FOOTBALL

ഭീഷണിപ്പെടുത്തി ഫുട്ബോൾ കളിപ്പിക്കുന്ന കായിക മന്ത്രാലയം; നിറം മങ്ങുന്ന ഐഎസ്എൽ 12ാം സീസൺ | EXPLAINER

ക്ലബ്ബുകളെ തരം താഴ്ത്തുമെന്ന് കായിക മന്ത്രാലയം ഭീഷണിപ്പെടുത്തിയെങ്കിലും അതിനുള്ള നിയമപരമായ അധികാരം എഐഎഫ്എഫിന് ഇല്ല എന്നതാണ് വസ്തുത.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 12ാം സീസണിൽ നിന്ന് വിട്ടുനിൽക്കാൻ നാല് ക്ലബ്ബുകൾ ശ്രമിച്ചെന്നും എന്നാൽ കായികമന്ത്രാലയം ഭീഷണിപ്പെടുത്തി നിർബന്ധിച്ച് പങ്കെടുപ്പിക്കുകയായിരുന്നു എന്നും റിപ്പോർട്ട്. ചൊവ്വാഴ്ച എഐഎഫ്എഫും സൂപ്പർ ലീഗ് ടീമുകളും തമ്മിൽ നടന്ന ചർച്ചയ്ക്കിടെയാണ് ഈ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ, ചെന്നൈയിൻ എഫ്‌സി ഉൾപ്പെടെയുള്ള നാല് ടീമുകൾ ഈ സീസണിൽ നിന്ന് വിട്ടു നിൽക്കുമെന്ന നിലപാടാണ് അറിയിച്ചത്.

അതേസമയം, ഈ സീസണിൽ കളിച്ചില്ലെങ്കിൽ പങ്കെടുക്കാത്ത ക്ലബ്ബുകളെ തരംതാഴ്ത്തുമെന്ന് കായികമന്ത്രാലയം ഭീഷണിപ്പെടുത്തുകയും അടുത്ത 30 മിനിറ്റിനകം ഉടമകളെ കൊണ്ട് സമ്മതിപ്പിച്ച് വിവരമറിയിക്കണമെന്നും സ്വരം കടുപ്പിച്ചു. ഇതിന് പിന്നാലെയാണ് 14 ക്ലബ്ബുകളും ഐഎസ്എല്ലിൽ കളിക്കാമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) സമ്മതമറിയിച്ചത്. തരം താഴ്ത്തുമെന്ന് കായികമന്ത്രാലയം ഭീഷണിപ്പെടുത്തിയെങ്കിലും അതിനുള്ള നിയമപരമായ അധികാരം എഐഎഫ്എഫിന് ഇല്ല എന്നതാണ് യാഥാർത്ഥ്യം.

എന്നാല്‍, വരുമാനം പങ്കുവയ്ക്കല്‍, സംപ്രേഷണം, വാണിജ്യ പങ്കാളിത്തം എന്നീ കാര്യങ്ങളിലൊന്നും ധാരണയിലെത്താതെ ഫെഡറേഷന്‍ അവതരിപ്പിച്ച പദ്ധതി അംഗീകരിക്കേണ്ടി വരുന്നത് ക്ലബ്ബുകളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അഞ്ച് മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഐഎസ്എൽ പുനരാരംഭിക്കാൻ ഇന്നലെ കേന്ദ്ര കായികമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായത്. ഫെബ്രുവരി 14നാണ് ഐഎസ്എല്ലിന്‍റെ 12ാം സീസൺ തുടങ്ങുന്നത്.

ഐഎസ്എൽ ക്ലബ്ബുകളുടെ ഭരണഘടനാ തടസ്സങ്ങളെക്കുറിച്ചുള്ള വിധിന്യായങ്ങളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. 2025-26 സീസൺ ഐഎസ്എല്ലിന് ഇതുവരെ ഒരു വാണിജ്യ പങ്കാളിയില്ല. കുറഞ്ഞത് ആറ് ഹോം മത്സരങ്ങൾക്കെങ്കിലും വേദികൾ തയ്യാറാക്കാൻ ക്ലബ്ബുകൾക്ക് സമയം ആവശ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ ജനുവരി 3ന് എഐഎഫ്എഫ്-ഐഎസ്എൽ ഏകോപന സമിതി സമർപ്പിച്ച ശുപാർശകൾ പ്രകാരം, ക്ലബ്ബുകളുമായി കൂടിയാലോചിച്ച് ഹ്രസ്വകാല മത്സര ഫോർമാറ്റ് എഐഎഫ്എഫ് അന്തിമമാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.

ഇക്കുറി ഐഎസ്എൽ സ്വിസ് ഫോർമാറ്റിൽ

ചൊവ്വാഴ്ചത്തെ ചർച്ചയിൽ രണ്ട് ഫോർമാറ്റുകളിൽ ലീഗ് സംഘടിപ്പിക്കാമെന്ന ഓപ്ഷനാണ് എഐഎഫ്എഫ് ക്ലബ്ബുകൾക്ക് മുന്നിൽ വച്ചത്. കേന്ദ്രീകൃത ഫോർമാറ്റുകളിലായി രണ്ട് കോൺഫറൻസ് ലീഗുകൾ നടത്താമെന്നും, അല്ലെങ്കിൽ ഓരോ ടീമും പരസ്പരം ഒരു തവണ മാത്രം കളിക്കുന്ന സ്വിസ് ഫോർമാറ്റ് ലീഗ് സംഘടിപ്പിക്കാമെന്നും ആയിരുന്നു ഈ നിർദേശങ്ങൾ.

ഗോവ, കേരളം, കൊൽക്കത്ത എന്നീ കേന്ദ്രീകൃത വേദികളിൽ മാത്രം ടൂർണമെൻ്റ് സംഘടിപ്പിക്കുമ്പോൾ ഹോം ടീമുകൾക്ക് കൂടുതൽ വാണിജ്യ നേട്ടങ്ങൾ ലഭിക്കും എന്നതിനാൽ ക്ലബ്ബുകൾ രണ്ടാമത്തേത് തിരഞ്ഞെടുത്തു. ടൂർണമെൻ്റ് സ്വിസ് ഫോർമാറ്റിൽ നടത്താമെന്ന് എഐഎഫ്എഫുമായി ധാരണയായി.

വരുന്ന സീസണിൽ ആകെ 91 മത്സരങ്ങൾ ഉണ്ടാകും. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി തുടങ്ങിയ 14 പ്രമുഖ ടീമുകൾ സജീവമായി മത്സരിക്കും. ഈ ഫോർമാറ്റ് പ്രകാരം ഓരോ ടീമും ഈ സീസണിൽ 13 വീതം മത്സരങ്ങൾ കളിക്കും. അതിൽ പകുതിയും (ആറ് അല്ലെങ്കിൽ ഏഴ് മത്സരങ്ങൾ) ഹോം ഗ്രൗണ്ടിലായിരിക്കും കളിക്കുക. മറ്റു മത്സരങ്ങൾ എവേ രീതിയിലായിരിക്കും.

ഐഎസ്എല്ലിൻ്റെ സാമ്പത്തിക ഇടപാടുകൾ എന്താണ്?

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എഐഎഫ്എഫ് നൽകിയ ദീർഘകാല നിർദേശത്തിൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് വരുമാനത്തിൻ്റെ 50 ശതമാനം വിഹിതവും, വാണിജ്യ പങ്കാളിക്ക് 30 ശതമാനവും, എഐഎഫ്എഫിന് 10 ശതമാനവും, ബാക്കി 10 ശതമാനം ലെഗസി ക്ലബ്ബുകൾക്കും ലീഗിലെ തങ്ങളുടെ ഓഹരികളിൽ കൂടുതൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ആയിരിക്കും.

2025–26 സീസണിനായി 24.26 കോടി രൂപയാണ് എഐഎഫ്എഫ് കണക്കാക്കുന്ന ബജറ്റ്. ലീഗ് നടത്തിപ്പിനായി 25 കോടി രൂപയുടെ പ്രത്യേക ഫണ്ടും എഐഎഫ്എഫ് വകയിരുത്തി. ഇതിൽ 10 ശതമാനം തുക എഐഎഫ്എഫ് നൽകും. ക്ലബ്ബുകൾക്ക് അവരുടെ ഫ്രാഞ്ചൈസി ഫീസായ ഒരു കോടി രൂപ അടയ്ക്കാൻ ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ വാടക ഉൾപ്പെടെ സീസണിലെ ചെലവുകൾ പരമാവധി കുറയ്ക്കാൻ ഫെഡറേഷൻ എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ഐഎസ്എല്ലിൻ്റെ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ 10 കോടി രൂപയാണ് ചെലവഴിക്കുക. ഇതിന് പുറമെ പങ്കെടുക്കുന്ന ഓരോ ക്ലബ്ബുകളും ഫ്രാഞ്ചൈസി ഫീസായി ഒരു കോടി രൂപ വീതം ഫെഡറേഷന് നല്‍കണം. ഈ തുകയും ചേര്‍ത്ത് 24 കോടി രൂപയാകും ലീഗിന്‍റെ ആകെ നടത്തിപ്പിനായി ഫെഡറേഷന്‍ ചെലവഴിക്കുക. ഫെഡറേഷന്‍ ചെലവഴിക്കുന്ന 10 കോടി രൂപയില്‍ ഭൂരിഭാഗവും സ്പോണ്‍സര്‍മാരില്‍ നിന്ന് കണ്ടെത്താനാണ് നീക്കം.

ഇതോടെ സാമ്പത്തിക ബാധ്യത ഗണ്യമായി കുറയുമെന്നാണ് എഐഎഫ്എഫിൻ്റെ പ്രതീക്ഷ. ഐഎസ്എല്ലിനൊപ്പം തന്നെ 55 മത്സരങ്ങളുളള ഐ ലീഗും നടക്കും. 11 ക്ലബുകളാണ് ഐ ലീഗിൽ ഉണ്ടാവുക. ഐ ലീഗിനായി ഫെഡറേഷന്‍ 3. 20 കോടി രൂപയാണ് ചെലവഴിക്കുക.

ദീർഘകാല പദ്ധതിയുമായി എഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ അടുത്ത 20 വർഷത്തെ ഭാവി ലക്ഷ്യമിട്ടാണ് എഐഎഫ്എഫ് പദ്ധതി തയ്യാറാക്കുന്നത്. കടന്നുപോകുന്ന പ്രതിസന്ധികളില്‍ നിന്നുള്ള തിരിച്ചുവരവ്, നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കല്‍, കൂടുതല്‍ രാജ്യാന്തര താരങ്ങളെ എത്തിക്കുക എന്നിങ്ങനെ ഫെഡറേഷന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ഐഎസ്എല്ലിൻ്റെ ദീര്‍ഘകാല കൊമേഷ്യല്‍ പാർട്ണർ ആകാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഫെബ്രുവരി 20 വരെയാണ്. അതോടൊപ്പം 2026-27 സീസണിൻ്റെ സുഗമമായ നടത്തിപ്പിനായി സീസണുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഈ വർഷം മെയ് 25 ഓടെ പൂർത്തിയാക്കാനും എഐഎഫ്എഫ് തീരുമാനിച്ചിട്ടുണ്ട്.

ഐഎസ്എൽ നേരിടുന്ന വെല്ലുവിളി

2026 സീസണിനായി സ്പോൺസർമാരെ ലഭിക്കുമോയെന്ന ആശങ്ക ഇപ്പോഴുമുണ്ട്. നിലവിലെ പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി വിദേശ താരങ്ങൾ ക്ലബുകള്‍ വിട്ട് പോയതും, പരിശീലനം അടക്കം മുടങ്ങിയതും ഐഎസ്എൽ നടത്തിപ്പിന് വെല്ലുവിളിയാണ്. കായിക മന്ത്രാലയം ഇടപെട്ട് ഐഎസ്എല്‍ പ്രതിസന്ധി പരിഹരിച്ചാലും, നിലവിലെ കാലതാമസം സൃഷ്ടിച്ച മോശം ഇമേജ് മറികടക്കാന്‍ എത്ര കാലമെടുക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഒരിക്കല്‍ പ്രതിസന്ധിയിലായ ടൂര്‍ണമെൻ്റില്‍ പങ്കെടുക്കാന്‍ മികച്ച വിദേശ താരങ്ങള്‍ ഇനി എത്തുമോയെന്നതും സംശയമാണ്.

ലോണിൽ വിദേശ ലീഗുകളിൽ കളിക്കാൻ പോയ സൂപ്പർ താരങ്ങൾ അടുത്ത സീസണുകളിൽ തിരിച്ചെത്തുമോ എന്നതിലും ആശയക്കുഴപ്പം തുടരുന്നുണ്ട്. ക്ലബുകള്‍ക്ക് ഇതുവരെയുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍, താരങ്ങളുടെ നഷ്ടപ്പെട്ട വിലപ്പെട്ട സമയം, അവസരങ്ങൾ എന്നിവയ്ക്ക് ആര് മറുപടി നൽകുമെന്നതിലും വ്യക്തതയില്ല.എങ്കിലും ഇന്ത്യൻ ഫുട്ബോളിലെ ലീഗ് വൺ ഫോർമാറ്റിൽ അനിശ്ചിതത്വത്തിൻ്റെ കാര്‍മേഘം ഒഴിഞ്ഞ് കളിക്കളങ്ങള്‍ വീണ്ടും സജീവമാകുന്നത് താരങ്ങൾക്ക് പ്രതീക്ഷ പകരുന്നുണ്ട്.

SCROLL FOR NEXT