ ജനാവലിയാണ്.

മന്ത്രിമാരും നേതാക്കളും അടക്കം നിരവധി പേരാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിട്ടുണ്ട്.

കനത്ത മഴ പോലും വക വെക്കാതെയാണ് ജനം വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ വഴിയിലും പൊതുദർശനം നടക്കുന്നിടങ്ങളിലേക്കും എത്തിച്ചേരുന്നത്. അടുത്തതായി കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് പൊതുദർശനം നടക്കുക.

വിഎസിൻ്റെ മൃതദേഹം വേലിക്കകത്ത് വീട്ടിൽ നിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്

ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം; പ്രിയ സഖാവിനെ അവസാന നോക്ക് കാണാൻ ജനസഞ്ചയം

വിഎസിൻ്റെ മൃതദേഹം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിച്ചു. വൻ ജനാവലിയാണ് വിഎസിനെ അവസാന നോക്ക് കാണാൻ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയിരിക്കുന്നത്.

മന്ത്രിമാരും നേതാക്കളും അടക്കം നിരവധി പേരാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിട്ടുണ്ട്.

വിഎസിൻ്റെ മൃതദേഹം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ

ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ വിഎസിൻ്റെ പൊതുദർശനം; ലൈവായി കാണാം ന്യൂസ് മലയാളത്തിനൊപ്പം

പൊതുദർശനത്തിനായി റിക്രിയേഷൻ ഗ്രൗണ്ടിൽ വിപുലമായ സൗകര്യങ്ങൾ

ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ വിപുലമായ സൗകര്യങ്ങളാണ് പൊതുദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ ആണ് പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിക്കും.

നിരവധി പേരാണ് വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ റിക്രിയേഷൻ ഗ്രൗണ്ടിൽ കാത്തിരിക്കുന്നത്.

വിഎസിന് ആദരാഞ്ജലികൾ അർപ്പിച്ച് SNDP യൂത്ത് മൂവ്മെൻ്റ്

റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് 

വിഎസിൻ്റെ ഭൗതിക ശരീരം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് കൊണ്ടു പോകുന്നു

ഡിസി ഓഫീസിലെ പൊതുദർശനം അവസാനിച്ചു

ഡിസി ഓഫീസിലെ പൊതുദർശനം അവസാനിച്ചു. വിഎസിൻ്റെ ഭൗതിക ശരീരം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക്. അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലി.

കോരിച്ചൊരിയുന്ന മഴയിലും സമരനായകനെ കാത്ത് ജനസാഗരം

വിഎസിന്റെ ഭൗതിക ശരീരവുമായി വിലാപയാത്ര ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്. കോരിച്ചൊരിയുന്ന മഴയിലും വഴിയോരങ്ങളിൽ പ്രിയസാഖാവിനെ കാണാൻ ജനങ്ങൾ കാത്തുനിൽക്കുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം തന്നെ റിക്രിയേഷൻ ഗ്രൗണ്ടിലെ പന്തലിൽ എത്തിയിച്ചുണ്ട്. അതോടൊപ്പം ഒരു ജനസാഗരം തന്നെ അവിടെ ജനനായകനെ കാത്തു നിൽക്കുകയാണ്.

വിഎസിന്റെ പത്നി വസുമതിയമ്മയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചപ്പോൾ

വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിൽ 

വിഎസിന്റെ ഭൗതിക ശരീരവുമായി വിലാപയാത്ര ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിലെത്തി. അവസാനമായി കാണാൻ ആയിരങ്ങൾ

റിക്രീയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, മന്ത്രിമാര്‍, വിവിധ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ നേതാക്കളെല്ലാം എത്തി.

വിഎസിനെ കണ്ടുതീരാതെ ജനപ്പെയ്ത്ത്

വിപ്ലവ നായകന് കേരളം വിട നൽകുന്നു

റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിലും വന്‍ ജനത്തിരക്ക്

വി എസിന് ഗാർഡ് ഓഫ് ഓണർ നൽകി പൊലീസ്

വിഎസ് എന്ന മഹാസമുദ്രം

വിഎസിൻ്റെ അന്ത്യവിശ്രമം ഇവിടെ  

 റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദർശനം അവസാനിച്ചു 

വിഎസിൻ്റെ ഭൗതികശരീരം വലിയ ചുടുകാട്ടിലേക്ക്

ജനനായകൻ മടങ്ങുന്നു 

വിഎസ് 

ഭൗതിക ശരീരം വലിയ ചുടുകാട്ടിലെത്തിച്ചു

വിഎസ് ഇനി ഇവിടെ വിശ്രമിക്കും

ഔദ്യോഗിക ബഹുമതികളോടെ കേരളത്തിന്റെ വിഎസിന് മടക്കം

സംസ്കാര ചടങ്ങുകൾ പൂർത്തിയായി. മകൻ അരുൺ കുമാർ ചിതയ്ക്ക് തീകൊളുത്തി

തിരുവനന്തപുരത്തു നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിച്ച വിലാപയാത്ര പുന്നപ്രയിലെത്തിയപ്പോള്‍ 24 മണിക്കൂര്‍ പിന്നിട്ടു. പുന്നപ്രയിലെ വിഎസിന്റെ വേലിക്കകത്ത് വീട്ടിലും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം നിശ്ചയിച്ച സമയവും കഴിഞ്ഞ് നീണ്ടു. ഒടുവില്‍ വൈകിട്ട് 5.12 ഓടെയാണ് ഡിസി ഓഫീസിലെ പൊതുദര്‍ശനം അവസാനിച്ചത്.

ജനസമുദ്രത്തിനൊപ്പം ആലപ്പുഴ ബീച്ച് റിക്രീയേഷന്‍ ഗ്രൗണ്ടില്‍ എത്തുമ്പോള്‍ സമയം വൈകിട്ട് 6.08. റിക്രിയേഷന്‍ ഗ്രൗണ്ടിലും പ്രിയ സഖാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങളും പതിനായിരങ്ങളും എത്തി. ഒടുവില്‍ വലിയചുടുകാട്ടില്‍ കേരളത്തിന്റെ മഹാപുരുഷന്‍ അന്ത്യവിശ്രമത്തിലേക്ക്.

റെഡ് സല്യൂട്ട് 

വിഎസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ച മഹാന്മാരില്‍ ഒരാള്‍ -പിണറായി വിജയന്‍

SCROLL FOR NEXT